വാഷിങ്ടണ്‍: പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവി നല്‍കാൻ തയ്യാറാണെന്ന് റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഷോൺ റയാനുമായി നടത്തിയ ടെലിവിഷൻ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ താത്‌പര്യം വ്യക്തമാക്കിയത്. വളരെ സമര്‍ഥനായ ഒരു വ്യക്തിയാണ് മസ്‌ക് എന്നും അദ്ദേഹത്തെ പോലുള്ളവരെ നമ്മള്‍ വിലമതിക്കണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാജ്യത്തിന് മികച്ച ഉപദേശങ്ങള്‍ നല്‍കാൻ കഴിവുള്ള വ്യക്തിയാണ് മസ്‌ക്. ഈ വിഷയത്തില്‍ മസ്‌കിനേക്കാള്‍ അറിവുള്ള മറ്റാരും തന്നെയില്ല. എഐയുടെ സാധ്യതകള്‍ ഉപയോഗിക്കാൻ അമേരിക്ക തയ്യാറായില്ലെങ്കില്‍ അതിനെ പരമാവധി പ്രയോജനപ്പെടുത്തുക ചൈനയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
അസാധാരണമായ കഴിവുകള്‍ ഉള്ളൊരു വ്യക്തിയാണ് മസ്‌ക്. അദ്ദേഹവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളത്. അദ്ദേഹം മിടുക്കനാണ്, നമ്മുടെ പ്രതിഭകളെ നമ്മള്‍ തന്നെയാണ് വിലമതിക്കേണ്ടത്.
രാജ്യത്തെയും അദ്ദേഹം ഏറെ സ്നേഹിക്കുന്നുണ്ട്. രാജ്യത്തിനായി പല കാര്യങ്ങളും ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. എങ്ങനെ, എന്ത് കാര്യങ്ങള്‍ ചെയ്യണമെന്നതില്‍ മസ്‌കിന് വ്യക്തമായ ധാരണകളാണുള്ളതെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, നിലവിലെ തിരക്കുകള്‍ കാരണം മസ്‌കിന് കാബിനറ്റ് പദവിയില്‍ പ്രവര്‍ത്തിക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും ട്രംപ് ആശങ്കയറിയിച്ചിട്ടുണ്ട്.
ഇലോണ്‍ മസ്‌കുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ലോക നേതാക്കളില്‍ ഒരാളാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങളുടെ ഭാഗമായി അടുത്തിടെ മസ്‌കിന്‍റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അഭിമുഖത്തിലും ട്രംപ് പങ്കെടുത്തിരുന്നു. അഭിമുഖം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് മസ്‌കിനെ കാബിനറ്റ് പദവിയില്‍ ഉള്‍പ്പെടുത്താനുള്ള താത്‌പര്യവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
Also Read : അറസ്‌റ്റ് ചെയ്യേണ്ടിയിരുന്നത് സക്കർബർഗിനെ; ടെലഗ്രാം സ്ഥാപകന്‍റെ അറസ്റ്റില്‍ പ്രതികരിച്ച് ഇലോണ്‍ മസ്‌ക്