ന്യൂഡെൽഹി: കൊവിഡ് 19 വാക്‌സിൻ സ്വീകരിച്ചവരിൽ "ബ്രേക്ക്‌ത്രൂ" അല്ലെങ്കിൽ അണുബാധകൾ ആവർത്തിച്ച് ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ പ്രതിരോധ കോശങ്ങൾക്ക് ഭാവിയിൽ സാർസ് കൊവിഡ് 2 അണുബാധകൾക്കെതിരെ "ഇമ്മ്യൂണിറ്റി വാൾ" നിർമ്മിക്കാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ. കാലിഫോർണിയയിലെ ലാ ജൊല്ല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജിയിലെ (എൽജെഐ) ഗവേഷകസംഘം രക്‌തസാമ്പിളുകൾ പരിശോധിച്ചപ്പോൾ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളിൽ നിന്ന് ആളുകൾ അണുബാധകൾ അനുഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുവാനും, അതിനെതിരെ വികസിപ്പിച്ച ടി-സെല്ലുകൾ സാർസ് കൊവിഡ് 2നെ തിരിച്ചറിയുന്നതിനും ലക്ഷ്യമിടുന്നതിനും മികച്ചതാണെന്ന് കണ്ടെത്തുകയും ചെയ്‌തു.
"വൈറസ് പരിണമിക്കുകയും രോഗപ്രതിരോധ സംവിധാനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ടി-കോശങ്ങൾ വെറുതെ ഇരിക്കാതെ പരിവർത്തനം ചെയ്യുന്ന വൈറസിൻ്റെ ഭാഗങ്ങളെ തിരിച്ചറിയുകയും പഠിക്കുകയും ചെയ്യുന്നു". എൽജെഐയിലെ പ്രൊഫസറായ അലസ്സാൻഡ്രോ സെറ്റ് പറഞ്ഞു. ഒന്നിലധികം അണുബാധകൾ കാരണം കോശങ്ങൾക്ക് സാർസ് കൊവിഡ് 2 ലെ സവിശേഷതകൾ അല്ലെങ്കിൽ ആൻ്റിജനുകളെ തിരിച്ചറിയാൻ കഴിയും. തൽഫലമായി, അതിൻ്റെ ഒരു ഭാഗം പരിവർത്തനം ചെയ്യപ്പെട്ടാലും ടി-സെല്ലുകൾക്ക് സാർസ് കൊവിഡ് 2നെ തിരിച്ചറിയാനും ലക്ഷ്യംവെയ്ക്കാനും കഴിയുമെന്ന് ഗവേഷകർ പറയുന്നു.
സെൽ റിപ്പോർട്ട്‌സ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നത് ലക്ഷണമില്ലാത്ത ബ്രേക്ക്‌ത്രൂ അണുബാധകൾ ടി-സെൽ പ്രതികരണങ്ങളെ വർദ്ധിപ്പിക്കുന്നുവെങ്കിലും അതിൻ്റെ പ്രഭാവം അത്ര പ്രാധാന്യമുള്ളതല്ല എന്നാണ്. കൂടാതെ, സാർസ് കൊവിഡ് 2 നെതിരെ ക്രോസ്-റിയാക്‌ടീവ് ആൻ്റിബോഡികൾ ഉത്പാദിപ്പിക്കാൻ ബി-കോശങ്ങളെ ബ്രേക്ക്‌ത്രൂ അണുബാധകൾ നയിക്കുകയും ഈ ആൻ്റിബോഡികളിൽ ഭൂരിഭാഗവും പുതിയ വൈറൽ വകഭേദങ്ങളെയും ഒറിജിനൽ വാക്‌സിൻ ആൻ്റിജനുകളെയും ലക്ഷ്യം വച്ചുള്ളതാണെന്നും ഗവേഷകർ കണ്ടെത്തി.
“പുതിയ ബി കോശങ്ങൾ പ്രതികരിക്കുന്നത് അണുബാധയുള്ള വകഭേദത്തിന മാത്രമാണ്. വാക്‌സിന് പ്രതികരിക്കുന്നത് വളരെ അപൂർവമായിട്ടാണ്” എൽജെഐ ഇൻസ്ട്രക്‌ടർ പർഹാം റമേസാനി-റാദ് പറഞ്ഞു. ബ്രേക്ക്‌ത്രൂ അണുബാധകൾ വാക്‌സിനു മുകളിൽ ഒരു വ്യക്‌തിക്ക് കൂടുതൽ സംരക്ഷണ പാളികൾ നൽകുമെന്ന് ഗവേഷകർ കണ്ടെത്തുകയും ചെയ്‌തു.
കൊവിഡ് വാക്‌സിൻ നൽകുന്നത് കൈയുടെ മുകൾ ഭാഗത്താണ്. പ്രതിരോധ കോശങ്ങൾ വൈറസിനെതിരെ പോരാടുന്നത് മുകളിലെ ശ്വസനവ്യവസ്ഥയിൽ നിന്ന് വളരെ അകലെയാണ്. പക്ഷേ, സാർസ് കൊവിഡ് 2 ആദ്യം ബാധിക്കുന്നത് മുകളിലെ ശ്വാസനാളത്തെയാണ്. അതായത് അണുബാധയുടെ സ്ഥലത്തേക്ക് രോഗപ്രതിരോധ കോശങ്ങൾ എത്തുന്നതിൽ കാലതാമസം ഉണ്ടാകാം. ഇത് ബ്രേക്ക്‌ത്രൂ അണുബാധക്ക് നയിക്കുമെന്ന് ഗവേഷകർ പറഞ്ഞു.
Also Read : എണ്ണിയാല്‍ തീരില്ല ഗ്രാമ്പുവിന്‍റെ ഗുണങ്ങള്‍: കഴിക്കുമ്പോള്‍ സൂക്ഷിക്കണം, ഇല്ലെങ്കില്‍ പണികിട്ടും