ഉത്തരേന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ആഹാരമാണ് റൊട്ടി. ദക്ഷിണേന്ത്യക്കാരെ അപേക്ഷിച്ച് ഇവിടെ റൊട്ടി പാകം ചെയ്യുന്ന രീതിവരെ വ്യത്യസ്‍തമാണ്. പാൻ ഉപയോഗിച്ച് റൊട്ടി വേവിക്കുന്നതിനു പകരം നേരിട്ട് തീയിൽ വേവിച്ചെടുക്കാറാണ് പതിവ്. എന്നാൽ ഇങ്ങനെ പാകം ചെയ്യുന്ന റൊട്ടി കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് സമീപകാലത്ത് നടത്തിയ ചില പഠനങ്ങൾ കണ്ടെത്തി.
ഉയർന്ന താപനിലയിൽ നേരിട്ട് റൊട്ടി, ബ്രെഡ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പാചകം ചെയ്യുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് 2018 ൽ ജേണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച "പാചകം ചെയ്യുമ്പോൾ ഭക്ഷണങ്ങളിൽ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (പിഎഎച്ച്) രൂപീകരണം" എന്ന പഠനം കണ്ടെത്തിയിരുന്നു. ഡോ ജെ എസ് ലീ, ഡോ ജെ എച്ച് കിം, ഡോ വൈ ജെ ലീ എന്നിവർ ഉൾപ്പെടെയുള്ള ഗവേഷകരുടേതാണ് കണ്ടെത്തൽ.
ഉയർന്ന ചൂടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ക്യാൻസറിന് കാരണമാകുന്ന അക്രിലാമൈഡ്, ഹെറ്ററോസൈക്ലിക് അമൈൻസ് (എച്ച്സിഎ), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പിഎഎച്ച്) തുടങ്ങിയ സംയുക്തങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് ഗവേഷകർ പറയുന്നു. റൊട്ടിക്ക് പുറമെ മാംസം നേരിട്ട് തീയിൽ പാകം ചെയ്യുന്നതും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ഈ ക്യാൻസർ സാധ്യത ഒഴിവാക്കാൻ ഗവേഷകർ ചില നിർദേശങ്ങൾ നൽകുന്നു.
കാൻസർ സാധ്യത എങ്ങനെ കുറയ്ക്കാം?
ബ്രെഡ് കത്തിക്കരുത്
കുറഞ്ഞ താപനിലയിൽ ഉണ്ടാക്കിയ റൊട്ടി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതിനാൽ നേരിട്ട് തീയിൽ പാകം ചെയ്യാതെ കുറഞ്ഞ ചൂടിൽ റൊട്ടി തയ്യാറാക്കുക. റൊട്ടി പകമാകുന്നതിനു മുൻപ് ഇടയ്ക്കിടെ തിരിച്ചിടണം. ഇത് കരിഞ്ഞു പോകാതിരിക്കാൻ സഹായിക്കും. റൊട്ടി കഴിക്കുന്നതിന് മുൻപ് കരിഞ്ഞതോ കറുത്തതോ ആയ ഭാഗങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
കുറഞ്ഞ അളവിൽ കഴിക്കുക
നേരിട്ട് തീയിൽ പാകം ചെയ്‌ത റൊട്ടി കഴിക്കാൻ ഇഷ്‌ടമുള്ള ഒരാളാണ് നിങ്ങളെങ്കിൽ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക. പകരം കൂടുതൽ സമീകൃതാഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
തവയിൽ റൊട്ടി ചുടുന്നതിനുള്ള നുറുങ്ങുകൾ
റൊട്ടി ഉണ്ടാക്കാനായി തവ, ചട്ടി, പാൻ എന്നിവ ഉപയോഗിക്കുക. ഉയർന്ന ചൂടിനെ ഇവ ആഗിരണം ചെയുകയും കുറഞ്ഞ ചൂടിൽ റൊട്ടി പാകം ചെയ്യാനും ഇത് സഹായിക്കും. ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങളുടെ ഉത്പാദനത്തെ തടയാനും ഇത് സഹായിക്കുന്നു.
ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക
കൂടുതൽ റൊട്ടി കഴിക്കന്നവർ ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പഠനം ശുപാർശ ചെയ്യുന്നു. ഫ്രീ റാഡിക്കലുകൾ, ഓക്‌സിഡേറ്റീവ് സ്ട്രെസ് എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കും. ഇതുവഴി ക്യാൻസർ സാധ്യത തടയാനും സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ ക്യാൻസറിന് കരണമാകുമോ? ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്