യുവാക്കൾക്കിടയിൽ ഇന്ന് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വർധിച്ചു വരികയാണ്. അമിതമായ പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഓറൽ ക്യാൻസർ അഥവാ വദനാർബുദം വർധിക്കാൻ കാരണമാകുന്നു. ഇതിനോടൊപ്പം മദ്യപാനം കൂടിയാകുമ്പോൾ വായിലെ ക്യാൻസറിനുള്ള സാധ്യത കൂടുന്നു. പോഷകാഹാര കുറവ്, ജനിതകപരമായ കാരണങ്ങൾ, പ്രതിരോധശേഷി ഇല്ലായ്‌മ തുടങ്ങിയവയും വായിലെ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളാണ്.
ചുണ്ടുകൾ, കവിൾ, സൈനസുകൾ, നാവ്, അണ്ണാക്ക്, വായുടെ അടിഭാഗം എന്നിവിടങ്ങളിലാണ് വായിലെ അർബുദം കണ്ടുവരുന്നത്. മിക്ക കേസുകളിലും കഴുത്തിലേക്ക് പടർന്നതിന് ശേഷമാണ് രോഗം തിരിച്ചറിയാറുള്ളത്. പൊതുവെ രോഗനിർണയം നടത്താൻ വൈകുന്നതിനാൽ തന്നെ ഓറൽ ക്യാൻസർ പലപ്പോഴും ഗുരുതരമാകാറുണ്ട്. എന്നാൽ രോഗം നേരത്തെ തിരിച്ചറിഞ്ഞാൽ ഈ ക്യാൻസറിനെ പൂർണമായും കീഴടക്കാൻ സാധിക്കും.
ഇന്ത്യയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതിൽ മൂന്നാമതാണ് ഓറൽ ക്യാൻസറിന്‍റെ സ്ഥാനം. ലോകത്തിലെ ഓറൽ ക്യാൻസർ ബാധിതരിൽ മൂന്നിൽ ഒന്നും ഇന്ത്യയിലാണെന്നുള്ളതും ആശങ്ക വർധിപ്പിക്കുന്നു. 40 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് കൂടുതലായും ഓറൽ ക്യാൻസർ കണ്ടുവരുന്നതെങ്കിൽ ഇന്ന് യുവാക്കൾക്കിടയിലും ഇത് സാധാരണയാവുകയാണ്.
പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ ?
വായ, ചുണ്ട്, തൊണ്ട എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഉണങ്ങാത്ത മുറിവുകളാണ് ഓറൽ ക്യാൻസറിന്‍റെ പ്രധാന ലക്ഷണം. വായിൽ രക്തം കാണപ്പെടുക, ഭക്ഷണം വിഴുങ്ങാനും ചവയ്ക്കാനുമുള്ള ബുദ്ധിമുട്ട് വായ്ക്കുള്ളിലും ചുണ്ടിലും അസാധാരണമായ ചുവപ്പ് നിറം, വെപ്പ് പല്ലുകൾ വയ്ക്കുമ്പോൾ അസാധാരണമായ ബുദ്ധിമുട്ട് നേരിടുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.
പല്ലുകൾ കൊഴിയുക, ശബ്‌ദം മാറുക, സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുക, നാവ്, താടിയെല്ല് എന്നിവ ചലിപ്പിക്കുമ്പോൾ വേദന അനുഭവപ്പെടുക, വായിലെ മരവിപ്പ്, കഴുത്തിലുണ്ടാകുന്ന തടിപ്പ്, എപ്പോഴുമുള്ള ചെവി വേദന, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയുക എന്നിവയെല്ലാം ഇതിന്‍റെ മറ്റ് ലക്ഷണങ്ങളാണ്.
നേരത്തെ എങ്ങനെ തിരിച്ചറിയാം ?
ദിവസവും ബ്രഷ് ചെയ്യുമ്പോൾ സ്വയം പരിശോധന നടത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഓറൽ ക്യാൻസർ നേരത്തെ കണ്ടെത്താൻ സാധിക്കും. വായ്ക്കുള്ളിൽ വെളുത്തതോ ചുവന്നതോ ആയ പാടുകളോ ഉണങ്ങാത്ത മുറിവുകളോ ഉണ്ടെന്ന് കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്‌ധരെ സമീപിച്ച് രോഗം നിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.
ക്യാൻസർ പിടിപെട്ടാൽ നേരത്തെ ചികിത്സ ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഇത് ക്യാൻസർ വ്യാപനത്തെ തടയാൻ സഹായിക്കും. പ്രാരംഭഘട്ടത്തിൽ രോഗം തിരിച്ചറിയാതെ പോയാൽ ചില ഭാഗങ്ങൾ മുറിച്ചു മാറ്റേണ്ട സ്ഥിതിയുണ്ടാക്കും. ആദ്യഘട്ടത്തിൽ തന്നെ ക്യാൻസറിനെ കണ്ടെത്താൻ സാധിച്ചാൽ രോഗവിമുക്തി ഉറപ്പാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ഭക്ഷണം കഴിക്കുമ്പോൾ ഈ ലക്ഷണങ്ങൾ ഉണ്ടോ ? ക്യാൻസറിന്‍റെ സൂചനകളായേക്കാം