ഹേഗ്: തെക്കൻ ഗാസയിലെ റഫയിലെ സൈനിക അതിക്രമങ്ങള്‍ ഇസ്രയേല്‍ ഉടൻ നിർത്തണമെന്ന് അന്താരാഷ്‌ട്ര നീതിന്യായ കോടതി. റഫ അതിര്‍ത്തി സഹായങ്ങള്‍ക്കായി തുറന്ന് കൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും വിട്ടയക്കണമെന്നും ഐസിജെ ഉത്തരവിട്ടു.
ഗാസയില്‍ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് കാട്ടി ദക്ഷിണാഫ്രിക്ക കഴിഞ്ഞ വർഷം ഫയൽ ചെയ്‌ത കേസിലാണ് വിധി. എന്നാല്‍ ഹിയറിങ്ങുകളിൽ ദക്ഷിണാഫ്രിക്ക നിരന്തരം ആവശ്യപ്പെട്ട, ഗാസയിലുടനീളമുള്ള സമ്പൂർണ വെടിനിർത്തലിന് കോടതി ആഹ്വാനം ചെയ്‌തിട്ടില്ല.
അതേസമയം വിധിയെ അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് ഇസ്രയേൽ പാലിക്കാൻ സാധ്യതയില്ലെങ്കിലും രാജ്യത്തിന് മേലുള്ള സമ്മർദ്ദം വർധിക്കും. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ ഇസ്രയേലിന്‍റെ അടുത്ത സഖ്യ കക്ഷിയായ അമേരിക്ക പോലും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. റഫയില്‍ നടത്തുന്ന അധിനിവേശത്തിന് പിന്തുണയുണ്ടാവില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ ആഴ്‌ച മാത്രം മൂന്ന് യൂറോപ്യൻ രാജ്യങ്ങളാണ് പലസ്‌തീൻ രാഷ്‌ട്രത്തെ അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. മറ്റൊരു യുഎൻ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടർ ഹമാസ് ഉദ്യോഗസ്ഥർക്കൊപ്പം ഇസ്രയേൽ നേതാക്കൾക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ വിധി ഇസ്രായേലിന്‍റെ അന്താരാഷ്‌ട്ര നിലവാരത്തിനേറ്റ പ്രഹരമാണെങ്കിലും, ഉത്തരവുകൾ നടപ്പിലാക്കാൻ കോടതിക്ക് പൊലീസ് സേനയില്ല. ഉക്രെയ്‌നിലെ അധിനിവേശം നിർത്താനുള്ള കോടതിയുടെ 2022 ലെ ഉത്തരവ് റഷ്യ ഇതുവരെ പാലിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ തീര്‍പ്പ് കല്‍പ്പിക്കുകയാണ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ചുമതല. യുദ്ധക്കുറ്റങ്ങൾ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയ്ക്ക് ഉത്തരവാദികളാകുന്ന രാജ്യങ്ങള്‍ക്കും വ്യക്തികൾക്കുമെതിരെ കോടതി കുറ്റം ചുമത്തും.
ഗാസയിലെ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കും നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്, ഹമാസ് നേതാക്കളായ യഹ്യ സിൻവാർ, മുഹമ്മദ് ഡീഫ്, ഇസ്‌മയിൽ ഹനിയ എന്നിവർക്കെതിരെ അറസ്‌റ്റ് വാറണ്ട് അംഗീകരിക്കാൻ ഐസിസി ജഡ്‌ജിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ അറിയിച്ചു. എന്നാല്‍ ഇസ്രയേൽ ഒരു ഐസിസി അംഗമല്ലാത്തതിനാല്‍ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചാലും നെതന്യാഹുവിനും ഗാലന്‍റിനും ഉടനടി നിയമനടപടികള്‍ നേരിടേണ്ടിവരില്ല.
അതേസമയം, ഇസ്രയേലിന്‍റെ ആക്രമണത്തിൽ 35,000 പലസ്‌തീനികൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്‌തത്. പലസ്‌തീനിന്‍റെ ഭൂരിഭാഗവും കടുത്ത ക്ഷാമത്തിലാണ് കഴിയുന്നത്.
Also Read : ഗാസയിലെ അഭയാര്‍ഥി ക്യാമ്പ് ആക്രമിച്ച് ഇസ്രയേല്‍; 20 പേര്‍ കൊല്ലപ്പെട്ടു - Airstrike In Gaza Refugee Camp