സ്റ്റോക്ക്‌ഹോം : സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങിന്. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ആദ്യ ഏഷ്യൻ വനിതയും ദക്ഷിണ കൊറിയൻ എഴുത്തുകാരിയുമാണ് ഹാൻ കാങ്. ചരിത്രത്തിന്‍റെ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‍റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന കാവ്യ ഗദ്യങ്ങളാണ് ഹാന്‍ കാങ്ങിന്‍റേതെന്ന് നൊബേൽ കമ്മറ്റി പറഞ്ഞു. ദുർബലരായ, പലപ്പോഴും സ്‌ത്രീ ജീവിതങ്ങളോടുള്ള ഹാന്‍ കാങ്ങിന്‍റെ സഹാനുഭൂതിയെ നൊബേൽ കമ്മറ്റി ചെയർമാൻ ആൻഡേഴ്‌സ് ഓൾസൺ പ്രശംസിച്ചു.
നൊബേൽ സമ്മാനം നേടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയക്കാരി കൂടിയാണ് ഹാന്‍. 2000-ൽ അന്തരിച്ച, ദക്ഷിണ കൊറിയന്‍ മുൻ പ്രസിഡന്‍റ് കിം ഡേ-ജങ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിരുന്നു. സൈനിക ഭരണകാലത്ത് ദക്ഷിണ കൊറിയയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനും യുദ്ധത്തിൽ ഭിന്നിച്ച ഉത്തര കൊറിയയുമായി ബന്ധം മെച്ചപ്പെടുത്താനും അദ്ദേഹം നടത്തിയ ശ്രമങ്ങൾക്കായിരുന്നു ആദരം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
'ശരീരവും ആത്മാവും, ജീവിച്ചരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹാന്‍ കാങ് ആഴത്തില്‍ മനസിലാക്കിയിരിക്കുന്നു. കൂടാതെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലിയിൽ സമകാലിക ഗദ്യത്തിന് ഒരു പുതുമ അവര്‍ നല്‍കിയിട്ടുണ്ട്.' - നൊബേൽ കമ്മറ്റി ചെയർമാൻ ആൻഡേഴ്‌സ് ഓൾസൺ പറഞ്ഞു. ആർദ്രവും ക്രൂരവും ചിലപ്പോൾ സർറിയലിസ്റ്റിക്കുമായ തീവ്ര ഗദ്യമാണ് ഹാന്‍ കാങ് രചിക്കുന്നതെന്ന് നൊബേൽ സാഹിത്യ സമിതി അംഗം അന്ന-കരിൻ പാം പറഞ്ഞു.
ദക്ഷിണ കൊറിയൻ സംസ്‌കാരത്തിന്‍റെ ആഗോള സ്വാധീനം വർധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഹാൻ നൊബേൽ നേടുന്നത്. സംവിധായകൻ ബോങ് ജൂൺ-ഹോയുടെ, ഓസ്‌കർ നേടിയ പാരസൈറ്റ്, നെറ്റ്ഫ്ലിക്‌സ് സീരീസായ സ്ക്വിഡ് ഗെയിം, ലോകമെമ്പാടുമുള്ള കെ-പോപ് ഗ്രൂപ്പുകളായ BTS, BLACKPINK എന്നിവയ്ക്ക് ആഗോള തലത്തിലുണ്ടായ സ്വീകരണം എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്.
Also Read: രസതന്ത്ര നൊബേൽ മൂന്നുപേർക്ക്: പുരസ്‌കാരം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിന്
53 കാരിയായ ഹാൻ കാങ് 2016-ൽ 'ദി വെജിറ്റേറിയൻ' എന്ന നോവലിന് അന്താരാഷ്‌ട്ര ബുക്കർ പ്രൈസ് നേടിയിരുന്നു. മാംസാഹാരം നിർത്താനുള്ള ഒരു സ്‌ത്രീയുടെ തീരുമാനം വരുത്തിവയ്‌ക്കുന്ന പ്രത്യാഘാതങ്ങളായിരുന്നു നോവലിന്‍റെ ഇതിവൃത്തം. ഹാന്‍ കാങ്ങിന്‍റെ ഹ്യൂമൻ ആക്‌ട്‌സ് എന്ന നോവല്‍ 2018 ലെ അന്താരാഷ്‌ട്ര ബുക്കർ പ്രൈസ് ഫൈനലില്‍ എത്തിയിരുന്നു.
Also Read: മെഷീൻ ലേണിങ് രംഗത്തെ സംഭാവന: ഭൗതിക ശാസ്‌ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ട് രണ്ട് പേർ
നൊബേല്‍ പ്രൈസ് യൂറോപ്യൻ, നോർത്ത് അമേരിക്കൻ എഴുത്തുകാരില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും അവാര്‍ഡുകളില്‍ പുരുഷ മേധാവിത്വമാണ് കാണാനാകുന്നത് എന്നുമുള്ള നിരന്തര വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഹാന്‍ കാങ്ങിന് അവാര്‍ഡ് ലഭിക്കുന്നത്. ഇതുവരെ 119 നൊബേല്‍ ജേതാക്കളില്‍ 17 സ്‌ത്രീകൾ മാത്രമാണുള്ളത്. 2022-ൽ ഫ്രാൻസിലെ ആനി എർണാക്‌സായിരുന്നു അവസാനമായി നൊബേല്‍ നേടിയ വനിത. അതേസമയം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നാളെ (11-10-2024) സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം തിങ്കളാഴ്‌ചയും (14-10-2024) പ്രഖ്യാപിക്കും. ഒരു ദശലക്ഷം യുഎസ് ഡോളർ ക്യാഷ് അവാർഡ് അടങ്ങുന്നതാണ് നൊബേല്‍ സമ്മാനം.