ഗുവാഹത്തി: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ സുരക്ഷിതരാണെന്നും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും വെളിപ്പെടുത്തി ഹിന്ദു നേതാവ് രംഗത്ത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഹിന്ദു നേതാവ് ഗോവിന്ദ ചന്ദ്ര പ്രാമാണിക് ഇടിവി ഭാരതിനോട് വ്യക്തമാക്കിയതാണ് ഇക്കാര്യം. ഇടിവി ഭാരതിന് അയച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രാജ്യത്ത് നിരവധി അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍ ഹിന്ദു സമൂഹം സുരക്ഷിതരാണ്. ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ തങ്ങള്‍ അക്രമിക്കപ്പെടുമെന്നൊരു ഭീതി രാജ്യത്തെ ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. കൊള്ളയടിക്കപ്പടുമെന്നും തങ്ങളുടെ വീടുകള്‍ തീവയ്ക്കപ്പെടുമെന്നും ഹിന്ദുക്കള്‍ ആശങ്കപ്പെട്ടു. എന്നാല്‍ ജമാ അത്തെ ഇസ്ലാമി, ബിഎന്‍പി നേതാക്കള്‍ ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിക്കരുതെന്നും അവരെ കൊള്ളയടിക്കരുതെന്നും ക്ഷേത്രങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങള്‍ക്കും ഹിന്ദുക്കള്‍ പാര്‍ക്കുന്ന ഇടങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവാമി ലീഗിലെ ചില ഹിന്ദു നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും തീവയ്ക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇത് തന്നെയാണ് അവാമി ലീഗിലെ മുസ്ലീം നേതാക്കള്‍ക്കും സംഭവിച്ചിരിക്കുന്നത്.
അവസരം മുതലാക്കാന്‍ ഇറങ്ങിത്തിരിച്ച ചിലര്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയും ആക്രമണം അഴിച്ച് വിട്ടിട്ടുണ്ട്. എന്നാല്‍ വലിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ചിലയിടങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വ്യാപകമായോ വലിയ തോതിലോ ഇല്ല. ബംഗ്ലാദേശിലെ ഹിന്ദു സമൂഹം സുരക്ഷിതരാണ്. അങ്ങനെ തന്നെ തുടരുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ പ്രചരണങ്ങള്‍ നടക്കുന്നു
ബംഗ്ലാദേശിലെ ഹിന്ദു സമൂഹം ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതായി ഇന്ത്യയില്‍ വന്‍തോതില്‍ പ്രചരണം നടക്കുന്നുണ്ടെന്ന് പ്രാമാണിക് ചൂണ്ടിക്കാട്ടി. പലപ്പോഴും തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇന്ത്യയിലെ ചില മാധ്യമങ്ങളും ഈ അഭ്യൂഹങ്ങള്‍ പലപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ബംഗ്ലാദേശില്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ല.
ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ബംഗ്ലാദേശില്‍ പുതുമയല്ല. അതിര്‍ത്തിയിലെ ചിലര്‍ ആക്രമിക്കപ്പെടുന്ന ഭീതിയിലാണ് ഉള്ളത്. എന്നാല്‍ രാജ്യത്തെല്ലായിടവും ആ പ്രശ്‌നമില്ല. ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീങ്ങളും അക്രമിക്കപ്പെടുന്നുണ്ട്.
ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യയിടിയുന്നു
രാജ്യത്തെ ഹിന്ദുക്കള്‍ 7.95 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ അതിലധികം ഹിന്ദുക്കള്‍ രാജ്യത്തുണ്ട്. 2015ല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ ഹിന്ദു ജനസംഖ്യ 10.7ശതമാനമായിരുന്നു. മതപരിവര്‍ത്തനമാണ് രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കിയത്. എന്നാല്‍ മതപരിവര്‍ത്തനം നടത്തിയവരുടെ എണ്ണവും തുലോം തുച്ഛമാണ്.
രാജ്യത്ത് നിന്ന് ഹിന്ദുക്കള്‍ പലയാനം ചെയ്യുന്നതാണ് ശരിക്കും ഇവിടുത്തെ ഹിന്ദു സമൂഹത്തിലെ അംഗസംഖ്യ കുറയാന്‍ കാരണം. ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ ഇന്ത്യയിലേക്കാണ് ചേക്കേറുന്നത്. ഇന്ത്യയില്‍ പൗരത്വ നിയമം നടപ്പാക്കിയതോടെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു.
1971ന് ശേഷം ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്ന് നാലരക്കോടി ഹിന്ദുക്കള്‍ കുടിയേറി. ഇപ്പോഴും ഇത് തുടരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണത്തില്‍ 2.8ശതമാനം ഇടിവുണ്ടായി. പശ്ചിമബംഗാളിലെ ഗ്രാമീണ മേഖലകളിലേക്ക് ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കള്‍ വന്‍തോതില്‍ കുടിയേറിയിട്ടുണ്ട്. ആന്‍ഡമാനിലെ 90ശതമാനം ജനതയും ബംഗ്ലാദേശികളാണ്.
Also Read: ബംഗ്ലാദേശ് പ്രക്ഷോഭം: വിവാദ തൊഴില്‍ സംവരണം റദ്ദാക്കി സുപ്രീം കോടതി