ബാങ്കോക്ക് : ജയിലില്‍ കഴിയുന്ന മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സ്യൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റിയതായി സൈനിക ഭരണകൂടം. ഉഷ്‌ണതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് നടപടി. രാജ്യത്ത് മുവായിരം തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കിയതായും സൈന്യം അറിയിച്ചു. പരമ്പരാഗത പുതുവര്‍ഷത്തോട് അനുബന്ധിച്ചാണ് നടപടിയെന്നും സൈന്യം വ്യക്തമാക്കി.
എഴുപത്തെട്ട് വയസുള്ള സ്യൂചി, അവരുടെ സര്‍ക്കാരിലെ പുറത്താക്കപ്പെട്ട പ്രസിഡന്‍റ് 72കാരനായ വിന്‍ മിന്‍റ് അടക്കമുള്ള പ്രായമേറിയ തടവുകാരെയാണ് കടുത്ത ചൂടിന്‍റെ പശ്ചാത്തലത്തില്‍ വീട്ടുതടങ്കലിലേക്ക് മാറ്റിയിരിക്കുന്നതെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ സാവ് മിന്‍ ടുണ്‍ അറിയിച്ചു. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മാത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് 2021ല്‍ സൈന്യം അധികാരം പിടിച്ചെടുത്തത് മുതല്‍ രാജ്യത്ത് ദേശവ്യാപക പ്രക്ഷോഭം അരങ്ങേറുകയാണ്. സ്യൂചിയെ തടവിലാക്കി, ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് രാജ്യത്ത് നടത്തിയ അക്രമരഹിത പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു.
സ്യൂചി ഇതുവരെ 27 വര്‍ഷത്തെ തടവുശിക്ഷ വിവിധ കുറ്റകൃത്യങ്ങളിലായി അനുഭവിച്ചുകഴിഞ്ഞു. തലസ്ഥാനമായ നെയ്‌പിറ്റാവിലാണ് ഇവര്‍ തടവില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്കെതിരെയുള്ള കേസുകളെല്ലാം രാഷ്‌ട്രീയ കാരണങ്ങളാല്‍ കെട്ടിച്ചമച്ചതാണെന്ന് സ്യൂചിയുടെ അനുയായികള്‍ പറയുന്നു. വിന്‍ മിന്‍റ് എട്ട് വര്‍ഷമായി മ്യാന്‍മറിലെ ബാഗോ മേഖലയിലുള്ള ടൗഗുവില്‍ തടവ് അനുഭവിക്കുകയാണ്.
കഴിഞ്ഞ ദിവസം നെയ്‌പിറ്റാവില്‍ 39 ഡിഗ്രി താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സ്യൂചിയെ ജയിലിലേക്ക് മാറ്റും മുമ്പ് സൈനികത്താവളത്തിലുള്ള സൈനിക സുരക്ഷയില്‍ തന്നെയുള്ള ഒരു വീട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വോയ്‌സ് ഓഫ് അമേരിക്കയോടും ബ്രിട്ടന്‍റെ ബിബിസിയോടും മാത്രമാണ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
മറ്റ് തടവുകാര്‍ക്ക് പുതുവര്‍ഷ അവധി ദിനത്തോട് അനുബന്ധിച്ച് മോചനം നല്‍കിയിട്ടുണ്ടെന്ന് രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ എംആര്‍ടിവി പ്രഖ്യാപിച്ചു. ഇവരില്‍ സൈനിക ഭരണകൂടത്തോട് കലഹിച്ചിരുന്ന ജനാധിപത്യ അനുകൂല പ്രവര്‍ത്തകരും രാഷ്ട്രീയ തടവുകാരും ഉണ്ടോയെന്ന് വ്യക്തമല്ല.
Also Read; ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം; കൊല്ലപ്പെട്ടത് ഏഴ് കുട്ടികളടക്കം 13 പേർ
ഭരണകൂടമായ സൈനിക കൗണ്‍സിലിന്‍റെ തലവന്‍ സീനിയര്‍ ജനറല്‍ മിന്‍ ആങ് ഹ്ലയിങ് 28 വിദേശികളടക്കം 3303 തടവുകാര്‍ക്ക് മാപ്പ് നല്‍കിയതായും എംആര്‍ടിവി അറിയിച്ചു. മറ്റ് ചിലരുടെ ശിക്ഷയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവധിക്കാലത്ത് കൂട്ട പൊതുമാപ്പ് നല്‍കല്‍ രാജ്യത്ത് പതിവാണ്.