കീവ്: ലോകത്തെ പിടിച്ചുലച്ച റഷ്യ- യുക്രെയ്‌ന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക്. യുക്രെയ്‌ന്‍റെ ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ലക്ഷ്യമിട്ട് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിലും റഷ്യയുടെ 13 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി യുക്രെയ്‌ന്‍ അവകാശ വാദമുയര്‍ത്തുന്നു. അതേസമയം യുക്രെയ്‌നിലെ ചില പ്രതിരോധ സ്ഥാനങ്ങളെ കീഴടക്കാനുള്ള തന്ത്രപ്രധാന നീക്കത്തിലാണ് റഷ്യയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിനായി സൈനിക സഖ്യങ്ങളെയും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ ഡൊനെറ്റ്‌സ്‌ക മേഖലയിലെ ടൊനെങ്കെ, ഒർലിവ്ക, സെമെനിവ്ക, ബെർഡിച്ചി, ക്രാസ്നോറിവ്ക നഗരങ്ങളും ഗ്രാമങ്ങളും പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമിക്കുന്നതായി യുക്രെയ്‌ന്‍ സൈനിക മേധാവി കേണൽ ജനറൽ ഒലെക്‌സാണ്ടർ സിർസ്‌കി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. നേരത്തെ റഷ്യയില്‍ നിന്നും യുക്രെയ്‌ന്‍ യുദ്ധത്തിലൂടെ കൈക്കലാക്കിയ മേഖലകളാണ് ഇവയില്‍ പലതും (Russia Ukraine Conflict).
റഷ്യയുടെ ആക്രമണങ്ങള്‍ മന്ദഗതിയിലാണെങ്കിലും നിലവില്‍ പ്രതിരോധം ഏര്‍പ്പെടുത്താനുള്ള ശക്തി പോലുമില്ലാത്ത അവസ്ഥയിലാണ് യുക്രെയ്‌ന്‍. പീരങ്കികള്‍ക്ക് പോലും ക്ഷാമം നേരിടുന്ന സാഹചര്യമാണ് യുക്രെയ്‌നിലേത്. അതേസമയം കഴിഞ്ഞ ദിവസം റഷ്യയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ തങ്ങളുടെ സൈന്യം വെടിവച്ചിട്ടുതായി യുക്രെയ്‌ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു (Russia Ukraine War).
യുക്രെയ്‌നിന് ലഭിക്കുന്ന സൈനിക സഹായങ്ങള്‍ കുറയ്‌ക്കാനും ഇല്ലാതാക്കാനുമുള്ള കരുനീക്കത്തിലാണ് റഷ്യ. വാഷിങ്ടണിലെ രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ തുടരുന്നത് കാരണം യുക്രെയ്‌നിന് ലഭിക്കേണ്ട അടിയന്തര യുഎസ് ദേശീയ സുരക്ഷ ഫണ്ടുകള്‍ ഇപ്പോഴും തടഞ്ഞ് വയ്‌ക്കപ്പെട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് യുക്രെയ്‌ന്‍ സ്‌പീക്കര്‍ റുസ്‌ലാൻ സ്റ്റെഫാൻചുക്ക് യുഎസ് ഹൗസ് സ്‌പീക്കർ മൈക്ക് ജോൺസ് സഹായം അഭ്യര്‍ഥിച്ച് കത്തയച്ചു.
ആവശ്യമുന്നയിച്ച് യുഎസിലേക്ക് കത്തയച്ച കാര്യം സ്‌പീക്കര്‍ തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യുക്രെയ്‌നില്‍ 6 വയസുകാരി ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി യുക്രെയ്‌ന്‍ പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു.
യുദ്ധക്കെടുതിയില്‍ പൊലിഞ്ഞ് ജീവനുകള്‍: ഫെബ്രുവരി 24 വരെ യുക്രെയ്‌നില്‍ 10,582 പേര്‍ കൊല്ലപ്പെട്ടതായി മുനിഷ്യാവകാശ നിരീക്ഷണ ദൗത്യത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ വിവിധയിടങ്ങളിലായി പരിക്കേറ്റവരുടെ എണ്ണം 19,875 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ നിരവധി യുക്രെയ്‌ന്‍ സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 35,000 യുക്രെയ്‌ന്‍ സൈനികരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.