ന്യൂയോര്‍ക്ക്: ബാള്‍ട്ടിമോര്‍ പാലം തകര്‍ത്ത കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം ഇന്ത്യാക്കാരാണെന്ന് കമ്പനിയുടെ സ്ഥിരീകരണം. 22 ജീവനക്കാരാണ് പാലത്തിലിടിച്ച ചരക്കുകപ്പലില്‍ ഉണ്ടായിരുന്നത്.
സിംഗപ്പൂര്‍ കപ്പലായ ദാലിയാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്‍റെ ഒരു തൂണില്‍ ഇടിച്ചത്. ഇതേ തുടര്‍ന്ന് പാലം തകര്‍ന്നു. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 1.30നാണ് അപകടമുണ്ടായത്.
കപ്പല്‍ ഉപയോഗിക്കുന്ന സിനര്‍ജി മറൈന്‍ ഗ്രൂപ്പാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം ഇന്ത്യാക്കാരാണെന്ന വിവരം പങ്കുവച്ചത്. പതിനായിരം ടണ്‍ കേവുഭാരമുള്ള കപ്പലില്‍ 4679 ടണ്‍ ചരക്കുണ്ടായിരുന്നു.
ഗ്രേറ്റ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റേതാണ് കപ്പല്‍. ബാള്‍ട്ടിമോറില്‍ നിന്ന് കൊളംബോയിലേക്ക് പോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കമ്പനി വ്യക്തമാക്കി. ആര്‍ക്കും പരിക്കില്ല. കപ്പല്‍ മൂലം മലിനീകരണവും ഉണ്ടായിട്ടില്ല. അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. വിദഗ്‌ധരെത്തി കപ്പല്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കിയെന്നും കമ്പനി അറിയിച്ചു.