കുഞ്ഞുങ്ങളെ കണ്ടാൽ വാരിപുണർന്ന് ചുംബിക്കുന്ന ശീലമുള്ള ആളുകൾ നിരവധിയാണ്. മൃദുവായ കവിൾതടങ്ങളും ഓമനത്തം തുളുമ്പുന്ന മുഖവും കണ്ടാൽ വാത്സല്യത്തോടെ ചുംബിക്കാൻ തോന്നാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ ? കുഞ്ഞുങ്ങളെ പ്രത്യേകിച്ച് നവജാത ശിശുക്കളെ ചുംബിക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. സ്വന്തം കുഞ്ഞാണെങ്കിൽ പോലും ചുംബനം ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. കാരണങ്ങൾ അറിയാം.
അണുബാധ ഉണ്ടാകാനുള്ള സാധ്യത വർധിക്കും
കുഞ്ഞുങ്ങൾക്ക് പൊതുവെ പ്രതിരോധശേഷി കുറവാണ്. അതിനാൽ അണുക്കൾ വളരെ വേഗം കുഞ്ഞുങ്ങളുടെ ശരീരത്തിൽ പ്രവേശിക്കും. ഒരാൾ കുഞ്ഞുങ്ങളെ ചുംബിക്കുന്നത് വഴി അണുക്കൾ കുഞ്ഞിന്‍റെ ശരീരത്തിൽ എത്തുകയും പല രോഗങ്ങൾക്ക് കാരണമാകുകയും ചെയ്തേക്കാം. സാധാരണ ഒരാളെ സംബന്ധിച്ച് ജലദോഷം, ചുമ, പനി എന്നിവ എളുപ്പത്തിൽ സുഖപ്പെടുത്താവുന്ന രോഗങ്ങളാണ്. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത് മാരകമായേക്കാം.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത
കുഞ്ഞുങ്ങളുടെ മുഖത്തോ ചുണ്ടിലോ ചുംബിക്കുന്നത് പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ പകരാൻ കാരണമായേക്കും. നവജാത ശിശുക്കൾക്ക് പൂർണ്ണമായി വാക്‌സിനേഷൻ നൽകാത്തതിനാൽ ഗുരുതരമായ അണുബാധകൾ പടരാനുള്ള സാധ്യതയും കൂടുതലാണ്.
ചുണ്ടുകളിലെ അണുബാധയ്ക്ക് കാരണമാകാം
വളരെ സെൻസിറ്റീവ് ആയ ചർമ്മമാണ് കുഞ്ഞുങ്ങളുടേത്. നിങ്ങളുടെ ചർമ്മത്തിൽ ഹെർപ്പസ് വൈറസ് ഉണ്ടെങ്കിൽ ചുംബിക്കുന്നത് വഴി കുഞ്ഞിലേക്ക് പകരാം. ഇത് കുഞ്ഞിന്‍റെ ചുണ്ടുകളിലും ചുറ്റുമുള്ള ചർമ്മത്തിലും വ്രണങ്ങൾ ഉണ്ടാക്കാൻ കാരണമാകും. ഈ അണുബാധ മാറാൻ ദിവസങ്ങൾ വേണ്ടിവരുന്നു.
ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകാം
ലിപ്സ്റ്റിക്ക്, ലിപ് ബാം എന്നിവ ഉപയോഗിച്ച ശേഷം കുഞ്ഞുങ്ങളെ ചുംബിക്കാൻ പാടില്ല. ഇത്തരം ഉൽപ്പന്നങ്ങളിൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ദോഷകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിൻ്റെ മുഖത്ത് ചൊറിച്ചിൽ, ചുണങ്ങ് തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയാക്കും. അതേസമയം കുഞ്ഞുങ്ങളുടെ കവിളുകളിൽ ചുംബിക്കുന്നതിന് പകരം കൈകൾ, കാലുകൾ, വയർ എന്നീ ഭാഗങ്ങളിൽ ചുംബിക്കാം.
ഒരു കുഞ്ഞിനെ സുരക്ഷിതമായി ചുംബിക്കാവുന്നത് എപ്പോൾ ?
ആദ്യത്തെ 2 മുതൽ 3 മാസത്തിനുള്ളിൽ കുഞ്ഞിൻ്റെ പ്രതിരോധശേഷി വളരെ കുറവായിരിക്കും. ഈ സമയത്ത് കുഞ്ഞിനെ നന്നായി പരിപാലിക്കേണ്ടത് പ്രധാനമാണ്. 3 മുതൽ 4 മാസത്തിനു ശേഷം നിങ്ങൾക്ക് കുഞ്ഞുങ്ങളെ ചുംബിക്കാം. എന്നാൽ കവിളിലോ ചുണ്ടിലോ ചുംബിക്കാൻ പാടില്ല. പുറത്ത് പോയി വന്നാൽ ശുചിയായതിന് ശേഷം മാത്രം ചുംബിക്കുക. അതേസമയം കുഞ്ഞിനെ ചുംബിക്കാൻ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ അനുവദിക്കരുത്.