ഔഷധ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് തേങ്ങാപ്പാൽ. കേരളീയർ കൂടുതലായും തേങ്ങാപാൽ ഉപയോഗിക്കുന്നത് ഭക്ഷണ സാധനങ്ങൾക്ക് രുചി വർധിപ്പിക്കാനായാണ്. തേങ്ങാപാൽ വെറുതെ കുടിക്കാൻ ഇഷ്‌ടപ്പെടുന്നവരുടെ എണ്ണവും ചെറുതല്ല. എന്നാൽ തേങ്ങാപാലിന്‍റെ ഉപയോഗം പലവിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ചർമ്മം സംരക്ഷിക്കാനും മുടിയുടെ ആരോഗ്യത്തിനും തേങ്ങാപാൽ വളരെ ഗുണം ചെയ്യുന്നു. ഇതിനായി തേങ്ങാപ്പാൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാം.
പ്രകൃതിദത്ത മോയ്‌സ്‌ചറൈസർ
വിറ്റാമിൻ സി, എ, അയേൺ, കാൽസ്യം, പ്രോട്ടീനുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് തേങ്ങാപ്പാൽ. ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ഇത് വളരെയധികം സഹിക്കുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. വരണ്ട ചർമ്മമുള്ള ഒരാളാണ് നിങ്ങളെങ്കിൽ തേങ്ങാപാൽ നല്ലൊരു പരിഹാര മാർഗമാണ്. തേങ്ങാപാൽ ചർമ്മത്തിൽ പുരട്ടിയ ശേഷം വൃത്താകൃതിയിൽ നന്നായി മസാജ് ചെയ്യുക. 30 മിനുട്ട് കഴിഞ്ഞ് അൽപ്പം മഞ്ഞൾപൊടി ചേർത്ത ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്നു.
തേങ്ങാപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ചർമ്മത്തിലെ ജലാംശം നിലനിർത്താനുള്ള മോയ്‌സ്‌ചറൈസറായി പ്രവർത്തിക്കുന്നുവെന്ന് 2018 ൽ "ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി" പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. റായ്‌പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രമുഖ പോഷകാഹാര വിദഗ്‌ധനായ ഡോ പ്രമോദ് കുമാർ ഉൾപ്പെടെയുള്ളവർ നടത്തിയ ഗവേഷണമാണ് ഇത് വ്യക്തമാക്കുന്നത്.
മുടിയുടെ ആരോഗ്യം
മുടിയുടെ പ്രശ്‌നങ്ങൾ തടയാനും ആരോഗ്യകരമായി നിലനിർത്താനും തേങ്ങാപ്പാൽ ഫലപ്രദമാണ്. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ മുടികൊഴിച്ചിൽ, താരൻ എന്നിവ കുറയ്ക്കുകയും മുടി നന്നായി വളരാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിനായി തലയോട്ടിയിലും മുടിയിലും തേങ്ങാപ്പാൽ പുരട്ടി നന്നായി മസാജ് ചെയ്യക. ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തലകഴുകാനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണ് ഉത്തമം.
ചർമ്മത്തിന് തിളക്കം നൽകുന്നു
തേങ്ങാപ്പാലിൽ ലോറിക് ആസിഡ്, വിറ്റാമിൻ സി തുടങ്ങീ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ് എന്നിവയ്ക്ക് പുറമെ മറ്റ് ചർമ്മ പ്രശ്‌നങ്ങളും തടയാൻ ഇത് ഫലപ്രദമാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
ഇതിനായി തേങ്ങാപാൽ ഉപയോഗിച്ച് ഒരു ഫേസ് സ്‌ക്രബ് ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. കുറച്ച് തേങ്ങാപ്പാൽ എടുത്ത് അതിലേക്ക് അൽപ്പം തേനും മഞ്ഞളും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടുക. 10 മുതൽ 15 മിനുട്ടിനു ശേഷം കഴുകികളയാം. ഇങ്ങനെ ചെയ്യുന്നതിലൂടെ മൃതകോശങ്ങളെ നീക്കി ചർമ്മത്തിന് കൂടുതൽ തിളക്കം നല്‌കാൻ സഹായിക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.