റിയോ ഡി ജെനീറോ: ബ്രസീലിലെ ദക്ഷിണ ഗ്രാന്‍ഡെ ഡു സളില്‍ വെള്ളപ്പൊക്കത്തില്‍ ഏഴ് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 75 ആയി. 103 പേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റ നിരവധി പേര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിലാണ്.
വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് 88,000 പേരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 16,000 പേര്‍ വിദ്യാലയങ്ങളിലും ജിംനേഷ്യങ്ങളിലും മറ്റ് താത്ക്കാലിക കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വലിയ മണ്ണിടിച്ചിലും രാജ്യത്തുണ്ടായി. റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളും പാടേ തകര്‍ന്നിരിക്കുകയാണ്.
8,00,000 പേര്‍ക്കുള്ള ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. ഗുവെയ്ബ നദിയിലെ ജലനിരപ്പ് റെക്കോര്‍ഡിലെത്തി. 5.33മീറ്റര്‍ (17.5 അടി) ആണ് ഇപ്പോള്‍ നദിയിലെ ജലനിരപ്പ്.
1941ല്‍ നദിയിലെ ജലനിരപ്പ് 4.76 മീറ്ററിലെത്തിയിരുന്നു. അതിന് ശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. മേഖലയുടെ പുനഃസൃഷ്‌ടിക്ക് ഒരു മാര്‍ഷല്‍ പ്ലാന്‍ തന്നെ വേണ്ടി വരുമെന്ന് ഗവര്‍ണര്‍ എഡ്യാര്‍ഡോ ലെയ്‌തി പറഞ്ഞു.
ബ്രസീലിയന്‍ പ്രസിഡന്‍റ് ലുല ഡ സില്‍വ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ഒപ്പം പ്രതിരോധ മന്ത്രി ജോസ് മക്യോ ധനമന്ത്രി ഫെര്‍ണാണ്ടോ ഹദാദ് പരിസ്ഥിതി മന്ത്രി മരിന സില്‍വ തുടങ്ങിയവരും ഉണ്ടായിരുന്നു.
ഒരാഴ്‌ചയ്ക്കിടെ 300 മില്ലിമീറ്റര്‍ മഴയാണ് തുടര്‍ച്ചയായി പ്രദേശത്ത് പെയ്‌തത്. ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ പാരിസ്ഥിതിക ദുരന്തമാണിത്. ജൂലൈയിലും സെപ്റ്റംബറിലും നവംബറിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ 75 പേര്‍ മരിച്ചിരുന്നു.
എല്‍നിനോ പ്രതിഭാസത്തിന്‍റെ ഫലമായാണ് ദക്ഷിണ അമേരിക്കയില്‍ ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങളെന്ന് ചൂണ്ടിക്കാട്ടി. എല്‍ നിനോ മൂലം ബ്രസീലിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ കൊടും വരള്‍ച്ചയും തെക്കന്‍ മേഖലയില്‍ കനത്ത മഴയും ഉണ്ടാകുന്നു.
ഇക്കുറി എല്‍നിനോയുടെ ഫലമായി ആമസോണില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച അനുഭവപ്പെട്ടു. മനുഷ്യ ഇടപെടല്‍ മൂലമുണ്ടായ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമായി ഗുരുതര കാലാവസ്ഥ പ്രത്യാഘാതങ്ങളുണ്ടാകുന്നുവെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ദുരന്തങ്ങള്‍ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പൊതുനയ കോ ഓര്‍ഡിനേറ്റര്‍ സ്യുവെലി അരാജോ പറഞ്ഞു.