കാബൂൾ: താലിബാൻ ഭരണത്തിനുകീഴിൽ അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകൾ നേരിടുന്നത് കടുത്ത നിയന്ത്രണങ്ങൾ. പൊതു ഇടങ്ങളിൽ സ്‌ത്രീകൾ മുഖം പ്രദർശിപ്പിക്കുന്നതും ശബ്‌ദമുയർത്തുന്നതും അടക്കം നിരോധിക്കുന്ന ദുരാചാര-സദാചാര നിയമം നടപ്പാക്കിയതോടെ അവരുടെ ജീവിതം കൂടുതൽ ദുസ്സഹമായതായാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദുരാചാരം തടയാനും സദാചാരം പ്രചരിപ്പിക്കാനും രൂപം കൊടുത്ത മന്ത്രാലയം ബുധനാഴ്‌ചയാണ് ഇതുസംബന്ധിച്ച നിയമം നടപ്പാക്കിയത്. നിത്യജീവിതത്തിന്‍റെ ഭാഗമായ പല കാര്യങ്ങളിലും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതാണ് പുതിയ നിയമങ്ങൾ. പുതിയ ഇസ്‌ലാമിക നിയമങ്ങൾ സദാചാരം പ്രോത്സാഹിപ്പിക്കാനും ദുരാചാരം ഇല്ലാതാക്കാനും വളരെയധികം സഹായിക്കുമെന്ന് മന്ത്രാലയ വക്താവ് മൗലവി അബ്‌ദുൾ ഗഫാർ ഫാറൂഖ് പറഞ്ഞു,
പ്രലോഭനം വേണ്ട: നിയമത്തിന്‍റെ പതിമൂന്നാം അനുച്‌ഛേദം സ്‌ത്രീകൾ എങ്ങനെ വസ്‌ത്രം ധരിക്കണമെന്നും എങ്ങനെ പൊതുസ്ഥലത്ത് പെരുമാറണമെന്നും പ്രതിപാദിക്കുന്നു. പ്രലോഭനങ്ങൾ തടയാൻ സ്‌ത്രീകൾ ഇപ്പോൾ പൊതുസ്ഥലത്ത് അവരുടെ മുഖം ഉൾപ്പെടെ മുഴുവൻ ശരീരവും മറയ്ക്കണമെന്നാണ് പുതിയ നിയമം. മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്നത് ഒഴിവാക്കാൻ മുടിയും കഴുത്തും മാത്രം മറയ്ക്കുന്ന സാധാരണ ഹിജാബ് ഇനി അനുവദിക്കില്ലെന്ന് ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സ്‌ത്രീകൾ പൊതു ഇടങ്ങളിൽ ശബ്‌ദമുയർത്തുന്നതിനും വിലക്കുണ്ട്. അവർ പൊതുസ്ഥലത്ത് പാടുന്നതും, പദ്യം ചൊല്ലുന്നതും. ഉച്ചത്തില്‍ വായിക്കുന്നതും വിലക്കിയിട്ടുണ്ട്. സ്‌ത്രീകളുടെ ശബ്‌ദം അവരുടെ ഉറ്റവർക്ക് മാത്രം കേൾക്കാനായി നിയന്ത്രിച്ചിരിക്കുന്നു. അത് പുറത്തുകേൾക്കാൻ പാടില്ല എന്നാണ് നിയമം. അതേസമയം സ്‌ത്രീകളുടെ സംസാരത്തിന് വിലക്കുണ്ടോ എന്നത് വ്യക്‌തമല്ല.
നോക്കിയാൽ കുറ്റം: രക്തബന്ധം, വിവാഹം വഴിയുണ്ടായ ബന്ധം എന്നിവ ഇല്ലാത്ത പുരുഷന്മാരെ കാണാൻ സ്‌ത്രീകൾക്ക് അനുവാദമില്ല. ബന്ധമില്ലാത്ത പുരുഷന്മാരെ നോക്കുന്നത് പോലും കുറ്റകരമാണെന്നാണ് റിപ്പോർട്ട്. സ്‌ത്രീകൾ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത്, ബന്ധമില്ലാത്ത സ്‌ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടപഴകുന്നത് എന്നിവയെല്ലാം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്നതിന് ശിക്ഷയായി മുന്നറിയിപ്പ്, സ്വത്ത് കണ്ടുകെട്ടൽ, മൂന്നു ദിവസം വരെ തടവ് എന്നിങ്ങനെയുള്ള ശികളാണ് നല്‍കുക.
ഈ നിയമങ്ങൾ പലതും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നതാണ്. എന്നാല്‍ ഇവയ്ക്ക് ഔപചാരികമായ അംഗീകാരമുണ്ടായിരുന്നില്ല. നേരത്തെ സദാചാര ലംഘനങ്ങളുടെ പേരിൽ ആയിരക്കണക്കിന് ആളുകളെ തടവിലാക്കിയ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി അഫ്‌ഗാനിൽ കണ്ടുവരുന്ന അടിച്ചമർത്തലുകൾ വർധിക്കുന്നതിന് സൂചനയാണ് ഈ നിയമങ്ങൾ എന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ വനിതാ വിഭാഗത്തിൻ്റെ അസോസിയേറ്റ് ഡയറക്‌ടർ ഹീതർ ബാർ അഭിപ്രായപ്പെട്ടു. 'ഈ നിയമങ്ങൾ പലതും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നുവെങ്കിലും ഔപചാരികമായിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ അവ ഔപചാരികമായി നടപ്പിലാക്കുന്നു. ഇത് കഴിഞ്ഞ മൂന്ന് വർഷമായ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന അടിച്ചമർത്തലുകളുടെ ക്രമാനുഗതവുമായ വർദ്ധനവിന്‍റെ സൂചനയാണെന്ന് ഞാൻ കരുതുന്നു.' ഹീതർ ബാർ പറഞ്ഞു.
അധികാരം പിടിച്ചശേഷം താലിബാൻ സ്‌ത്രീകൾക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് പുതിയ സദാചാര നിയമങ്ങൾ. 2022-ൽ പെൺകുട്ടികൾ ആറാം ക്ലാസിനപ്പുറം വിദ്യാഭ്യാസം നേടുന്നത് താലിബാന്‍ വിലക്കിയിരുന്നു. എന്നാല്‍ മുമ്പ് ഹൈസ്‌കൂളുകളിലും സർവകലാശാലകളിലും സ്‌ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നു. നിയന്ത്രണം വന്നതോടെ ആറാം ക്ലാസിന് മുകളിൽ പഠിച്ചിരുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു.
വീട് തങ്ങൾക്ക് ഒരു തടവറ പോലെയാണെന്ന് ഇത്തരത്തിൽ ബിരുദം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ഒരു വിദ്യാർഥിനി ഗ്ലോബൽ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. പഠനം പൂർത്തിയാകാൻ ഒരു വര്ഷം മാത്രം ബാക്കിനിൽക്കേയാണ് പുതിയ നിയന്ത്രണം വന്നതും അവൾക്ക് പഠനം നിർത്തേണ്ടിവന്നതും. 'വീട് ഞങ്ങൾക്ക് ജയിൽ പോലെയാണ്, ഞങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ വിവേചനമില്ലാതെ നിയമവിധേയമാക്കുന്നത് വരെ ഞങ്ങൾ പോരാടും.' എന്നാണ് പെൺകുട്ടി അന്ന് പറഞ്ഞത്.
2022 ൽ, സർക്കാരിതര സംഘടനകളിൽ (എൻജിഒ) ജോലി ചെയ്യുന്നതിൽ നിന്ന് താലിബാൻ സ്‌ത്രീകളെ വിലക്കിയിരുന്നു. എൻജിഒയിലെ ജോലി നഷ്‌ടപ്പെട്ടതിനെ തുടർന്ന് തൻ്റെ കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായി ഗ്ലോബൽ ന്യൂസിനോട് സംസാരിച്ച മറ്റൊരു സ്‌ത്രീ പറഞ്ഞിരുന്നു. 'ഇത് എൻ്റെ കുടുംബത്തിൻ്റെ ഉപജീവനമാര്‍ഗമായിരുന്നു. എൻ്റെ കുടുംബത്തിൽ ഞങ്ങൾ നാല് പേർ മാത്രമാണ്, ഞാനും സഹോദരിയും മാതാപിതാക്കളും. എൻ്റെ പിതാവ് ഇപ്പോൾ അസുഖബാധിതനാണ്. ഇപ്പോൾ ഒരുനേരത്തെ അത്താഴത്തിനായി ഞങ്ങളുടെ അടുക്കളയിൽ ഒന്നുമില്ല.' അവൾ പറഞ്ഞു.
താടി നിര്‍ബന്ധം: ബുധനാഴ്‌ച പാസാക്കിയ നിയമങ്ങൾ പുരുഷന്മാർക്കുമേലും നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. അവർ പാട്ടുപാടുന്നതും പുരുഷന്മാരെ താടി വടിക്കുന്നത്തും നിയമം വിലക്കുന്നു. പുരുഷന്മാർ പ്രാർത്ഥനയും മതപരമായ നോമ്പുകളും കർശനമായി പാലിക്കണമെന്നും നിയമം നിഷ്‌കർഷിക്കുന്നു. പുരുഷ രക്ഷിതാവില്ലാതെ ഡ്രൈവർമാർ സ്‌ത്രീകളെ വാഹനത്തിൽ കയറ്റാൻ പാടില്ലെന്നും, യാത്രക്കാരും ഡ്രൈവർമാരും നിശ്ചിത സമയങ്ങളിൽ പ്രാർത്ഥിച്ചിരിക്കണമെന്നും പുതിയ നിയമങ്ങൾ അനുശാസിക്കുന്നു.
മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം: അഫ്‌ഗാൻ മാധ്യമങ്ങൾ ഇപ്പോൾ ശരിയ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. വിഗ്രഹാരാധനയ്‌ക്കെതിരായ ഇസ്‌ലാമിക നിരോധനത്തിന് അനുസൃതമായി ജീവജാലങ്ങളുടെൻ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിരിക്കുന്നു.