എംപോക്‌സ് (MPOX) ആഫ്രിക്കൻ രാജ്യങ്ങളില്‍ വിശേഷിച്ച് കോംഗോയില്‍ അതിതീവ്രമായി പടര്‍ന്നുപിടിയ്‌ക്കുന്ന പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ ആഗോളതലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സമിതി യോഗം ചേര്‍ന്ന് നിലിവിലെ സ്ഥിതിഗതികള്‍ സുക്ഷ്‌മമായി വിലയിരുത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
'എംപോക്‌സ്' അടുത്ത മഹാമാരിയോ...? ലോകാരോഗ്യസംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊവിഡ് മഹാമാരി പോലെ എംപോക്‌സും ജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോക ജനത. എന്നാല്‍, എംപോക്‌സിന്‍റെ കാര്യത്തില്‍ കൂടുതല്‍ ആശങ്ക വേണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ലോകത്തെ ഒന്നടങ്കം വിറപ്പിച്ച കൊവിഡ്, സ്വയ്‌ൻ ഫ്ലൂ (പന്നിപ്പനി) എന്നിവയെപ്പോലെയാകില്ല എംപോക്‌സ്.
കൊവിഡിന്‍റെയും പന്നിപ്പനിയുടെയും വൈറസുകള്‍ പ്രധാനമായും വായുവിലൂടെയാണ് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ന്നിരുന്നത്. വൈറസ് ബാധയേറ്റാലും രോഗലക്ഷണങ്ങള്‍ പ്രകടമാകാൻ വൈകുന്നതുകൊണ്ടും ഇവ മറ്റൊരാളിലേക്ക് വേഗത്തില്‍ തന്നെ എത്തിപ്പെടും. എന്നാല്‍, എംപോക്‌സ് രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്.
രോഗബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കിയാല്‍ തന്നെ രോഗത്തിന്‍റെ പകര്‍ച്ചയെ ഒരു പരിധി വരെ തടയാൻ സാധിക്കും. കൂടാതെ, അവര്‍ ഉപയോഗിച്ച വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ പങ്കിടാതിരിക്കുന്നതിലൂടെയും രോഗവ്യാപനം ഒരു പരിധി വരെ തടയാം.
കൊവിഡും എംപോക്‌സും തമ്മിലുള്ള വ്യത്യാസം: കൊവിഡിനെ പോലെയല്ല എംപോക്‌സ് എന്ന് അതിന്‍റെ വ്യാപനത്തില്‍ നിന്നും തന്നെ മനസിലാക്കാൻ സാധിക്കുന്നതാണ്. കൊവിഡില്‍ നിന്നും വ്യത്യസ്‌തമായി വളരെ സാവധാനത്തിലാണ് എംപോക്‌സ് പടര്‍ന്നുപിടിക്കുന്നത്. ചൈനയിലെ വുഹാനില്‍ കൊവിഡിന്‍റെ ആദ്യ കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വളരെ വേഗത്തിലായിരുന്നു രോഗവ്യാപനം ഉണ്ടായത്.
കൊവിഡ് 19നെ ഒരു പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചപ്പോഴേക്കും ലോകത്താകമാനും 126,000-ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 4,600 മരണങ്ങള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു. ആദ്യ കേസ് സ്ഥിരീകരിച്ച് മൂന്ന് മാസം കൊണ്ടായിരുന്നു രോഗവ്യാപനം ഇത്രയുമായത്.
ഇതിന് നേര്‍ വിപരീതമാണ് എംപോക്‌സ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 2022 മുതല്‍ ആഗോള തലത്തില്‍ എം പോക്‌സ് 100,000 പേര്‍ക്കാണ് ബാധിച്ചിട്ടുള്ളത്. രോഗബാധ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം 200 ആണ്. വാക്‌സിനുകളും ചികിത്സകളും ലഭ്യമായതുകൊണ്ട് തന്നെ കൊവിഡ് വരുത്തിയത് പോലൊരു വിനാശം എംപോക്‌സ് ലോകത്ത് ഉണ്ടാക്കില്ലെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
രോഗ വ്യാപനം എത്ര നാള്‍?: 70ല്‍ അധികം രാജ്യങ്ങളിലായിരുന്നു 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ കൊണ്ട് തന്നെ രോഗവ്യാപനം മന്ദഗതിയിലാകുകയായിരുന്നു. ഇത്തവണ, ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഭൂരിഭാഗം എംപോക്‌സ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതില്‍ മരണങ്ങള്‍ കൂടുതല്‍ സംഭവിച്ചിരിക്കുന്നത് കോംഗോയിലും. ആവശ്യപ്പെട്ട വാക്‌സിനുകള്‍ ലഭിക്കാത്ത സാഹചര്യമാണ് കോംഗോയിലെ അവസ്ഥ മോശമാക്കിയിരിക്കുന്നത്.