ഹൈദരാബാദ്: ലൊകാര്‍ണോ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേയ്‌ക്ക് പറന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മേളയില്‍ പങ്കെടുക്കുന്നതിനായി ഇന്ന് (ഓഗസ്റ്റ് 9) രാവിലെ തന്നെ താരം മുംബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. ക്ലാസി എയര്‍പോര്‍ട്ട് ലുക്കിലെത്തിയ കിങ് ഖാന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വെള്ള നിറമുള്ള ടീ ഷര്‍ട്ടിന് മുകളില്‍ ഓറഞ്ച് കളറിലുള്ള ഓവര്‍ക്കോട്ടും നീല പാന്‍റ്‌സും ധരിച്ചാണ് താരം എത്തിയത്. തൻ്റെ കാറിൽ നിന്നും പുറത്തിറങ്ങി ടെർമിനലിലേയ്‌ക്ക് നടക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാനാവുക. കൂടാതെ കറുത്ത കൂളിങ് ഗ്ലാസ് താരത്തിന്‍റെ ലുക്കിനെ കൂടുതല്‍ കൂളാക്കി.
അതേസമയം ലൊകാര്‍ണോ ചലച്ചിത്ര മേളയില്‍ ഓണററി ലെപാര്‍ഡ് അച്ചീവ്‌മെന്‍റ് പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിക്കുമെന്ന് വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. വൈവിധ്യമാർന്ന വിഭാഗങ്ങളിലായി 100ലധികം സിനിമകൾ ഇന്ത്യൻ സിനിമയ്‌ക്ക് സമ്മാനിച്ചതിനാണ് താരത്തിന് പുരസ്‌കാരം ലഭിക്കുക. ശനിയാഴ്‌ച (ഓഗസ്‌റ്റ് 10) വൈകുന്നേരം പിയാസ ഗ്രാൻഡെയിൽ വച്ചാണ് ഷാരൂഖിനെ ആദരിക്കുക. കൂടാതെ 2002ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്‌ത ഷാരൂഖ് ഖാന്‍റെ കരിയറിലെ സുപ്രധാന ചിത്രമായ 'ദേവദാസ്' ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ഓഗസ്‌റ്റ് 11ന് നടക്കുന്ന ഒരു പബ്ലിക് ചാറ്റിലും താരം പങ്കെടുക്കും
അതേസമയം 2023 ഷാരൂഖ് ഖാന് ഹിറ്റുകളുടെ ഒരു വര്‍ഷമായിരുന്നു. 2023ല്‍ മൂന്ന് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് ഷാരൂഖ് ബോളിവുഡ് ബോക്‌സ് ഓഫിസില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. 'പഠാന്‍', 'ജവാന്‍', 'ഡങ്കി' എന്നിവയാണ് താരത്തിന്‍റെ 2023ലെ ബോക്‌സോഫിസ് ഹിറ്റുകള്‍.
2023 ജനുവരിയിലായിരുന്നു 'പഠാൻ' റിലീസ്. നാല് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ്റെ ബിഗ് സ്‌ക്രീനിലേയ്‌ക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു 'പഠാന്‍'. ജോൺ എബ്രഹാം പ്രതിനായകനായും ദീപിക പദുക്കോൺ നായികയായുമായിരുന്നു 'പഠാനി'ല്‍. 'ജവാൻ' 2023 സെപ്റ്റംബറിലാണ് തിയേറ്ററുകളിലെത്തിയത്. ദീപിക പദുക്കോൺ, നയൻതാര, റിധി ദോഗ്ര, വിജയ് സേതുപതി എന്നിവരും 'ജവാനി'ല്‍ അഭിനയിച്ചിരുന്നു.
ശേഷം 2023 ഡിസംബറിലാണ് മൂന്നാമത്തെ സൂപ്പര്‍ ഹിറ്റായ 'ഡങ്കി' തിയേറ്ററുകളിലെത്തിയത്. പ്രശസ്‌ത സംവിധായകന്‍ രാജ്‌കുമാര്‍ ഹിറാനിക്കൊപ്പമുള്ള താരത്തിന്‍റെ ആദ്യ ചിത്രം കൂടിയാണ് 'ഡങ്കി'. വിക്കി കൗശല്‍, തപ്‌സി പന്നു എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കിങ് ആണ് താരത്തിന്‍റെ പുതിയ ചിത്രം.