സിനിമാ മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾ വെളിച്ചത്ത് കൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരിച്ച് മലയാള സിനിമ താരങ്ങൾ. റിപ്പോർട്ടിൽ കാസ്റ്റിങ് കൗച്ച് ഉള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് താരങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയത്.
സിദ്ദിഖ്
റിപ്പോർട്ടിൽ പറഞ്ഞ പ്രകാരമുള്ള ചൂഷണങ്ങളും അതിക്രമങ്ങളും നടന്നിട്ടുണ്ടെങ്കിൽ അത് ആരൊക്കെ ആർക്കൊക്കെ നേരെ എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ്. മാധ്യമങ്ങളിലൂടെ മനസിലാക്കിയ കാര്യങ്ങളാണ് റിപ്പോർട്ടിനെക്കുറിച്ചുള്ളത്. ഗൗരവമായി റിപ്പോർട്ട് പഠിക്കേണ്ടതായിട്ടുണ്ട്. ശേഷം മാത്രം ആധികാരികമായ പ്രതികരണം ഉണ്ടാകൂ.
ജയൻ ചേർത്തല
ആർക്കും ആരെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കാവുന്ന കാലഘട്ടമാണിത്. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ വെറും ആരോപണമായിട്ട് മാത്രമാണ് കണക്കാക്കുന്നത്. കൃത്യമായ വ്യക്തത ലഭിച്ചാൽ ഇത്തരം പ്രശ്‌നങ്ങൾ നേരിട്ട സ്ത്രീകൾക്കൊപ്പം നിൽക്കുന്നതായിരിക്കുമെന്ന് നടൻ ജയൻ ചേർത്തല പറഞ്ഞു.
ബാബുരാജ്
റിപ്പോർട്ടിൽ സ്ത്രീകൾ ഷൂട്ടിങ് സെറ്റുകളിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഉന്നയിച്ച കാര്യങ്ങൾ ഗൗരവത്തിൽ എടുക്കുന്നുവെന്ന് നടൻ ബാബുരാജ്. ഇക്കാലത്ത് വസ്ത്രം മാറുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും കാരവൻ പോലുള്ള സംവിധാനങ്ങൾ അനുവദിച്ചില്ലെങ്കിൽ അതു തെറ്റ് തന്നെയാണ്.
മാധ്യമങ്ങൾ റിപ്പോർട്ടിലെ ചില പ്രസക്തഭാഗങ്ങൾ മാത്രമാണ് എടുത്തു പറയുന്നത്. വസ്‌തുതകൾ കൃത്യമായി ബോധ്യപ്പെട്ടാൽ മാത്രമേ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞതുപോലെ ആർക്കൊപ്പം നിൽക്കണമെന്ന് തീരുമാനിക്കാൻ കഴിയുകയുളളുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാദുഷ
ലഭ്യമായ വിവരങ്ങൾ വച്ച് ഹേമ കമ്മീഷൻ റിപ്പോർട്ടിനോട് പ്രതികരിക്കാൻ ആകില്ലെന്ന് പ്രശസ്‌ത നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. അമ്മ സംഘടന വയനാട്ടിലെ ദുരന്തബാധിതർക്ക് ധനസമാഹരണത്തിനായി ഒരു സ്വകാര്യ ടെലിവിഷൻ ചാനലുമായി ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ഷോയുടെ തിരക്കിലാണ്. റിപ്പോർട്ട് കൃത്യമായി പഠിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിയാദ് കോക്കർ
റിപ്പോർട്ടിൽ പറഞ്ഞ പ്രകാരമുള്ള കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് നിർമാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി കൂടിയായ സിയാദ് കോക്കർ. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് എങ്ങനെയെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ
ചൂഷണം നേരിട്ട വ്യക്തികൾ പരാതി നൽകുന്നതിന് തയ്യാറാവുകയാണെങ്കിൽ കൃത്യമായ നിയമനടപടി സ്വീകരിക്കുമെന്ന് സാംസ്‌കാരിക സിനിമ വകുപ്പ് മന്ത്രി സജി ചെറിയാൻ. മേധാവിത്വമുളള മേഖലകളിൽ എല്ലാം തന്നെ ചൂഷണങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ചാന്‍സ് ലഭിക്കാന്‍ കിടക്ക പങ്കിടണം, സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം, ഫാന്‍സുകാരെ കാശിന് കിട്ടും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍