ടെല്‍ അവീവ്/ യുണൈറ്റഡ് നാഷൻസ്: ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 400ല്‍ അധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിലെ അഷ്കലോണ്‍, ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഇറാൻ തൊടുത്തത്. ഇതിന് പിന്നാലെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇറാൻ ആക്രമണത്തില്‍ നാശനഷ്‌ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ ഭരണകൂടം വ്യക്തമാക്കിയത്. എന്നാല്‍, ഇസ്രായേലില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കാൻ സാധിച്ചെന്നാണ് ഇറാൻ അവകാശപ്പെട്ടത്.
ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നുവെങ്കിലും, വിഷയത്തില്‍ യുഎൻ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് പ്രതികരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേല്‍ ഭരണകൂടം രംഗത്ത് വന്നിരുന്നു. ഗുട്ടെറസിന് ഇസ്രായേലില്‍ പ്രവേശിക്കുന്നതിന് കഴിഞ്ഞദിവസം നെതന്യാഹു ഭരണകൂടം വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തു. തങ്ങള്‍ക്കെതിരെ ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തെ അപലിക്കാൻ തയ്യാറാകാത്ത ഒരാള്‍ക്കും തങ്ങളുടെ മണ്ണില്‍ കാലുകുത്താൻ അവകാശമില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ പിന്തുണ ഉണ്ടെങ്കിലും, ഇല്ലെങ്കിലും തങ്ങളുടെ പാരന്മാരെ സംരക്ഷിക്കുമെന്നും തങ്ങളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.
"ഇന്ന് മുതല്‍ യുഎൻ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസിന് ഇസ്രായേലിലേക്കുള്ള പ്രവേശനം വിലക്കുന്നു. ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ഹീനമായ ആക്രമണം അപലിക്കാൻ തയ്യാറാകാത്ത ഏതൊരു രാജ്യത്തുള്ള ഒരാള്‍ക്കും ഇസ്രായേലിന്‍റെ മണ്ണില്‍ കാലുകുത്താൻ അവകാശമില്ല" എന്നായിരുന്നു ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇന്നലെ എക്സില്‍ കുറിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ കുറിച്ച് എന്താണ് യുഎൻ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം?
ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നാലെ ആശങ്ക രേഖപ്പെടുത്തി യുഎൻ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് രംഗത്തെത്തിയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണ് എന്നാണ് ഗുട്ടെറസ് അഭിപ്രായപ്പെട്ടത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ അപലപിക്കുന്നു, ആക്രമണം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ അത്യാവശ്യമാണെന്നും യുഎൻ ജനറല്‍ സെക്രട്ടറി പ്രതികരിച്ചിരുന്നു.
ലെബനനിലെ ഇസ്രായേല്‍ ആക്രമണത്തിലും ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. ലെബനന്‍റെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. “ലെബനനിലെ സംഘർഷം രൂക്ഷമായതിൽ ഞാൻ അതീവ ഉത്കണ്ഠാകുലനാണ്, ഉടനടി വെടിനിർത്തലിന് അഭ്യർത്ഥിക്കുന്നു. ലെബനനിൽ എന്തുവിലകൊടുത്തും ഒരു സമ്പൂർണ്ണ യുദ്ധം ഒഴിവാക്കണം, ലെബനന്‍റെ പരമാധികാരം ഇസ്രായേല്‍ ബഹുമാനിക്കണം" എന്നായിരുന്നു യുഎൻ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗാസയിലെ സാഹചര്യത്തെ കുറിച്ചും ഗുട്ടെറസ് പ്രതികരിച്ചു. "കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസയിൽ നമ്മൾ കാണുന്നത് പോലെയുള്ള മരണവും നാശവും ഞാൻ ഇതുവരെ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല" എന്നായിരുന്നു ഗാസയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ലെബനനെയും ഗാസയെയും പിന്തുണച്ച് ഗുട്ടറെസ് രംഗത്തെത്തിയതും, എന്നാല്‍ ഇറാൻ ഇസ്രായേലില്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തോട് പ്രതികരിക്കാൻ തയ്യാറാകാത്തതുമാണ് ഗുട്ടെറസിന് ഇസ്രായേലിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താൻ കാരണം.
ഗുട്ടെറസിന് വിലക്കേര്‍പ്പെടുത്തിയതില്‍ യുഎന്നിന്‍റെ പ്രതികരണം എന്ത്?
യുഎൻ ജീവനക്കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തിന്‍റെ ഭാഗമാണ് യുഎൻ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് ഇസ്രായേലിലേക്ക് കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഎൻ പക്ഷപാതവും യഹൂദവിരുദ്ധതയും സംബന്ധിച്ച ഇസ്രായേലിന്‍റെ ആരോപണങ്ങൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണെന്നാണ് യുഎൻ വക്താവിന്‍റെ പ്രതികരണം. അതേസമയം, ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തിയതുമായി സംബന്ധിച്ച് പ്രതിക്കരിക്കാൻ യുഎൻ മേധാവി അന്‍റോണിയോ ഗുട്ടെറസ് ഇതുവരെ തയ്യാറായിട്ടില്ല.
Also Read: ലബനനില്‍ കരയുദ്ധം തുടങ്ങിയെന്ന് ഇസ്രയേല്‍; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള