സാൻഫ്രാൻസിസ്കോ: യുഎസില്‍ തീവ്രവാദ ഗ്രൂപ്പ് നേതാക്കള്‍ക്ക് ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള എക്‌സില്‍ പ്രീമിയം സേവനങ്ങള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. ടിടിപിയാണ് (Tech Transparency Project) ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് മാത്രമല്ല സര്‍ക്കാര്‍ നിരോധിച്ച ഏതാനും സംഘടനകളുടെ നേതാക്കള്‍ക്കും ഇത്തരത്തില്‍ എക്‌സിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട് (Elon Musk).
നിരവധി അക്കൗണ്ടുകള്‍ ഇത്തരത്തില്‍ എക്‌സില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ടിടിപിയുടെ കണ്ടെത്തല്‍. ടിടിപി റിപ്പോര്‍ട്ട് പ്രകാരം 28 വെരിഫൈഡ് അക്കൗണ്ടുകള്‍ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് യുഎസ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഹിസ്‌ബുള്ളയുടെ രണ്ട് നേതാക്കള്‍, യെമനിലെ ഹൂതികളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ, ഇറാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നും മറ്റ് അക്കൗണ്ടുകള്‍ എന്നിവ അടക്കം നിരവധി അക്കൗണ്ടുകളാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത് ( Hezbollah leader Hassan Nasrallah).
ദൈര്‍ഘ്യമേറിയ ടെക്‌സ്റ്റുകളും വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള കഴിവും ചെക്ക്‌മാര്‍ക്കുകള്‍ക്കൊപ്പം വിവിധ ആനുകൂല്യങ്ങളും എക്‌സ് പ്രീമിയം അക്കൗണ്ടുകളിലൂടെ ലഭ്യമാണ്. കഴിഞ്ഞ ഏപ്രിലില്‍ എക്‌സ് വെരിഫിക്കേഷനായി തുക ഈടാക്കാന്‍ ആരംഭിച്ചതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നു. അന്ന് ഇത്തരത്തിലുള്ള 18 അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. പ്രീമിയം സേവനങ്ങള്‍ക്കായി ഉപയോക്താക്കള്‍ മാസം തോറും അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നിശ്ചിത തുക അടക്കേണ്ടതുണ്ട്. ഇത്തരത്തില്‍ തുക അടക്കുന്നതിലൂടെ എക്‌സ് സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയാണെന്നതാണെന്നും അത് നിയമ ലംഘനമാണെന്നും ടിടിപിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു (Houthi Rebels In Yemen).
സംഭവത്തെ കുറിച്ച് എക്‌സ് പ്രതിനിധിയോടെ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അത് പരിശോധിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് അതേ കുറിച്ച് വിവരങ്ങളൊന്നും കമ്പനി കൈമാറിയില്ലെന്നും ടിടിപി പറയുന്നു. വിഷയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള മുഴുവന്‍ ചെക്ക്‌മാര്‍ക്കുകളും എക്‌സ് നീക്കം ചെയ്‌തു. മാത്രമല്ല ഇറാൻ സ്‌പോൺസർ ചെയ്യുന്ന മിലിഷ്യയായ ഹരകത് അൽ-നുജാബയുടെ ഒരു അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയുടെയും യെമനിലെ ഹൂതി വിമതരുടെയും അക്കൗണ്ടുകൾക്കാണ് ബ്ലൂ ടിക്കുകള്‍ നഷ്‌ടപ്പെട്ടത്.
പ്രതികരണവുമായി കമ്പനി: റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വിഷയത്തില്‍ പ്രതികരണവുമായി കമ്പനി രംഗത്ത് എത്തി. അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണെന്നും ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കമ്പനി എക്‌സില്‍ പ്രതികരിച്ചു.
Also Read: ചാറ്റ് ജിപിടിയെ വെല്ലുവിളിച്ച് 'ജെമിനി എഐ'; പുതിയ മോഡലുമായി ഗൂഗിള്‍