ലണ്ടൻ: വിദേശ സര്‍ക്കാരുകൾ ബ്രിട്ടീഷ് പത്രങ്ങളും മാസികകളും ഏറ്റെടുക്കുന്നത് വിലക്കാനൊരുങ്ങി യുകെ ഭരണകൂടം. ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് വിദേശ സര്‍ക്കാരുകളുടെ ഉടമസ്ഥാവകാശം നിരോധിക്കുന്ന നിയമനിർമ്മാണത്തെ പിന്തുണയ്ക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു. യുഎഇ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദി ഡെയ്‌ലി ടെലഗ്രാഫ് പത്രം ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് നീക്കം.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിരന്തരം സമ്മർദ്ദമുണ്ടായതോടെ വിദേശ ഉടമസ്ഥാവകാശം തടയാനുള്ള ഒരു നിയമ ഭേദഗതി പ്രഭു സഭയിൽ വയ്ക്കാമെന്ന് സർക്കാർ സമ്മതിക്കുകയായിരുന്നു. ഇതിനായി നിലവിൽ പാർലമെൻ്റിന്‍റെ പരിഗണനയിലുള്ള ഡിജിറ്റൽ മാർക്കറ്റ്, കോമ്പറ്റീഷൻ, കൺസ്യൂമർ ബില്ലിൽ സർക്കാർ ഭേദഗതി കൊണ്ടുവരുമെന്ന് മാധ്യമങ്ങളുടെ ചുമതലയുള്ള മന്ത്രി സ്‌റ്റീഫൻ പാർക്കിൻസൺ പറഞ്ഞു.
സഭയില്‍ അനായാസം പാസാകുമെന്ന് പ്രതീക്ഷിക്കുന്ന ബിൽ ബ്രിട്ടീഷ് പ്രസിദ്ധീകരണങ്ങളെ വിദേശ സർക്കാരുകൾ ഏറ്റെടുക്കുന്നത് തടയും. എന്നാല്‍ വിദേശ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമങ്ങള്‍ സ്വന്തമാക്കുന്നതില്‍ തടസ്സമുണ്ടാകില്ല.
യുഎസ് സാമ്പത്തിക സ്ഥാപനമായ റെഡ്ബേർഡ് ക്യാപിറ്റൽ പാർട്ണേഴ്‌സിൻ്റെയും അബുദാബിയിലെ രാജകുടുംബാംഗം ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യൻ്റെയും പിന്തുണയുള്ള റെഡ്ബേർഡ് ഐഎംഐ എന്ന കൺസോര്‍ഷ്യമാണ് വലത് ചായ്‌വുള്ള മാധ്യമമായ ദി ഡെയ്‌ലി ടെലഗ്രാഫ് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍. ഈ ഇടപാട് നടന്നാൽ ടെലിഗ്രാഫ് മീഡിയ ഗ്രൂപ്പിന്‍റെ ഭാഗമായ ദി ഡെയ്‌ലി ടെലഗ്രാഫ്, ദി സൺഡേ ടെലഗ്രാഫ്, സ്‌പെക്ടേറ്റർ മാഗസിൻ എന്നിവ അവരുടെ കീഴിലാകും.
Also Read: ബിബിസി ചെയർമാനായി ഇന്ത്യൻ വംശജൻ ഡോ സമിർ ഷാ
ഏറ്റെടുക്കല്‍ പത്രസ്വാതന്ത്ര്യത്തെ ബാധിക്കാനിടയുണ്ടെന്ന ആശങ്ക ഉയര്‍ന്നതിനാല്‍ സാംസ്‌കാരിക സെക്രട്ടറി ലൂസി ഫ്രേസർ ഇതേപ്പറ്റി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം നിരോധനം ഏർപ്പെടുത്താനുള്ള സർക്കാര്‍ തീരുമാനത്തെ സ്‌പെക്ടേറ്റർ മാഗസിൻ എഡിറ്റർ ഫ്രേസർ നെൽസൺ സ്വാഗതം ചെയ്‌തു. ബ്രിട്ടീഷ് സർക്കാരുകളായാലും, യൂറോപ്യൻ സർക്കാരുകളായാലും, അറബ് സർക്കാരുകളായാലും, സർക്കാരുകൾ പത്രങ്ങൾ സ്വന്തമാക്കാൻ തുടങ്ങിയാൽ, അത് മാധ്യമസ്വാതന്ത്ര്യത്തിന്‍റെ മാരകമായ വിട്ടുവീഴ്‌ചയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.