പ്രണയമോ ശാരീരിക അടുപ്പമോ ഇല്ലാതെ രണ്ടുവ്യക്തികള്‍ വിവാഹിതരാവുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഏവരും ഒന്നമ്പരക്കും. എന്നാല്‍ അത്തരത്തിലൊരു വിവാഹ രീതി ജപ്പാനില്‍ വലിയതോതില്‍ പ്രചരിച്ചുവരുന്നുണ്ട്. പരമ്പരാഗത സമ്പ്രദായങ്ങള്‍ക്ക് ബദലായി ജപ്പാന്‍ ജനത അവതരിപ്പിച്ച ഈ കല്യാണ രീതി 'സൗഹൃദ വിവാഹ'മെന്നാണ് അറിയപ്പെടുന്നത്. അലൈംഗിക വ്യക്തികൾ, സ്വവർഗാനുരാഗികള്‍, ഭിന്നലിംഗക്കാർ എന്നിവർക്കിടയിൽ ഈ വിവാഹ രീതി പ്രചാരം നേടുകയാണ്. സൗഹൃദ വിവാഹത്തില്‍ വ്യക്തികള്‍ പരസ്‌പരം പ്രണയത്തിലോ ലൈംഗിക ബന്ധത്തിലോ വീഴാതെ പ്ലാറ്റോണിക് പങ്കാളികളായി മാറുന്നു. അത്തരത്തില്‍ സാമ്പ്രദായിക വിവാഹ രീതികളെ പൊളിച്ചെഴുതുകയാണ് 'സൗഹൃദ വിവാഹം'.
സൗഹൃദ വിവാഹം എങ്ങനെ ?
സൗഹൃദവിവാഹത്തിലും രണ്ടുപേര്‍ നിയമപരമായി പങ്കാളികളാകുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്‌റ്റ് (എസ്‌സിഎംപി)റിപ്പോർട്ട് ചെയ്യുന്നു. അവർ തമ്മിലുള്ള പരസ്പര ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് ജീവിക്കാനും മറ്റ് ആളുകളുമായി ബന്ധം സ്ഥാപിക്കാനും അവര്‍ക്ക് കഴിയും. കൃത്രിമ ബീജസങ്കലനത്തിലൂടെ ദമ്പതികൾക്ക് കുട്ടികള്‍ക്ക് ജന്‍മം നല്‍കാനും തീരുമാനിക്കാം.
'സമാന താൽപ്പര്യങ്ങളുള്ള ഒരു റൂംമേറ്റിനെ കണ്ടെത്തുന്നത് പോലെയാണ് സൗഹൃദ വിവാഹം' - മൂന്ന് വർഷമായി ഈ റിലേഷന്‍ഷിപ്പിലുള്ള വ്യക്തി എസ്‌സിഎംപിയോട് പറഞ്ഞു. 'ഞാൻ ഒരാളുടെ കാമുകിയാകാൻ പറ്റിയ ആളല്ല, പക്ഷേ എനിക്ക് ഒരു നല്ല സുഹൃത്താകാന്‍ കഴിയും. ഒരുപോലെ ആസ്വദിക്കുന്ന കാര്യങ്ങൾ ചെയ്യാനും സംസാരിക്കാനും ചിരിക്കാനും കഴിയുന്ന സമാന അഭിരുചിയുള്ള ഒരാളെ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ' - മറ്റൊരാൾ ഔട്ട്‌ലെറ്റിനോട് പറഞ്ഞു.
ദമ്പതികൾ എങ്ങനെ കണ്ടുമുട്ടുന്നു?
നിങ്ങളുടെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുന്നത് പോലെയല്ല സൗഹൃദ വിവാഹം. പകരം, വ്യക്തികള്‍ പരസ്‌പരം ആഴത്തില്‍ അറിയാനായി ഒരുപാട് സമയം ചെലവഴിക്കുന്നു. ചെലവുകൾ എങ്ങനെ വിഭജിക്കാം, വീട്ടുജോലികൾ എങ്ങനെ പങ്കിടാം,അവർ നിർമ്മിക്കാൻ പോകുന്ന വീട് തുടങ്ങി വീട്ടില്‍ റഫ്രിജറേറ്റിന്‍റെ ഇടം എവിടെയായിരിക്കണമെന്നുപോലും അവര്‍ ഒരുമിച്ച് ചര്‍ച്ച ചെയ്യുന്നു. അത്തരത്തില്‍ ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ പല കാര്യങ്ങളും വിവാഹത്തിലേര്‍പ്പെടും മുന്നേ ദമ്പതികൾ ചര്‍ച്ച ചെയ്യുന്നു.
ചിലപ്പോള്‍ അൺറൊമാൻ്റിക് ആണെന്ന് തോന്നുമെങ്കിലും, ഇത്തരം ചർച്ചകൾ ഈ ബന്ധത്തിലുള്ള 80% ദമ്പതികളെയും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ സഹായിച്ചുവെന്ന് സൗഹൃദ വിവാഹത്തിൽ സ്പെഷ്യലൈസ് ചെയ്യുന്നു എന്നവകാശപ്പെടുന്ന കോളറസ് ഏജൻസി എസ്‌സിഎംപിയോട് പറഞ്ഞു. പല കേസുകളിലും ഇത്തരം ദമ്പതികൾ കുട്ടികളുണ്ടാകാൻ തീരുമാനിച്ചതായും ഏജൻസി കൂട്ടിച്ചേർത്തു.
ആരാണ് സൗഹൃദ വിവാഹം തെരഞ്ഞെടുക്കുന്നത് ?
കോളറസ് പറയുന്നതനുസരിച്ച്, ദേശീയ ശരാശരിയേക്കാൾ കൂടുതല്‍ വരുമാനമുള്ള ശരാശരി 32 വയസ്സ് പ്രായമായവരാണ് ഈ വിവാഹ രീതിയില്‍ കൂടുതൽ താൽപ്പര്യം കാണിക്കുന്നത്. പരമ്പരാഗത വിവാഹ രീതികൾ ഒഴിവാക്കാൻ ശ്രമിക്കുന്ന അലൈംഗിക വ്യക്തികൾക്കും സ്വവർഗാനുരാഗികൾക്കും ഇടയിലും ഈ പ്രവണത കൂടുതല്‍ പ്രചാരം നേടുന്നു.
Also Read: വിവാഹിതരായ മുസ്‌ലിംകള്‍ക്ക് 'ലിവ് ഇന്‍ റിലേഷന്' അവകാശമില്ല: അലഹബാദ് ഹൈക്കോടതി