ഒഹിയോ (യുഎസ്): അമേരിക്കന്‍ പൊലീസിന്‍റെ അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരന് ദാരുണാന്ത്യം. ഈസ്റ്റ് കാന്‍റൺ നിവാസിയായ ഫ്രാങ്ക് ഇ ടൈസണ്‍ (53) ആണ് പൊലീസിന്‍റെ അക്രമത്തില്‍ മരണപ്പെട്ടത്. ടൈസണുമായി ഏറ്റുമുട്ടുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയും ചെയുന്ന വീഡിയോ കാന്‍റൺ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് പുറത്തുവിട്ടു.
ഏപ്രില്‍ 18 ന് കാർ ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന് ആരോപിച്ചാണ് ഫ്രാങ്ക് ടൈസനെ പൊലീസ് അറസ്റ്റ് ചെയ്യാനെത്തുന്നത്. ബാറില്‍ നില്‍ക്കുന്ന ടൈസന്‍റെ അടുത്തേക്ക് പൊലീസ് വരുന്നത് വീഡിയോയില്‍ വ്യക്തമാണ്. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി തര്‍ക്കമുണ്ടാവുകയും ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തു.
കൈയില്‍ വിലങ്ങു വെക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളുടെ കഴുത്തിനു പിന്നില്‍ അമര്‍ത്തി പിടിച്ചിരിക്കുന്നതായും ടൈസണ്‍ ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറയുന്നതായും വീഡിയോയില്‍ കാണാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും സമാധാനപ്പെടാനുമാണ് പൊലീസ് ആവശ്യപ്പെടുന്നത്.
തുടര്‍ന്ന് ടൈസന്‍ ബോധരഹിതനാവുകയും പൊലീസ് സിപിആർ നല്‍കുകയും ചെയ്‌തു. ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ടൈസണ്‍ അവിടെവെച്ച് മരണപ്പെട്ടു. സംഭവത്തില്‍ ബ്യൂ ഷോനെഗ്ഗ്, കാംഡൻ ബർച്ച് എന്നീ ഉദ്യോഗസ്ഥര്‍ ഉല്‍പ്പെട്ടിട്ടുള്ളതിനാല്‍ ഡിപ്പാർട്ട്‌മെന്‍റ് പോളിസി പ്രകാരം രണ്ടുപേരെയും ശമ്പളത്തോടുകൂടിയ അഡ്‌മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ പുറത്തുവന്നതോടെ, കാന്‍റൺ മേയർ വില്യം ഷെറർ II പ്രസ്‌താവന പുറത്തിറക്കി. 'ഫ്രാങ്ക് ഇ ടൈസന്‍റെ മരണവുമായി ബന്ധപ്പെട്ട ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവിട്ടു. ടൈസന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ അവര്‍ക്ക് വ്യക്തിപരമായി അനുശോചനം അറിയിക്കുക, ഈ സമൂഹവുമായി കഴിയുന്നത്ര സുതാര്യമായിരിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം'.
ഈ അന്വേഷണം ബിസിഐയുടെ കൈയിലാണെന്നും അധികാരികൾക്ക് അവരുടെ ജോലി ചെയ്യാൻ ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നത് തുടരുമെന്നും മേയർ പറഞ്ഞു.
ALSO READ: വാഷിങ്‌ടണിൽ വെടിവയ്‌പ്പ് ; 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്