കേരളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യയിലുടനീളം ധാരാളമായി ലഭിക്കുന്ന ഒന്നാണ് നൊങ്ക്. പലരും ഏറെ ഇഷ്ട്ടത്തോടെ കഴിക്കുന്ന പനനൊങ്കിന് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ വേണ്ടിയാണ് പലരും നൊങ്ക് കഴിക്കാറ്. എന്നാൽ പതിവായി ഇത് കഴിക്കുന്നവർക്ക് പോലും നൊങ്കിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വേണ്ടത്ര അറിവില്ല. ജലാംശം കൂടുതലുള്ളതിനാൽ തന്നെ ദഹനം എളുപ്പമാക്കുകയും മലബന്ധം ഒഴിവാക്കാനും നൊങ്ക് സഹായിക്കുന്നു. മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും ഇത് വളരെയേറെ ഗുണം ചെയ്യുന്നു. ഐസ് ആപ്പിൾ എന്നും ഇത് അറിയപ്പെടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നൊങ്കിന്‍റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നൊങ്ക് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, ഫോസ്‌ഫറസ്, കാൽസ്യം എന്നിവ ലഭിക്കുന്നുവെന്ന് ആയുർവേദ ഡോക്‌ടർ നഹുഷ് കുണ്ഡെ പറയുന്നു.
നൊങ്കിലെ പോഷകങ്ങൾ
കാൽസ്യം
പ്രോട്ടീൻ
നാരുകൾ
വിറ്റാമിനുകൾ സി, എ, ഇ, കെ
അയേൺ
പൊട്ടാസ്യം
സിങ്ക്
ഫോസ്‌ഫറസ്
നൊങ്കിന്‍റെ ഗുണങ്ങൾ എന്തൊക്കെ ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിൽ പകർച്ച വ്യാധികൾ പിടിപെടാൻ സാധ്യത ഏറെയാണ്. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നു.
ശരീരത്തിന് തണുപ്പ് നൽകാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു
ശരീരഭാരം കുറയ്ക്കാനും ചീത്ത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു
ദഹനം മെച്ചപ്പെടുത്തുന്നു
കരളിൻ്റെ ആരോഗ്യം നിലനിർത്താൻ നൊങ്ക് പ്രധാന പങ്ക് വഹിക്കുന്നു
ചൊറിച്ചിൽ, ചുണങ്ങു തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുന്നു
ഗർഭിണികൾക്ക് പോഷകാഹാരം വർദ്ധിപ്പിക്കുന്നു
വിളർച്ച തടയുന്നു
ചർമ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുന്നു
പ്രമേഹത്തിനുള്ള മികച്ച പ്രതിവിധി
നോങ്കിൽ കാർബോഹൈഡ്രേറ്റിന്‍റെ അളവ് കുറവായതിനാൽ ഇത് പ്രമേഹരോഗികൾക്ക് കഴിക്കാം. ഇതിലെ പൊട്ടാസ്യം ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഫ്രഷ് നൊങ്ക് സ്വാഭാവിക രൂപത്തിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. പ്രമേഹ രോഗികൾ പ്രഭാത ഭക്ഷണത്തോടൊപ്പം നൊങ്ക് കഴിക്കുന്നത് ഗുണം വർധിപ്പിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ജലാംശം ദീർഘനേരം വിശപ്പിനെ തടയുകയും ഇത് വഴി ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനും നിങ്ങളെ സഹായിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: പ്രമേഹം നിയന്ത്രിക്കാം, മരുന്നില്ലാതെ... അടുക്കളയിലെ ഈ ഇത്തിരിക്കുഞ്ഞന്‍ മാത്രം മതി!