ഇസ്‌ലാമാബാദ് : പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാകിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ 10 സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം 12 പേര്‍ മരിച്ചു. 36 പേര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്‍റെ പ്രത്യാക്രമണങ്ങളില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടു. കെപി, ബലൂചിസ്ഥാന്‍, ദേര ഇസ്‌മായില്‍ ഖാന്‍ ജില്ല തുടങ്ങി 51 ഇടങ്ങളിലാണ് ഭീകരാക്രമണമുണ്ടായത് (Terrorist Attack In Pakistan).
'രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അവയെല്ലാം തടസപ്പെടുത്തും വിധമാണ് ബലൂചിസ്ഥാനിലും കെപിയിലും (ഖൈബര്‍ പഖ്‌തൂണ്‍ഖ്വ) ഭീകരാക്രമണമുണ്ടായതെന്ന്' സൈന്യത്തിന്‍റെ മീഡിയ വിഭാഗമായ ഇന്‍റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്‌പിആര്‍) റിപ്പോര്‍ട്ട് ചെയ്‌തു. 'സംഭവത്തിന് പിന്നാലെ സൈന്യം കൂടുതല്‍ സുരക്ഷയൊരുക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ക്രമസമാധാനം നിലനിര്‍ത്തുവാനും ശ്രമിച്ചുവെന്നും' ഐഎസ്‌പിആര്‍ പറഞ്ഞു. ഭീകരാക്രമണം നടന്നതിന് പിന്നാലെ സൈന്യം തിരിച്ചടിച്ചതോടെ അഞ്ച് ഭീകരരും കൊല്ലപ്പെട്ടുവെന്നും ഐഎസ്‌പിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു (Inter-Services Public Relations -ISPR).
ദേര ഇസ്‌മായില്‍ ഖാന്‍ ആക്രമണം: ഇന്നലെ (ഫെബ്രുവരി 8) തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ദേര ഇസ്‌മായില്‍ ഖാന്‍ ജില്ലയില്‍ പൊലീസ് വാഹനത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഐഇഡി ആക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അരമണിക്കൂര്‍ നേരം ഭീകരര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു (Election Commission of Pakistan).
പോളിങ് ബൂത്തിലേക്കുള്ള കടന്നുകയറ്റം: അതേസമയം ദേര ഇസ്‌മായില്‍ ഖാന്‍ ജില്ലയിലെ സ്‌ത്രീകളുടെ പോളിങ് ബൂത്തിലേക്ക് ഏതാനും പുരുഷന്മാര്‍ അതിക്രമിച്ച കയറിയതായും വാര്‍ത്തകളുണ്ട്. ബൂത്തിലെത്തിയവരുടെ വീഡിയോകളും ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ രാജ്യത്ത് മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത് കൊണ്ട് സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി, അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇടയിലാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് (Attacks In Pak Polling Booth).
എങ്ങും കനത്ത സുരക്ഷ: പാകിസ്ഥാനിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തുടനീളമുള്ള പോളിങ് സ്റ്റേഷനുകളിലായി 137,000 സൈനികരെയും സിവിൽ സായുധ സേന അംഗങ്ങളെയും വിന്യസിച്ചിരുന്നു. കൂടാതെ പെട്ടെന്നുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനായി 7800 ക്യുആര്‍എഫ് (Quick Response Force Team) അംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും താത്‌കാലികമായി നിര്‍ത്തിവച്ചു.