ന്യൂഡൽഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള പോര്‍ച്ചുഗീസ് കപ്പലില്‍ നിന്ന് ഇന്ത്യക്കാരടക്കമുള്ള മുഴുവൻ ജീവനക്കാരെയും മാനുഷിക പരിഗണനയുടെ പേരില്‍ വിട്ടയച്ചതായി ഇറാൻ. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്‌ദുല്ലഹിയനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എസ്‌തോണിയൻ വിദേശകാര്യ മന്ത്രി മാർഗസ് ഝക്‌നയുമായി ഇറാൻ വിദേശകാര്യ മന്ത്രി ഇന്ന്(03-05-2024) ടെലിഫോണിൽ സംഭാഷണം നടത്തിയിരുന്നു. ഈ സംഭാഷണത്തിലാണ് കപ്പല്‍ ജീവനക്കാരെ വിട്ടയച്ചതായി ഇറാന്‍ അറിയിച്ചത്. ഇറാനും എസ്‌തോണിയയും തമ്മില്‍ സഹകരണത്തിനുള്ള അവസരങ്ങളും ശേഷിയും ഉണ്ടെന്ന് ഇരുവരും സംഭാഷണത്തില്‍ ചൂണ്ടിക്കാണിച്ചതായാണ് റിപ്പോര്‍ട്ട്.
ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള ബന്ധമാണ് തങ്ങളുടെ രാജ്യം പ്രധാനമായി പരിഗണിക്കുന്നതെന്ന് എസ്‌തോണിയയുടെ വിദേശകാര്യ മന്ത്രി മാർഗസ് ത്സക്‌നയും പ്രതികരിച്ചു. തടസങ്ങൾ നീങ്ങിയാൽ ഇരുപക്ഷവും തമ്മിലുള്ള ബന്ധം കൂടുതൽ വിപുലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ സയണിസ്‌റ്റുകള്‍ നടത്തുന്ന വംശ ഹത്യയുടെ ആഴം കണക്കിലെടുത്ത് മേഖലയിൽ ശാശ്വതമായ വെടിനിർത്തൽ സ്ഥാപിക്കുന്നതിനും മാനുഷിക ഉപരോധം പൂർണ്ണമായും നീക്കുന്നതിനും തടവുകാരെ കൈമാറുന്നതിനുമായി എല്ലാ രാജ്യങ്ങളും കഠിനാധ്വാനം ചെയ്യണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അമീറബ്‌ദുല്ലഹിയാൻ പറഞ്ഞു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്ന് എസ്‌തോണിയൻ വിദേശകാര്യ മന്ത്രിയും ആഹ്വാനം ചെയ്‌തു. ഇറാന്‍റെ മാനുഷികമായ സമീപനത്തെയും പിടിച്ചെടുത്ത പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടിെയയും അദ്ദേഹം അഭിനന്ദിച്ചു.
ഏപ്രിൽ 13-ന് ആണ് ഇറാന്‍റെ ഐആർജിസി ഹോർമുസ് കടലിടുക്കിൽ നിന്ന് എംഎസ്‌സി ഏരീസ് കപ്പല്‍ പിടിച്ചെടുക്കുന്നത്. 25 അംഗ ക്രൂവിൽ 17 ഇന്ത്യക്കാരും ഉണ്ടായിരുന്നു. ഇതില്‍ ഏക വനിത ജീവനക്കാരി ആൻ ടെസ ജോസഫ് ഏപ്രിൽ 18 ന് ജന്മനാടായ കേരളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.