മലയാള സിനിമയിൽ ശബ്‌ദ മിശ്രണം നിർവ്വഹിക്കുന്നതിൽ ശ്രദ്ധേയനാണ് വിപിന്‍ നായര്‍. ഏരീസ് വിസ്‌മയ മാക്‌സ് സ്‌റ്റുഡിയോയിലെ ചീഫ് സൗണ്ട് എഞ്ചിനിയര്‍ കൂടിയാണ് വിപിന്‍. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ മികച്ച ശബ്‌ദ മിശ്രണത്തിനുള്ള സംസ്ഥാന പുരസ്‌കാരം വിപിന് ലഭിച്ചിരുന്നു.
ഈ വർഷം ദേശീയ പുരസ്‌കാരം ലഭിച്ച ആട്ടം സിനിമയുടെ ശബ്‌ദ സൗകുമാര്യത്തിന് പിന്നിലും വിപിൻ നായരുടെ കരങ്ങളാണ്. ഇപ്പോഴിതാ തന്‍റെ സിനിമ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവെച്ചിരിക്കുകയാണ് വിപിൻ നായർ. നിരവധി സിനിമകളിൽ സഹായിയായി പ്രവർത്തിച്ച ശേഷം നിവിൻ പോളി നായകനായ 'സഖാവ്' എന്ന ചിത്രത്തിന് ശബ്‌ദ മിശ്രണം നിർവ്വഹിച്ച് കൊണ്ടാണ് വിപിന്‍ നായര്‍ സ്വതന്ത്രനാകുന്നത്.
"ഹൃദയം സിനിമയിലൂടെയാണ് ഇൻഡസ്ട്രിയൽ വിപിൻ നായർ എന്ന പേര് ശ്രദ്ധിക്കപ്പെടുന്നത്. ശേഷമാണ് 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലൂടെ സംസ്ഥാന പുരസ്‌കാരത്തിന് അർഹനാകുന്നത്.
ഞാൻ ശബ്‌ദ മിശ്രണം നിർവ്വഹിച്ച 'ആട്ടം' എന്ന ചിത്രം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലൂടെ ജെസി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം എന്നെ തേടിയെത്തി. നിവിൻ പോളി നായകനാകുന്ന ഫാർമ എന്ന വെബ് സിരീസിന്‍റെ പണിപ്പുരയിലാണിപ്പോള്‍ ഞാന്‍."-വിപിന്‍ നായര്‍ പറഞ്ഞു.
പ്രണവ് മോഹന്‍ലാല്‍ നായകനായ 'ഹൃദയ'മാണ് തന്‍റെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. വളരെ സസൂഷ്‌മമായാണ് 'ഹൃദയ'ത്തിന്‍റെ ശബ്‌ദ വിന്ന്യാസം നടത്തിയതെന്നും വിപിന്‍ നായര്‍ തുറന്നു പറഞ്ഞു.
"ഹൃദയത്തിന് ശബ്‌ദ മിശ്രണം നിർവ്വഹിക്കുന്നതിന് മുൻപ് സംവിധായകൻ വിനീത് എന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതൊരു ലൗ സ്‌റ്റോറി ആണ്, മ്യൂസിക്കിന് കൂടുതൽ പ്രാധാന്യമുണ്ട്. എല്ലാത്തിനും ഉപരി കൊവിഡിന് ശേഷം ജനങ്ങളെ തിയേറ്ററിലേക്ക് തിരിച്ചു കൊണ്ട് വരേണ്ട കടമ കൂടി ഹൃദയത്തിന് ഉണ്ട്. അതുകൊണ്ട് അത്രയും സസൂഷ്‌മമായാണ് ഹൃദയത്തിന്‍റെ ശബ്‌ദ വിന്ന്യാസം നടത്തേണ്ടത്.
വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്‍റെ ഒരുപാട് ഇൻപുട്ടുകൾ ആ സിനിമയിൽ വർക്ക് ചെയ്യുമ്പോൾ ലഭിച്ചിരുന്നു. ചില ജീവിത നിമിഷങ്ങളൊക്കെ ഹൃദയം സിനിമയിലെ ശബ്‌ദ നിർവ്വഹണത്തിന് സ്വാധീനിച്ചിട്ടുണ്ട്. അതിനൊരു ഉദാഹരണം പറയാം. എന്‍റെ സ്വദേശം തിരുവനന്തപുരം ജില്ലയിലെ പാലോട് ആണ്.
മലയോര മേഖലയാണ് പാലോട്. അവിടെയുള്ള എന്‍റെ വീടിന് മുന്നിൽ ഇറങ്ങി നിന്നാൽ മലമുകളിലുള്ള അമ്പലങ്ങളിൽ നിന്നുള്ള ശബ്‌ദം ദൂരെ നിന്നും നമുക്ക് കേൾക്കാൻ സാധിക്കും. വല്ലാത്തൊരു അനുഭൂതിയാണത്. ഹൃദയം എന്ന ചിത്രത്തിൽ പ്രണവും ദർശനയും ഒരു മലമുകളിൽ ഇരിക്കുന്ന രംഗമുണ്ട്. ആ രംഗത്തിൽ ദൂരെയുള്ള അമ്പലത്തിൽ നിന്ന് ഒരു പാട്ട് കേൾക്കുന്നത് പോലെ ഞാൻ ചെയ്‌തിട്ടുണ്ട്. ജീവിതത്തിൽ നിന്ന് ഉൾക്കൊണ്ടൊരു രംഗമായിരുന്നു അത്." -വിപിൻ നായര്‍ പറഞ്ഞു.
അതേസമയം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം 'ഹൃദയ'ത്തിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു എന്നാണ് വിപിന്‍ പറയുന്നത്. പൂർണ്ണമായും റിയലിസ്‌റ്റിക് ആയിട്ട് വേണമായിരുന്നു ആ സിനിമയുടെ ശബ്‌ദം ഡിസൈൻ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
"ഏറ്റവും കഷ്‌ടപ്പെട്ട് പോയത് കോടതി മുറിക്കുള്ളിൽ പ്രാവ് പറക്കുന്ന രംഗത്തിന്‍റെ ശബ്‌ദ മിശ്രണം നിർവ്വഹിക്കുന്നതിനായിരുന്നു. പല രംഗങ്ങളിലും പ്രാവ് കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജുകളാണ്. (CGI) സൗണ്ട് മിക്‌സ് ചെയ്യാനായി സിനിമ സ്‌റ്റുഡിയോയിൽ എത്തുമ്പോൾ ഈ പ്രാവുകൾ ഒന്നും രംഗത്തിലില്ല.
വിഎഫ്‌എക്‌സ് മുഖേന പ്രാവുകളെ രംഗത്തിൽ ഉൾപ്പെടുത്തുമ്പോൾ നേരത്തെ ചെയ്‌തുവച്ച ശബ്‌ദവുമായി ഒരിക്കലും യോജിച്ചു പോകില്ല. ചിലപ്പോഴൊക്കെ എന്ത് ചെയ്യണമെന്നറിയാതെ സ്‌റ്റുഡിയോയിൽ പകച്ചിരുന്ന് പോയിട്ടുണ്ട്. ശബ്‌ദ വിന്യാസത്തിൽ എന്ത് പ്രത്യേകത കൊണ്ടുവരാം എന്നുള്ള ചിന്ത എപ്പോഴും ഉണ്ട്. ഞാൻ സഹായിയായി പ്രവർത്തിച്ചിരുന്ന ചിത്രമാണ് ജയസൂര്യ നായകനായ 'ക്യാപ്റ്റൻ'.
ആ സിനിമയിലെ പല രംഗങ്ങൾക്കും ശബ്‌ദ വിന്യാസം നടത്തുമ്പോൾ തൃപ്‌തിക്കുറവ് അനുഭവപ്പെട്ടു. പിന്നീട് ജയസൂര്യ അവതരിപ്പിച്ച റിയൽ കഥാപാത്രമായ കേരള ഫുട്ബോൾ ടീമിന്‍റെ ക്യാപ്റ്റൻ ആയിരുന്ന സത്യന്‍റെ ജീവിതകഥ വായിച്ച് മനസ്സിലാക്കി. സത്യന്‍റെ ജീവിത കഥ വല്ലാതെ വിഷമം ഉണ്ടാക്കി. പിന്നീട് ആ ഇമോഷനിൽ ഇരുന്നതാണ് ക്യാപ്റ്റന്‍റെ സൗണ്ട് ഡിസൈൻ ചെയ്‌തത്."-വിപിന്‍ നായര്‍ പറഞ്ഞു.
'ആട്ടം', 'എന്ന് നിന്‍റെ മൊയ്‌തീന്‍' എന്നീ സിനിമകളുടെ ശബ്‌ദ മിശ്രണം നിര്‍വ്വഹിച്ച അനുഭവവും വിപിന്‍ പങ്കുവച്ചു. ചില സിനിമകൾക്ക് സൗണ്ട് ഡിസൈൻ ചെയ്യുമ്പോൾ നമ്മളും ആ സിനിമയുടെ ഭാഗമായി പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ആട്ടം എന്ന സിനിമയ്ക്ക് ശബ്‌ദ മിശ്രണം നിർവ്വഹിക്കുമ്പോൾ ആ സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പമാണ് ഞാൻ സഞ്ചരിച്ചത്. അപ്പോഴൊക്കെ സ്വയം തോന്നും നമ്മളും ആട്ടം സിനിമയിലെ കഥാപാത്രങ്ങളെ പോലെയൊക്കെ ആണല്ലോ ജീവിതത്തിൽ പെരുമാറുക എന്ന്.
ചില സിനിമകൾ ഒരിക്കലും മറക്കാനാകാത്ത ചില അനുഭവങ്ങൾ സമ്മാനിക്കും. എന്ന് നിന്‍റെ മൊയ്‌തീന്‍ എന്ന പൃഥ്വിരാജ് ചിത്രം അത്തരത്തിൽ ഒന്നാണ്. ആ സിനിമയിൽ പ്രശസ്‌ത സൗണ്ട് എഞ്ചിനീയർ ഹരികുമാർ സാറിന്റെ അസോസോയേറ്റായി താൻ പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുടെ റിലീസിന്‍റെ തലേ ദിവസം ഉച്ചതിരിഞ്ഞാണ് സിനിമയുടെ സെക്കൻഡ് ഹാഫ് മിക്‌സിംഗ് ചെയ്യാൻ ആരംഭിക്കുന്നത്. അന്ന് ഡിസ്ട്രിബ്യൂഷൻ മാധ്യമങ്ങളായ ക്യൂബും യൂഫോയും ഒന്നും തിരുവനന്തപുരത്തോ എറണാകുളത്തോ ഇല്ല.
സിനിമയുടെ പണി പൂർത്തിയാക്കിയ ശേഷം ഫയൽ, ഹാർഡ് ഡിസ്ക്കിലാക്കി ചെന്നൈയിൽ എത്തിക്കണം. രാവിലെ റിലീസ് ആണ്. അർദ്ധ രാത്രിയായിട്ടും സിനിമയുടെ പണികൾ പൂർത്തിയായിട്ടില്ല. ആ രാത്രി ഒരിക്കലും മറക്കാനാകാത്തതാണ്."-വിപിന്‍ നായര്‍ പറഞ്ഞു.