ബലാത്സംഗ കേസില്‍ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് അറസ്‌റ്റ് തടഞ്ഞതിന് പിന്നാലെ അന്വേഷണ സംഘം നിയമോപദേശം തേടി. അന്വേഷണവുമായി സഹകരിക്കണമെന്ന നിർദേശത്തോടെയായിരുന്നു സുപ്രീം കോടതി നടന്‍റെ അറസ്‌റ്റ് തടഞ്ഞത്.
അറസ്‌റ്റ് രേഖപ്പെടുത്തിയാൽ ജാമ്യം നൽകി വിട്ടയക്കണമെന്നാണ് കോടതി നിർദേശം. രാണ്ടാഴ്‌ച്ച കഴിഞ്ഞ് മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് തന്നെ നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്‌ത്, മുൻകൂർ ജാമ്യം തടയാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.
കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോവുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തത്. സുപ്രീം കോടതി അറസ്‌റ്റ് തടഞ്ഞുവെങ്കിലും സിദ്ദിഖ് ഒളിവിൽ തുടരുകയാണ്. അന്വേഷണ സംഘം നോട്ടീസ് നൽകിയാൽ ചോദ്യം ചെയ്യലിന് ഹാജരായാൽ മതിയെന്നാണ് സിദ്ദിഖിന്‍റെ തീരുമാനം.
തിരുവനന്തപുരം സ്വദേശിയായ യുവ നടിയുടെ പരാതിയിൽ ബലാത്സംഗ കുറ്റം ഉൾപ്പടെ ചുമത്തിയാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ പരാതി. ഇതേ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രാഥമിക അന്വേഷണത്തിൽ തന്നെ ആരോപണങ്ങൾക്ക് ശക്തി പകരുന്ന തെളിവുകള്‍ പൊലീസിന് ലഭിക്കുകയും ചെയ്‌തിരുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു യുവ നടി പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വെച്ചിരുന്നു.