വാഷിങ്‌ടൺ : ഇന്ത്യൻ വംശജയായ ഹർമീത് കെ ധില്ലനെ നിയമ വകുപ്പിലെ സിവിൽ റൈറ്റ്‌സ് അസിസ്റ്റന്‍റ് അറ്റോർണി ജനറലായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം.
ഹർമീത് കെ ധില്ലനെ യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റിലെ സിവിൽ റൈറ്റ്‌സ് അസിസ്റ്റന്‍റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്യുന്നതിൽ താന്‍ സന്തുഷ്‌ടനാണ് എന്ന് ട്രംപ് പറഞ്ഞു. 'പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഹർമീത് എന്നും നിലകൊണ്ടിട്ടുണ്ട്. രാജ്യത്തെ മികച്ച തെരഞ്ഞെടുപ്പ് അഭിഭാഷകരിൽ ഒരാളാണ് ഹർമീത്. പുതിയ റോളിൽ, ഹർമീത് നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ അശ്രാന്തമായ സംരക്ഷകയായിരിക്കുമെ'ന്നും ട്രംപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിഖ് വംശജയായ ഹർമീത് കെ ധില്ലന്‍ ഡാർട്ട്‌മൗത്ത് കോളജിൽ നിന്നും വിർജീനിയ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. യുഎസ് ഫോർത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ക്ലർക്ക് ആയിരുന്നു ഹർമീത്.
ഈ വർഷം ജൂലൈയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ സിഖ് പ്രാര്‍ഥനയായ അർദാസ് ചൊല്ലിയതിനെ തുടർന്ന് ഹര്‍മീത് വംശീയ ആക്രമണം നേരിട്ടു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഹര്‍മീത് പരാജയപ്പെട്ടിരുന്നു.
ചണ്ഡീഗഢിൽ ജനിച്ച ധില്ലൻ തന്‍റെ ചെറുപ്പ കാലത്താണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുന്നത്. 2016-ൽ, ക്ലീവ്‌ലാൻഡിൽ നടന്ന GOP കൺവെൻഷന്‍റെ വേദിയിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ - അമേരിക്കൻ വംശജയായിരുന്നു ഹര്‍മീത് കെ ധില്ലന്‍.
Also Read: ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍ എഫ്‌ബിഐയുടെ അടുത്ത തലവന്‍; പുതിയ പ്രഖ്യാപനവുമായി ട്രംപ്