ശരീരഭാരം കുറയ്ക്കാൻ പല രീതിയിൽ കഠിനാധ്വാനം ചെയ്യുന്നവർ നമുക്കിടയിലുണ്ട്. വ്യായാമം, ഡയറ്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇഷ്‌ട മുള്ള ഭക്ഷണങ്ങൾ ഉപേക്ഷിച്ചും പട്ടിണി കിടന്നും ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരും നിരവധിയാണ്. എന്നാൽ ശരീരഭാരം നിയന്ത്രിക്കാൻ ഏറ്റവും ലളിതമായ ഒരു മാർഗമാണ് നടത്തം. ഭക്ഷണശേഷം 10 മിനിറ്റ് നടക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിലുപരി മാനസികാരോഗ്യം നിലനിർത്താനും ദഹനം എളുപ്പമാക്കാനും സഹായിക്കും. വേറെയുമുണ്ട് നിരവധി ഗുണങ്ങൾ. അവ എന്തൊക്കെയെന്ന് അറിയാം.
പ്രമേഹം നിയന്ത്രിക്കും
ഭക്ഷണം കഴിച്ചതിന് ശേഷമുള്ള നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഭക്ഷണത്തിന് ശേഷമുള്ള നടത്തം സഹായിക്കുമെന്ന് 2017 ൽ മെഡിസിൻ ആൻഡ് സയൻസ് ഇൻ സ്‌പോർട്‌സ് ആൻഡ് എക്‌സർസൈസിൽ (2017) പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി. മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണകരമാണ്.
രക്തസമ്മർദ്ദം കുറയ്ക്കും
രക്തസമ്മർദ്ദം കുറയ്ക്കാൻ ഭക്ഷണശേഷമുള്ള നടത്തം നിങ്ങളെ സഹായിക്കും. ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും.
ദഹനം മെച്ചപ്പെടുത്തും
ഭക്ഷണത്തിന് ശേഷം നടക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ കുറയ്ക്കാനും കുടലിലൂടെ ഭക്ഷണം വേഗത്തിൽ നീങ്ങാനും ഇത് ഗുണം ചെയ്യും. മലബന്ധം തടയാനും മൊത്തത്തിലുള്ള ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഭക്ഷണ ശേഷമുള്ള മിതമായ നടത്തം സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കും
ഭക്ഷണ ശേഷമുള്ള നടത്തം ഊർജ്ജ ഉപഭോഗം, ഉൽപാദനം എന്നിവ സന്തുലിതമാക്കാൻ സഹായിക്കും. വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇത് ഗുണം ചെയ്യും. അതിനാൽ ഭക്ഷണം കഴിച്ചതിന് ശേഷം 10-15 മിനിറ്റ് നടത്തം ശീലമാക്കുക.
മാനസികാരോഗ്യം
ഭക്ഷണത്തിന് ശേഷമുള്ള നടത്തം മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ഫിസിക്കൽ ആക്‌ടിവിറ്റി ആൻഡ് ഹെൽത്ത് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഭക്ഷണത്തിനു ശേഷമുള്ള വ്യായാമം ഹാപ്പി ഹോർമോണുകളായ എൻഡോർഫിൻ, ഓക്‌സിടോസിൻ തുടങ്ങിയവയുടെ ഉത്‌പാദനം വർധിപ്പിക്കും. കൂടാതെ രക്തചക്രമണം വർധിപ്പിക്കാനും തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണം മെച്ചപ്പെടുത്താനും വ്യായാമം ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : നടത്തം ശീലമാക്കാം; ഇതാ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന അഞ്ച് ഗുണങ്ങൾ