ഏറെ കോളിളക്കം സൃഷ്‌ടിച്ച ഷാബാനു ബീഗം (ഷാ ബാനു ബീഗം- Mohd. Ahmed Khan v. Shah Bano Begum) കേസ് സിനിമയാകുന്നു. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുപർൺ എസ് വർമ്മയാണ് (Suparn S Varma) 'ഷാബാനു ബീഗം' കേസിനെ ആസ്‌പദമാക്കി ഒരു കോർട്ട് റൂം ഡ്രാമ ഒരുക്കുന്നത്. സംവിധാനത്തിന് പുറമെ ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും സുപർൺ എസ് വർമ്മയാണ്.
സിനിമയുടെ തിരക്കഥ പൂർത്തിയായതായാണ് വിവരം. എന്നാൽ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും തീരുമാനിച്ചിട്ടില്ല. നിലവിൽ പ്രീ-പ്രൊഡക്ഷൻ സ്റ്റേജിലാണ് ഈ ചിത്രം (courtroom drama on Shah Bano Begum case).
അതേസമയം ഷാബാനു ബീഗത്തിൻ്റെ കേസ് പ്രതിപാദിക്കുന്ന ഒരു സിനിമ ഇന്നത്തെ തലമുറയെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പുണ്ടെന്ന് സംവിധായകൻ പറയുന്നു. സ്‌ത്രീ ശാക്തീകരണം പ്രദർശിപ്പിക്കുന്നതാണ് ഈ ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കേസ് കൂടിയാണ് 'ഷാബാനു ബീഗം കേസ്' എന്നറിയപ്പെടുന്ന 'അഹമ്മദ് ഖാൻ കേസ്'.
1978ലാണ് 62 വയസുകാരിയായ ഷാബാനു ഈ കേസ് ഫയൽ ചെയ്‌തത്. ഷാബാനുവിന്‍റെ ഭർത്താവ് അഹമ്മദ് ഖാൻ ഇവരിൽ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയാണ് 1973-ലെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ - 123 പ്രകാരം കേസ് കൊടുത്തത്. തനിക്കും തൻ്റെ അഞ്ച് മക്കൾക്കും ജീവനാംശം ആവശ്യപ്പെട്ടായിരുന്നു കേസ്. തുടർന്ന് ഷാബാനു കേസിൽ വിജയിക്കുകയും ചെയ്‌തു.
എന്നാൽ ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണ് ഈ വിധി എന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിച്ചു. അത് രാജ്യത്ത് വലിയ കോലാഹലങ്ങൾക്കും കാരണമായി. കൂടാതെ ഇന്ത്യയിലെ വിവിധങ്ങളായ മതങ്ങൾക്ക് വ്യത്യസ്‌ത സിവിൽ കോഡുകൾ എന്ന നിലയിലുള്ള ചർച്ചകൾക്കും ഇത് വഴിച്ചു. വിധി പ്രസ്‌താവം കഴിഞ്ഞ് 40 വർഷത്തിലേറെയായിട്ടും ഈ ചർച്ചകൾ രാജ്യത്ത് തുടരുകയാണ്.
ഈ കേസ്, ബിഗ് സ്‌ക്രീനിൽ എത്തുന്നതിന്‍റെ ആവേശത്തിലാണ് സിനിമാസ്വാദകർ. 'ദി ഫാമിലി മാൻ', 'റാണാ നായിഡു', 'സുൽത്താൻ ഓഫ് ഡൽഹി' തുടങ്ങിയ വെബ് സീരീസുകൾക്ക് പിന്നാലെയാണ് സുപർൺ എസ് വർമ്മ 'ഷാബാനു ബീഗം' സംവിധാനം ചെയ്യുന്നത്. 'ദി ട്രയൽ' എന്ന വെബ് സീരീസിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ കൂടി ആയിരുന്നു സുപർൺ എസ് വർമ്മ.