വാൾട്ട് ഡിസ്‌നി സ്‌റ്റുഡിയോസ് എന്ന് ഒരിക്കലെങ്കിലും കേൾക്കാത്തവർ ചുരുക്കമായിരിക്കും. മിക്കി മൗസും ഗൂഫിയും ഡൊണാൾഡ് ഡക്കും ലയൺ കിംഗ് - സിംബയും ഒക്കെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവരുണ്ടാകുമോ? ലോകത്തെ തന്നെ എന്‍റർടെയിൻമെന്‍റ് മേഖലയുടെ പകരം വയ്‌ക്കാനില്ലാത്ത സാമ്രാജ്യമാണ് വാൾട്ട് ഡിസ്‌നി സ്‌റ്റുഡിയോസ്.
2023 നവംബറിലായിരുന്നു വാൾട്ട് ഡിസ്‌നി സ്‌റ്റുഡിയോസിന്‍റെ ശതാബ്‌ദി. വാൾട്ട് ഡിസ്‌നി എന്ന വിഖ്യാത കലാകാരന്‍റെ ആത്മസമർപ്പണത്തിന്‍റെയും കാഴ്‌ചപ്പാടിന്‍റെയും കലാനൈപുണ്യത്തിന്‍റെയും ബാക്കി പത്രം ആയിരുന്നു ലോകത്തെ അടക്കിവാണ വാൾട്ട് ഡിസ്‌നി സ്‌റ്റുഡിയോസിന്‍റെ ജൈത്ര യാത്രയുടെ ആധാരം. വാൾട്ട് ഡിസ്‌നിയുടെ ജീവിത വഴികളിലൂടെ ഒന്ന് കണ്ണോടിച്ചാലോ?
നിരവധി അനിമേഷൻ സ്‌റ്റുഡിയോകളുടെ ഭാഗമായ, കേരളത്തിൽ അറിയപ്പെടുന്ന അനിമേറ്ററായ ദീപക് വാൾട്ട് ഡിസ്‌നി സ്‌റ്റുഡിയോയുടെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവച്ചു. ആഗോളതലത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഒരു ഇന്‍റർനാഷണൽ കോമിക് മാഗസിന്‍റെ പണിപ്പുരയിലാണ് ദീപക് ഇപ്പോൾ.
ആരാണ് വാൾട്ട് ഡിസ്‌നി: ലോക അനിമേഷൻ വിനോദ മാധ്യമങ്ങളുടെ കുലപതിയായ വാൾട്ട് ഡിസ്‌നി 1901 ഡിസംബർ 15ന് അമേരിക്കയിലെ ചിക്കാഗോയിൽ ജനിച്ചു. കടുത്ത ദാരിദ്ര്യവും ടോക്‌സിക് പാരന്‍റിങ്ങും വാൾട്ടിന്‍റെ ബാല്യകാലം ദുഷ്‌കരമാക്കി. മരപ്പണിക്കാർ ആയിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം. അച്ഛനിൽ നിന്നേറ്റ കൊടിയ പീഡനങ്ങൾ ചിക്കാഗോ വിട്ടുപോകാൻ കുഞ്ഞുവാൾട്ടിനെ പ്രേരിപ്പിച്ചു.
കയ്യിൽ ഉണ്ടായിരുന്ന സർട്ടിഫിക്കറ്റുകളിലും ഐഡി രേഖകളിലും പ്രായം തിരുത്തി വാൾട്ട് അമേരിക്ക വിട്ടു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു അപ്പോൾ. തിരുത്തിയ സർട്ടിഫിക്കറ്റുകളും ആയി വാൾട്ട് ഫ്രാൻസിലേക്ക് വണ്ടി കയറി. ഫ്രാൻസിന്‍റെ മിലിട്ടറിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി തരപ്പെടുത്തി.
കുട്ടിക്കാലത്ത് തന്നെ നന്നായി ചിത്രം വരയ്‌ക്കുമായിരുന്നു വാൾട്. അങ്ങനെ താൻ വരച്ച ചിത്രങ്ങൾ വിൽപ്പന ചെയ്‌തും അദ്ദേഹം ചെറിയ സമ്പാദ്യം ഉണ്ടാക്കി. യുദ്ധ മുഖത്ത് വച്ചാണ് തന്നിലെ വ്യവസായിയെ വാൾട്ട് സ്വയം കണ്ടെത്തുന്നത്.
യുദ്ധത്തിനുശേഷം ഉപേക്ഷിച്ചുപോകുന്ന ജർമൻ പട്ടാളത്തിന്‍റെ ഹെൽമറ്റുകൾ ശേഖരിക്കുകയാണ് വാൾട്ട് ആദ്യം ചെയ്‌തത്. യുദ്ധമുഖത്ത് ജോലി ചെയ്‌തുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു ഈ സംരംഭം. യുദ്ധം കഴിഞ്ഞ് പോകുന്നവർക്ക് ഹെൽമറ്റിന് രൂപമാറ്റം വരുത്തി ഒരു സുവനീയർ ആക്കി വിൽക്കാൻ ആരംഭിച്ചു, വാൾട്ടിന്‍റെ ആദ്യ വ്യവസായ സംരംഭം. ശേഷം കലയാണ് ജീവിതം, കല തന്നെയാണ് വരുമാനം എന്ന് മനസിലാക്കി ജോലി ഉപേക്ഷിച്ച് ഇരുപതാം വയസിൽ തിരികെ അമേരിക്കയിലെത്തി.
വാൾട്ട് ഡിസ്‌നി സ്‌റ്റുഡിയോസിന് ചിറക് മുളക്കുന്നു: ഡിസ്‌നിയുടെ മറ്റു വിശേഷങ്ങൾ പറയുന്നതിന് മുമ്പ് അക്കാലഘട്ടത്തെ കുറിച്ചും മനസിലാക്കേണ്ടതുണ്ട്. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ലോകരാജ്യങ്ങളെ തന്നെ ദാരിദ്ര്യത്തിലും പ്രതിസന്ധിയിലും തള്ളിവിട്ട് കൊണ്ടിരിക്കുന്നു. അക്കാലഘട്ടത്തിൽ ജനങ്ങളെ ഇത്രയധികം സ്വാധീനിച്ച വിനോദോപാധിയായി വാൾട്ട് ഡിസ്‌നി സ്‌റ്റുഡിയോസ് മാറണമെങ്കിൽ വാൾട് ഡിസ്‌നി എന്ന വിഖ്യാത മനുഷ്യന്‍റെ കാഴ്‌ചപ്പാട് എത്രത്തോളമായിരിക്കണം അല്ലേ!
അമേരിക്കയിലേക്ക് തിരിച്ചെത്തിയ വാൾട് ഡിസ്‌നി സ്വന്തമായി ഒരു അഡ്വെർടൈസിങ് കമ്പനി ആരംഭിച്ചു. അബ് ഐവർക്ക് എന്ന വാൾട് ഡിസ്‌നി സ്‌റ്റുഡിയോസിന്‍റെ എക്കാലത്തെയും സന്തത സഹചാരിയായ മനുഷ്യൻ അക്കാലത്ത് ഡിസ്‌നിക്കൊപ്പം കൂടി. പത്രങ്ങളിലും തിയേറ്ററുകളിലും പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ ആയിരുന്നു പ്രധാന ലക്ഷ്യം.
അബ് ഐവർക്കിന്‍റെ കലാവൈദഗ്ദ്യം വാൾട് ഡിസ്‌നിയെ വല്ലാതെ സ്വാധീനിച്ചു. വാൾട്ടിന്‍റെ സഹോദരൻ റോയ് ഡിസ്‌നിയുമായി ചേർന്ന് മൂവരും ഒരുമിച്ച് ഒരു കമ്പനി പുതുതായി സ്റ്റാർട്ട് ചെയ്‌തു. ലാഫോഗ്രാംസ് എന്ന കമ്പനി രൂപപ്പെടുത്തിയ ശേഷം മൂവരും ചേർന്ന് ആദ്യം ചെയ്‌തത് ആലീസ് കോമഡി എന്ന ഒരു ലൈവ് ആക്ഷൻ ഷോ ആയിരുന്നു.
ആലീസ് കോമഡിയിൽ അനിമേഷന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. ഷോയും വലിയ വിജയമായി മാറിയില്ല. ഷോയുടെ പരാജയം ലാഫോഗ്രാം പൂട്ടി പോകുന്നതിന് വഴിയൊരുക്കി. പിന്നീടായിരുന്നു വാൾട്ട് ഡിസ്‌നി സ്‌റ്റുഡിയോസിന്‍റെ ഉദയം. പ്രശസ്‌ത ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനികളായ എംജിഎം, യൂണിവേഴ്‌സൽ സ്‌റ്റുഡിയോസ് തുടങ്ങിയ കമ്പനികൾ അക്കാലഘട്ടങ്ങളിൽ വിജയകരമായി പല ഷോകളും നിർമ്മിച്ച് മുന്നോട്ട് പോകവെയാണ് വാൾട്ട് ഡിസ്‌നിയുടെ വരവ്.
സ്‌റ്റുഡിയോയുടെ ആദ്യ സംരംഭമായ ഐ വർക്ക് വരച്ച ഒരു എലിയുടെ കഥാപാത്രം പതുക്കെ ജനപ്രീതി ആർജിച്ചുതുടങ്ങി. സ്റ്റീം ബോട്ട് വില്ലിയെന്ന കഥാപാത്രത്തിന്‍റെ ജനനം വാൾട്ട് ഡിസ്‌നി സ്‌റ്റുഡിയോസിന് പുതിയ മാനം നൽകി. വിഖ്യാതമായ മിക്കി മൗസിന്‍റെ ആദ്യ പേരായിരുന്നു വില്ലി. ഇപ്പോഴും ഡിസ്‌നി സ്‌റ്റുഡിയോസിന്‍റെ ലോഗോ ഫോർമേഷൻ വീഡിയോ ശ്രദ്ധിച്ചാൽ ആദ്യം ഒരു ബോട്ട് ഓടിക്കുന്ന എലിയെ കാണിക്കുന്നത് കാണാം.
സ്‌ടീം ബോട്ട് വില്ലിയിൽ നിന്ന് മിക്കി മൗസിലേക്കുള്ള രൂപമാറ്റം വാൾട് ഡിസ്‌നിയെ ലോകപ്രശസ്‌തമാക്കി. 1935ൽ സ്‌നോ വൈറ്റ് ആൻഡ് സെവൻ ഡോർഫ്‌സ് എന്ന എക്കാലത്തെയും വിഖ്യാത അനിമേഷൻ ചലച്ചിത്രം റിലീസായതോടെ ലോക വിനോദ വ്യവസായം നിയന്ത്രിക്കുന്ന ചരട് ഒരുപക്ഷേ ഡിസ്‌നി സ്‌റ്റുഡിയോസിന്‍റെ കൈകളിൽ എത്തി എന്ന് വേണം പറയാൻ. പിന്നീടുള്ള യാത്രയിൽ ലോകത്തെ അമ്പരപ്പിച്ച നൂറുകണക്കിന് കഥാപാത്രങ്ങൾ. 1965ൽ വാൾട്ട് ഡിസ്‌നി മരിച്ച ശേഷവും കമ്പനി വിനോദ മേഖലയെ ഭരിച്ചുകൊണ്ടിരുന്നു.