ശക്തമായ കോർ പേശികൾ ഉണ്ടെങ്കില്‍ പല ശാരീരിക ജോലികളും ചെയ്യാൻ എളുപ്പമാണ്. വയര്‍, പുറം, പെൽവിക് പേശികൾ എന്നിവയെല്ലാം കോർ മസ്‌കുലർ ഗ്രൂപ്പിൻ്റെ ഭാഗമാണ്. കോര്‍ പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ നോക്കാം.
ബേസിക് പ്ലാങ്ക് : നിങ്ങളുടെ കൈമുട്ടുകൾ തോളിന് താഴെ തറയിൽ വയ്ക്കുക, കൈത്തണ്ടകൾ പരസ്‌പരം സമാന്തരമായി വയ്ക്കണം. ശേഷം കാൽവിരലുകളിൽ ശക്തി കൊടുത്ത് ശരീരം ഉയർത്തുക.
കൈമുട്ടുകളിലും കാല്‍ വിരലുകളിലും ശക്തികൊടുത്ത് ശരീരം തറയ്ക്ക് സമാന്തരമായി നിര്‍ത്തണം. നിങ്ങളുടെ ശരീരത്തിന്‍റെ അടിഭാഗം വായുവിലേക്ക് ഉയർത്തുകയോ വയറു താഴ്ത്തുകയോ ചെയ്യരുത്. അങ്ങനെ ചെയ്‌താല്‍ പ്ലാങ്ക് ചെയ്യുന്നത് കൊണ്ട് ഫലം ഉണ്ടാവില്ല.
അബ്‌ഡൊമിനല്‍ ക്രഞ്ച് : കോര്‍ മസിലുകള്‍ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന വ്യായാമമാണിത്. അതിനായി നിങ്ങളാദ്യം നിലത്ത് മലര്‍ന്ന് കിടക്കുക. നിങ്ങളുടെ കാൽമുട്ടുകളും ഇടുപ്പും 90 ഡിഗ്രിയിൽ വളയ്ക്കുക. തറയിൽ നിന്ന് നിങ്ങളുടെ തലയും തോളും ഉയർത്തുക.
കഴുത്തിലുണ്ടാകുന്ന പിരിമുറുക്കം കുറയ്ക്കാൻ, കൈകൾ തലയ്ക്ക് പിന്നിൽ പിടിക്കുന്നതിന് പകരം നെഞ്ചിൽ വയ്ക്കുക. ഇങ്ങനെ നിന്നുകൊണ്ട് മൂന്നുവട്ടം ആഴത്തില്‍ ശ്വാസമെടുക്കുക.
സ്വിസ് ബോൾ ജാക്ക് നൈഫ് : ഒരു സ്റ്റെബിലിറ്റി ബോളിൽ നിങ്ങളുടെ കണങ്കാല്‍ കയറ്റിവച്ച് കൈ തറയില്‍ കുത്തി പ്ലാങ്ക് പൊസിഷനിൽ നില്‍ക്കുക, വ്യായാമത്തിലുടനീളം നിങ്ങളുടെ പുറം നേരെ നിലനിർത്താൻ ഓർമിക്കുക. കാൽമുട്ടുകൾ നെഞ്ചിലേക്ക് കൊണ്ടുവരിക. അപ്പോള്‍ നിങ്ങളുടെ കൈകളുടെ അടുത്തേക്ക് പന്തും നീങ്ങുന്നു. തുടര്‍ന്ന് പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുക. പുറം ഭാഗം നേരെയാക്കി വ്യായമത്തിലുടനീളം വയ്ക്കുക എന്നതാണ് ഇതിലെ വെല്ലുവിളി.
സുപൈൻ ടോ ടാപ്പ് : ഇതൊരു അടിസ്ഥാന പൈലേറ്റ്സ് വ്യായാമമാണ്. ഇത് നിങ്ങളുടെ കോർ പേശികള്‍ക്കും കാലുകള്‍ക്കും ഇടുപ്പിനുമുള്ള വ്യായാമമാണ്. നടുവിന് പ്രശ്‌നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ക്രഞ്ചിനേക്കാള്‍ മികച്ച വ്യായമമാണ് ടോ ടാപ്പ്.
ബൈസൈക്കിൾ ക്രഞ്ച് : ഇത് ചെയ്യാനായി തറയില്‍ ചരിഞ്ഞു കിടക്കുക. ഇടത് കാല്‍മുട്ട് വളച്ച് നെഞ്ചിന്‍റെ അടുത്തേക്ക് കൊണ്ട് വരിക. വലത് കാൽ തറയില്‍ നിന്ന് അല്‍പം മുകളിലേക്കുയര്‍ത്തി നേരെ വയ്ക്കുക. കൈകൾ കഴുത്തിന് പിന്നിലോ തലയുടെ താഴെയായോ വയ്ക്കുക. ഈ വ്യായാമം ചെയ്യുമ്പോള്‍ കഴുത്തിൽ വലിക്കരുത്.