ദേർ അൽ-ബലാഹ് (ഗാസ): മധ്യ ഗാസയിലെ മസ്‌ജിദിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. അൽ - അഖ്‌സ ആശുപത്രിക്ക് സമീപമുളള മസ്‌ജിദിലാണ് ആക്രമണമുണ്ടായത്. മരിച്ചവരെല്ലാം പുരുഷന്മാരാണെന്ന് സ്ഥിരീകരിച്ചു.
ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. അടുത്തിടെയുണ്ടായ ആക്രമണങ്ങൾ കാരണം പലസ്‌തീനിൽ മരണസംഖ്യ ഉയരുകയാണ്. മരണസംഖ്യ 42,000 ത്തോട് അടുത്തുവെന്ന് പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ അധികവും സ്‌ത്രീകളും കുട്ടികളുമാണ്.
ഇന്നലെ (ഒക്‌ടോബർ 05) ഇസ്രയേൽ ലെബനനിൽ ബോംബെറിഞ്ഞതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ വീണ്ടും ആക്രമണം നടന്നത്. പലസ്‌തീനിയൻ അഭയാർഥികൾ ഉൾപ്പെടെ ലെബനനിലെ ആയിരക്കണക്കിന് ആളുകൾ സംഘർഷം തുടരുന്നതിനാൽ തന്നെ പലായനം ചെയ്യുന്നത് തുടരുകയാണ്.
ദഹിയയിൽ നിന്ന് പ്രദേശവാസികൾ ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്‌ച അർദ്ധരാത്രിയോടെ ആരംഭിച്ച സ്‌ഫോടനങ്ങൾ ഇന്ന് വരെ തുടർന്നിരുന്നു. ബെയ്‌റൂട്ടിന് സമീപമുളള സ്ഥലങ്ങളാണ് ആക്രമണത്തിന് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. മുപ്പതോളം പ്രൊജക്‌ടൈലുകൾ ലെബനനിൽ നിന്ന് ഇസ്രയേലിൻ്റെ പ്രദേശത്തേക്ക് കടന്നെന്നും ചിലത് തടഞ്ഞുവെന്നും ഇസ്രയേൽ സൈന്യം കൂട്ടിച്ചേർത്തു.
Also Read: ലെബനനില്‍ കടുപ്പിച്ച് ഇസ്രയേല്‍: മുതിർന്ന ഹമാസ് നേതാവിനെ വധിച്ചു, ഭൂഗർഭകേന്ദ്രങ്ങള്‍ തകര്‍ത്തു