കറാച്ചി: സിന്ധ് പ്രവിശ്യയില്‍ വര്‍ധിച്ച് വരുന്ന കൊലപാതകങ്ങളിലും ആക്രമണങ്ങളിലും ആശങ്ക രേഖപ്പെടുത്തി സുഹായ് ഓർഗനൈസേഷൻ. 2024 ജനുവരി മുതൽ ജൂൺ വരെ സിന്ധ് പ്രവിശ്യയില്‍ 101 സ്‌ത്രീകളും പുരുഷന്മാരും ദുരഭിമാന കൊലയ്ക്ക് ഇരയായിട്ടുണ്ടെന്ന് സിന്ധ് സുഹായ് ഓർഗനൈസേഷനെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്‌തു. കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും ഉൾപ്പെടെ സ്‌ത്രീകൾക്കെതിരെ വർധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം, ദുരഭിമാനക്കൊലകളിൽ ഭൂരിഭാഗവും നടന്നിരിക്കുന്നത് സിന്ധിലെ ജാക്കോബാബാദ് ജില്ലയിലാണ്. ഇവിടെ 22 സ്‌ത്രീകളും 12 പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. കാഷ്മോറിൽ 17 സ്‌ത്രീകളും 6 പുരുഷന്മാരും കൊല്ലപ്പെട്ടു. സുക്കൂറിൽ 23 പേരും ഖൈർപൂരിൽ 20 പേരും ഘോട്ട്കിയിൽ 19 പേരും ലാർക്കാനയിൽ 12 പേരും പ്രവിശ്യയിലെ മറ്റ് ജില്ലകളിലുമായി 76 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരാതികൾ രജിസ്റ്റർ ചെയ്യുന്ന സന്ദർഭങ്ങളിൽ കൊല്ലപ്പെട്ട സ്‌ത്രീകളുടെ കുടുംബങ്ങൾ തന്നെ നിയമനടപടി സ്വീകരിക്കാന്‍ തയാറാവാത്ത സാഹര്യങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല ഘട്ടങ്ങളിലും ഒത്തുതീർപ്പിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.
ഇതിനായി ദുരഭിമാനക്കൊലകളില്‍ കുറ്റവാളികളാകുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ദുരഭിമാനക്കൊലകള്‍ വർധിക്കുകയും ചെയ്യുന്നുണ്ട്. കോടതി വിധി ഉണ്ടെങ്കിലും ഇത്തരം വിഷയങ്ങളില്‍ തീരുമാനങ്ങൾ എടുക്കാൻ ജിർഗകൾ (പ്രാദേശിക കൗൺസിലുകൾ) ഇപ്പോഴും സമ്മേളിക്കുന്നുണ്ട്.
കുറ്റം ആരോപിക്കപ്പെടുന്ന സ്‌ത്രീകളെ ഏകപക്ഷീയമായി കൊന്ന് കുഴിച്ചുമൂടുന്നതാണ് രീതി. കുടുംബങ്ങൾ ഇതിനെ ആത്മഹത്യയെന്ന് പറഞ്ഞ് മുടിവയ്‌ക്കുകയാണ് പതിവ്. അടുത്തിടെ, സലേഹ് പാട് ഏരിയയില്‍ ഒരാൾ ഭാര്യയെ അക്രമിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടിയ സംഭവമുണ്ടായിരുന്നു. ഭാര്യ വീട്ടിൽ നിന്ന് ഒളിച്ചോടിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
ഇത്തരം കൊലപാതകങ്ങള്‍ ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്‌മ, ഗോത്ര വ്യവസ്ഥകൾ, സ്വത്ത് തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് പറയുന്നു. പാക് സർക്കാരുകള്‍ നിയമനങ്ങളിൽ നിന്ന് സ്‌ത്രീകളെ മാറ്റിനിർത്തുകയാണെന്ന് സുഹായ് സംഘടന ചൂണ്ടിക്കാട്ടി.