സൈജു കുറുപ്പിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് 'ഭരതനാട്യം'. സൈജു കുറുപ്പ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തിയേറ്ററുകളില്‍ വിജയിച്ചില്ലെങ്കിലും ഒടിടിയില്‍ കത്തിക്കയറിയിരുന്നു. കൂടാതെ അടുത്തിടെ റിലീസായ 'ആനന്ദ് ശ്രീബാല', 'പല്ലൊട്ടി', 'സ്ഥാനാർത്ഥി ശ്രീക്കുട്ടൻ' എന്നീ ചിത്രങ്ങളിലും സൈജു കുറുപ്പ് വേഷമിട്ടിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തില്‍ തനിക്ക് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് ഇടിവി ഭാരതിനോട് തുറന്നു പറയുകയാണ് സൈജു കുറുപ്പ്.
2005ല്‍ പുറത്തിറങ്ങിയ 'മയൂഖം' എന്ന സിനിമയിലൂടെയാണ് സൈജു കുറുപ്പ് അഭിനയ രംഗത്തെത്തുന്ന്. തുടക്കക്കാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് സൈജു കുറുപ്പ് സംസാരിച്ച് തുടങ്ങിയത്.
"ഹരിഹരൻ സംവിധാനം ചെയ്‌ത മയൂഖം ആയിരുന്നു ആദ്യ ചിത്രം. ആ ചിത്രത്തിലെ അഭിനയവും ഇപ്പോഴത്തെ സിനിമകളിലെ തന്‍റെ പ്രകടനവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. എന്‍റെ അഭിനയം മെച്ചപ്പെടുന്നു എന്നുള്ളത് ഓരോ കാലഘട്ടങ്ങളിലായി സംഭവിച്ച കാര്യമാണ്. അഭിനയ ജീവിതത്തിലെ വളർച്ച വളരെയധികം നാച്ച്യുറലായി സംഭവിച്ചതാണ്.
ഓരോ ചിത്രങ്ങൾ കഴിയുംതോറും നന്നായി വരുന്നുണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സുമതി വളവ് എന്നൊരു പുതിയ സിനിമയുടെ സെറ്റിൽ ആയിരുന്നു. ഏകദേശം ഒന്നര രണ്ട് മാസങ്ങൾക്ക് ശേഷമുള്ള അവധി കഴിഞ്ഞാണ് ഒരു സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. വലുതാണെങ്കിലും ചെറുതാണെങ്കിലും അഭിനയ ജീവിതത്തിൽ ഒരു ചെറിയ ഇടവേള സംഭവിച്ചാൽ എനിക്ക് ടെൻഷനാണ്.
ഒന്നര മാസങ്ങൾക്ക് ശേഷമാണല്ലോ സുമതി വളവ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നതെന്ന് പറഞ്ഞല്ലോ. ഒന്നര മാസം അഭിനയിക്കാതെ ഇരുന്നതാണല്ലോ.. ഇനിയിപ്പോ പഴയത് പോലെ അഭിനയിക്കാൻ സാധിക്കുമോ? ചെയ്യുന്നതൊക്കെ ശരിയാകുമോ? ഇതുപോലെയുള്ള ഒരു ടെൻഷൻ, സംശയം എപ്പോഴും കൂടെയുണ്ട്. പക്ഷേ സിനിമയുടെ ആദ്യ ഷോട്ടിൽ സംവിധായകൻ ആക്ഷൻ വിളിക്കുന്നതോടെ ടെൻഷൻ എല്ലാം മാറി സ്വാഭാവികമായ രീതിയിലേക്ക് ഞാൻ തിരിച്ചെത്തും." -സൈജു കുറുപ്പ് പറഞ്ഞു.
ഒരു അഭിനേതാവ് എന്ന രീതിയില്‍ സംഭവിച്ച മാറ്റത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ ട്രാന്‍സ്‌ഫോര്‍മേഷനെ മുഖത്ത് രോമം കിളിക്കുന്നതിനോടാണ് സൈജു കുറുപ്പ് താരതമ്യം ചെയ്‌തിരിക്കുന്നത്.
"ഒരു ചെറുപ്പക്കാരന് പത്താം ക്ലാസ് ഒക്കെ പഠിക്കുമ്പോൾ ചെറിയ രീതിയിൽ മുഖത്ത് രോമങ്ങൾ ഉണ്ടാകും. അത് പിന്നീട് നമ്മൾ അറിയാതെ പതുക്കെ പതുക്കെ വളർന്ന് കാലക്രമത്തിൽ കട്ട താടിയും കട്ട മീശയുമായി മാറും. ഈ സമാന രീതിയിൽ തന്നെയാണ് ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ മലയാള സിനിമയിൽ സൈജു കുറുപ്പ് എന്ന പേര് രേഖപ്പെടുത്തിയത്.
മയൂഖം എന്ന സിനിമയില്‍ തുടങ്ങി 20 വർഷം കൊണ്ട് ജനങ്ങൾ ഇഷ്‌ടപ്പെടുന്ന ഒരു അഭിനേതാവായി വളർന്നത് സ്വാഭാവികമായി സംഭവിച്ച ഒരു പ്രോസസാണ്. അഭിനയം മെച്ചപ്പെടുത്താനും ഒരു സെലിബ്രിറ്റി സ്‌റ്റാറ്റസ് സൃഷ്‌ടിച്ചെടുക്കാനും മനപ്പൂർവ്വം ഒന്നും ചെയ്‌തിട്ടില്ല." -സൈജു കുറുപ്പ് വ്യക്തമാക്കി.
വികെ പ്രകാശ് സംവിധാനം ചെയ്‌ത 'ട്രിവാൻഡ്രം ലോഡ്‌ജ്' എന്ന ചിത്രം സംഭവിച്ചില്ലായിരുന്നെങ്കില്‍ സൈജു കുറുപ്പ് എന്ന നടൻ മലയാള സിനിമയിൽ ഇപ്പോൾ കാണുന്ന രീതിയിൽ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ട്രിവാൻഡ്രം ലോഡ്‌ജി'ലെ കഥാപാത്രം ചെയ്യുന്നതിലെ റിസ്‌കിനെ കുറിച്ചും നടന്‍ പങ്കുവച്ചു.
"ട്രിവാൻഡ്രം ലോഡ്‌ജ് സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ എന്‍റെ കാര്യം പോക്കാണ്. ചിലപ്പോൾ അത്‌ഭുതം എന്നത് പോലെ ട്രിവാൻഡ്രം ലോഡ്‌ജ് പോലെ മറ്റൊരു ചിത്രം സംഭവിച്ച് എനിക്കൊരു ബ്രേക്ക് കിട്ടുമായിരിക്കാം. ആ സമയത്ത് എന്‍റെ അവസ്ഥ വളരെയധികം പരിതാപകരമായിരുന്നു. അപ്പോൾ ഞാനൊരു വൻ ഫ്ലോപ്പ് ആയ ആക്‌ടർ ആയിരുന്നു എന്ന് പറയാൻ മടിയില്ല. ആ സമയത്ത് ഒരു ചിത്രത്തിലേക്ക് എന്നെ കാസറ്റ് ചെയ്യാൻ പല സംവിധായകരും നിർമ്മാതാക്കളും ഭയപ്പെട്ടിരുന്നു.
ഇനിയങ്ങോട്ട് എന്ത്, എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് ബ്യൂട്ടിഫുൾ എന്ന സിനിമയുടെ വിജയത്തിന് ശേഷം സംവിധായകൻ വികെ പിയും റൈറ്റർ അനൂപ് മേനോനും ട്രിവാൻഡ്രം ലോഡ്‌ജിലെ ഒരു സുപ്രധാന വേഷം എനിക്ക് ഓഫർ ചെയ്യുന്നത്. ആ കഥാപാത്രം ചെയ്യുന്നതിന് വലിയ ഒരു റിസ്‌ക് ഉണ്ടായിരുന്നു. എന്‍റെ ആദ്യത്തെ കോമഡി വേഷമായിരുന്നു അത്. നിങ്ങളൊന്ന് ചിന്തിക്കണം, അഭിനയമേ തീരെ അറിയില്ല. അപ്പോഴാണ് അഭിനയിച്ച് ഫലിപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള ഹാസ്യം കൈകാര്യം ചെയ്യേണ്ടി വരിക.
പക്ഷേ ഷിബു വെള്ളായണി എന്ന ട്രിവാൻഡ്രം ലോഡ്‌ജിലെ കഥാപാത്രത്തെ എന്നെക്കൊണ്ട് അഭിനയിപ്പിക്കാൻ തീരുമാനിച്ച സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും ധൈര്യമാണ് സൈജു കുറുപ്പ് എന്ന നടന് പുനർജന്മം നൽകിയത്. അങ്ങനെ ഒരു തീരുമാനം അവരുടെ സ്നേഹത്തിന്‍റെയും ദൈവാധീനത്തിന്‍റെയും പുറത്ത് സംഭവിച്ചതാണെന്ന് വിശ്വസിക്കുന്നു.
ട്രിവാൻഡ്രം ലോഡ്‌ജ് എല്ലാ അർത്ഥത്തിലും ഒരു റിസ്‌ക്കുള്ള സിനിമയായിരുന്നു. അതുപോലുള്ള ആശയങ്ങൾ ഇക്കാലത്താണെങ്കിൽ വളരെ പെട്ടെന്ന് ജനങ്ങൾ സ്വീകരിക്കും. പക്ഷേ 12 വർഷങ്ങൾക്ക് മുമ്പ് ട്രിവാൻഡ്രം ലോഡ്‌ജ് കൈകാര്യം ചെയ്‌ത ആശയം നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം തീ പോലെ പൊള്ളുന്നതായിരുന്നു." -സൈജു കുറുപ്പ് പറഞ്ഞു.
മലയാള സിനിമയില്‍ തന്നെ കുറിച്ചുള്ള കിംവദന്തിയെ കുറിച്ചും സൈജു കുറിപ്പ് തുറന്നു പറഞ്ഞു. "മലയാളത്തിൽ ഇപ്പോൾ റിലീസ് ചെയ്യുന്ന എല്ലാ ചിത്രങ്ങളിലും സൈജു കുറുപ്പ് അഭിനയിക്കുന്നുണ്ട് എന്നൊരു കിംവദന്തി എല്ലാവരും പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആറേഴ് പടങ്ങൾ ഒരു വര്‍ഷത്തില്‍ പതിവായി ചെയ്യാറുണ്ട്. എന്നാൽ 2024ൽ അഞ്ച് പടങ്ങൾ മാത്രമെ ഞാന്‍ ചെയ്‌തിട്ടുള്ളു എന്നതാണ് വാസ്‌തവം.
ഫെബ്രുവരിയിൽ ചിത്രീകരിച്ചതാണ് ആനന്ദ് ശ്രീബാല, മാർച്ചിൽ ഭരതനാട്യം, പിന്നെ ബാഡ് ബോയ്‌സ്, സുമതി വളവ് അങ്ങനെ ചില പടങ്ങൾ. കഴിഞ്ഞ വർഷം അഭിനയിച്ച പല്ലൊട്ടിയും സ്ഥാനാർത്ഥി ശ്രീക്കുട്ടനും ഒക്കെ ഒരുമിച്ച് റിലീസിന് എത്തിയപ്പോഴാണ് ഇറങ്ങുന്ന എല്ലാ സിനിമയിലും ഞാനുണ്ടല്ലോ എന്നൊരു തോന്നൽ പ്രേക്ഷകർക്ക് സംഭവിച്ചത്. അഭിനയിക്കുന്ന സിനിമകളുടെ എണ്ണത്തിൽ കുറവ് മാത്രമെ സംഭവിച്ചിട്ടുള്ളൂ. പിന്നെ എന്തോ ഭാഗ്യം കൊണ്ട് അഭിനയിക്കുന്ന സിനിമകൾ ഒക്കെ തന്നെയും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നു." -സൈജു കുറുപ്പ് പറഞ്ഞു.
ഭരതനാട്യം റിലീസിനെ കുറിച്ചും സൈജു കുറുപ്പ് വാചാലനായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്താണ് താന്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം തിയേറ്ററുകളില്‍ എത്തിയതെന്നും, അന്ന് പ്രേക്ഷകര്‍ക്ക് സിനിമയോട് മാനസികമായി വിമുഖത ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്തായിരുന്നു ഭരതനാട്യം തിയേറ്ററുകളിൽ എത്തുന്നത്. തിയേറ്ററിൽ ആ സിനിമ വലിയ പരാജയം ആയിരുന്നു. കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ധാരാളം ആരോപണങ്ങൾ മലയാള സിനിമയ്‌ക്കെതിരെ ഉണ്ടായി. ആ സമയത്ത് പ്രേക്ഷകർക്ക് സിനിമയോട് മാനസികമായ ഒരു വിമുഖത സംഭവിച്ചിരുന്നു. അതൊരുപക്ഷേ നല്ലൊരു ചിത്രമായിരുന്നിട്ടും ഭരതനാട്യത്തിന്‍റെ തിയേറ്ററിലെ പരാജയത്തിന് ഒരു കാരണമാകാം.
പക്ഷേ ഇത്തരം ആരോപണങ്ങൾ മാത്രം ഭരതനാട്യം എന്ന സിനിമയുടെ പരാജയ ഘടകമായി എന്ന് പറയാൻ സാധിക്കില്ല. 2024 ഓഗസ്‌റ്റ് 30നാണ് ഭരതനാട്യം തിയേറ്ററിൽ എത്തുന്നത്. ആ സമയത്ത് കുട്ടികൾക്ക് ഓണപ്പരീക്ഷ നടക്കുന്ന സമയമാണ്. കൃത്യം 12 ദിവസം കൂടി കഴിഞ്ഞാൽ ഓണം എത്തി. മൂന്ന് വലിയ ചിത്രങ്ങളാണ് ആ സമയത്ത് തിയേറ്റുകളിൽ എത്തിയത്.
സ്വാഭാവികമായും ഒരു സിനിമ തിയേറ്ററിൽ കാണാൻ ആയിരം രൂപയിൽ അധികം ചെലവാക്കേണ്ടിവരുന്ന സാധാരണ മലയാളി കുടുംബം വലിയ സിനിമകൾ കണ്ടാൽ പോരേ എന്ന് തീരുമാനിക്കും. സ്വാഭാവികമായും ഇതും ഭരതനാട്യം എന്ന സിനിമ തിയേറ്ററിൽ പരാജയപ്പെടാൻ കാരണമായിട്ടുണ്ട്. പക്ഷേ ഭരതനാട്യം എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒരു സിനിമയുടെ രണ്ടു വശങ്ങളും അനുഭവിക്കാൻ സാധിച്ചു എന്നൊരു പ്രത്യേകതയുണ്ട്.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ അങ്ങനെ ഒരു സംഭവം ആദ്യമായിരിക്കും. അതായത് സിനിമയുടെ പരാജയവും വിജയവും എക്‌സ്‌പീരിയന്‍സ് ചെയ്യുക എന്നാൽ വളരെ റെയര്‍ ആയി സംഭവിക്കുന്ന കാര്യമാണ്. തിയേറ്ററിൽ നിഷ്‌കരുണം പ്രേക്ഷകർ നിരസിച്ച ചിത്രം ഒടിടിയിൽ റെക്കോർഡ് പ്രേക്ഷക പിന്തുണയാണ് നേടിയെടുത്തത്. വളരെ വലിയ സിനിമകൾക്ക് പോലും ലഭിക്കാത്ത പ്രേക്ഷക പിന്തുണ ഭരതനാട്യം എന്ന സിനിമയ്ക്ക് ഒടിടിയിൽ ലഭിച്ചു."-സൈജു കുറുപ്പ് വ്യക്‌തമാക്കി.
അതേസമയം ഭരതനാട്യം തിയേറ്ററിൽ പരാജയപ്പെട്ടപ്പോൾ താന്‍ ആകെ തകർന്നു പോയെന്നും സൈജു കുറുപ്പ് വെളിപ്പെടുത്തി. പ്രൊഫഷൻ മാറ്റിപ്പിടിക്കാനുള്ള ഭാര്യയുടെ ഉപദേശത്തെ കുറിച്ചും അദ്ദേഹം മനസ്സു തുറന്നു.
"തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പാകപ്പിഴകൾ സംഭവിച്ചു തുടങ്ങി.. തിരക്കഥകളുടെ ഗുണനിലവാരത്തെ ജഡ്‌ജ് ചെയ്യാൻ സാധിക്കുന്നില്ല.. അങ്ങനെയൊക്കെയുള്ള ചിന്തകൾ ആയിരുന്നു ആ സമയത്ത്. സിനിമയിലെത്തി 19 വർഷത്തിന് ശേഷം ആദ്യമായി നിർമ്മിക്കുന്ന സിനിമയുടെ ഗതി ഇതായല്ലോ എന്ന് ആലോചിച്ച് വ്യാകുലപ്പെട്ടു. സിനിമാ ഇൻഡസ്ട്രിയിൽ തുടരാൻ ഞാൻ യോഗ്യനല്ല എന്നൊക്കെ തോന്നി.
എന്‍റെ മാനസികാവസ്ഥ മനസ്സിലാക്കിയ ഭാര്യ ആ സമയത്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു. ഒരു സിനിമയ്‌ക്ക് സൈജു ഇത്രയധികം സ്‌ട്രെസ് എടുക്കുന്നുണ്ടെങ്കിൽ ഇനി ഭാവിയിൽ വരാൻ പോകുന്ന സിനിമകളുടെ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും. ജീവിതകാലം മുഴുവൻ ഇതേ മാനസികാവസ്ഥയിൽ ജീവിക്കുന്നതിനേക്കാൾ പ്രൊഫഷൻ ഒന്ന് മാറ്റിപ്പിടിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു കൂടെ? ഭാര്യയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളുവാൻ ആ സമയത്ത് തോന്നി.
ഒരിക്കലും സിനിമയിൽ നിന്ന് പിന്‍മാറണം എന്ന ഉദ്ദേശ ശുദ്ധിയോടു കൂടിയല്ല ഭാര്യ ഉപദേശിച്ചത്. ആ സമയത്തെ എന്‍റെ മാനസികാവസ്ഥ ഒന്ന് ലഘൂകരിക്കാൻ വേണ്ടിയായിരുന്നു അത്. ഭരതനാട്യത്തിന്‍റെ പരാജയം ഉൾക്കൊള്ളാൻ ഒരു രീതിയിലും എനിക്കറിയില്ല. ഫുൾടൈം മൈൻഡ് ഔട്ടായിരുന്നു. ആളുകള്‍ എന്നോട് എന്തെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ അതൊന്നും എന്‍റെ തലയിൽ കയറില്ല.
വീട്ടിൽ എത്തുമ്പോൾ ഭാര്യയും അമ്മയും മകളും ഒക്കെ എന്തെങ്കിലുമൊക്കെ എന്നോട് സംസാരിക്കും. ഇതൊക്കെ ഞാൻ കേൾക്കുന്നുണ്ട്, പക്ഷേ മനസ്സിൽ ഒന്നും രജിസ്‌റ്റർ ആകുന്നില്ല. പക്ഷേ ആ കഷ്‌ടകാലം ഒരു മാസം മാത്രമെ ഉണ്ടായിരുന്നുള്ളൂ. 2024 സെപ്റ്റംബർ 27ന് ചിത്രം ഒടിടിയിൽ എത്തി. അതിഗംഭീരമായ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് പിന്നീട് ലഭിച്ചത്.
വ്യൂവർഷിപ്പിൽ ഭരതനാട്യം പുതിയ റെക്കോർഡുകൾ സൃഷ്‌ടിച്ചു. ഞങ്ങൾക്കൊക്കെ അത്‌ഭുതമായിരുന്നു. എന്തൊക്കെയാ ഈ നാട്ടിൽ സംഭവിക്കുന്നേ എന്ന സോഷ്യൽ മീഡിയയിലെ ഹിറ്റ് ഡയലോഗ് പോലെയായിരുന്നു ഞങ്ങടെ അവസ്ഥ. ഒടിടിയിൽ ഈ ചിത്രം കണ്ട അഞ്ച് ശതമാനം ആളുകള്‍ ഈ സിനിമ തിയേറ്ററിൽ കണ്ടിരുന്നെങ്കിൽ മുടക്ക് മുതൽ തിരിച്ച് പിടിക്കാമായിരുന്നു." -സൈജു കുറുപ്പ് പറഞ്ഞു.
അവസരങ്ങൾ നിരനിരയായി തേടിയെത്തുമ്പോഴും ചാൻസ് ചോദിക്കുന്നതിന് താന്‍ യാതൊരു മടിയും കാണിക്കാറില്ലെന്നും നടന്‍ വ്യക്‌തമാക്കി. ഉദാഹരണ സഹിതമാണ് സൈജു കുറുപ്പ് അതേക്കുറിച്ച് വിശദീകരിച്ചത്.
"ആന്‍റണി വർഗീസ് നായകനാക്കുന്ന ആക്ഷൻ ചിത്രമാണ് ദാവീദ്. എനിക്ക് ആ സിനിമയിൽ ചെറിയൊരു വേഷമുണ്ട്. ഒരു പാട്ടിനിടയിൽ വന്നുപോകുന്ന രംഗമാണ്. അര ദിവസത്തിൽ താഴെ മതി എന്‍റെ ഡേറ്റ്. ആ ഡേറ്റിന്‍റെ കാര്യം ചോദിക്കാനായി സിനിമയുടെ സംവിധായകനായ ഗോവിന്ദ് വിഷ്‌ണുവിനെ ഞാൻ ഫോണിൽ വിളിച്ചു. ആ സമയത്ത് അദ്ദേഹം ഒരല്‍പ്പം ടെൻഷനിൽ ആയിരുന്നു.
ഞാൻ വിളിച്ചത് കൊണ്ട് ടെൻഷനായതല്ല. ആ സിനിമയിലെ ഒരു പ്രധാന കഥാപാത്രം ചെയ്യേണ്ടിയിരുന്ന മറ്റൊരു നടന്‍റെ ഡേറ്റ് വേറൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുഴപ്പത്തിലായി. മൂന്ന് ദിവസങ്ങൾക്ക് അപ്പുറം ചിത്രീകരണം ആരംഭിക്കേണ്ടതുണ്ട്. ഇതാണ് സംവിധായകന്‍റെ ടെൻഷന് കാരണം. ഈ അവസാന നിമിഷത്തിൽ മറ്റൊരു നടനെ കണ്ടെത്തുക എന്നുള്ളതും ബുദ്ധിമുട്ടാണ്.
ഞാൻ മറ്റൊന്നും ചിന്തിച്ചില്ല, ആ വേഷം ഞാൻ ചെയ്‌തോട്ടെ എന്ന് സംവിധായകൻ ഗോവിന്ദിനോട് ചോദിച്ചു. അങ്ങനെയാണ് ദാവീദിലെ വേഷം എനിക്ക് ലഭിക്കുന്നത്. എത്ര ഉന്നതിയിൽ എത്തിയാലും നല്ല വേഷങ്ങൾ ചോദിച്ചു വാങ്ങാൻ എനിക്ക് മടിയില്ല. ആന്‍റണി വര്‍ഗ്ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കൊച്ചച്ചന്‍റെ കഥാപാത്രമാണ്." -സൈജു കുറുപ്പ് വിശദീകരിച്ചു.
സിനിമയുടെ വിജയമോ പരാജയമോ ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്നാണ് നടന്‍ പറയുന്നത്. താന്‍ ചെയ്യുന്ന സിനിമകളൊക്കെ വലിയ വിജയമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ചെയ്യുന്ന സിനിമകൾ ഒക്കെ വലിയ വിജയമാകുന്നു. എങ്കിലും മനസ്സ് തുറന്നു പറയട്ടെ, ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചാൽ ഒരു അഭിനേതാവിനും സംവിധായകനും ഒരിക്കലും പറയാൻ സാധിക്കില്ല, ആ സിനിമ വിജയമാകുമോ പരാജയം ആകുമോ എന്ന്.
ഒരു തിരക്കഥ കേൾക്കുമ്പോൾ മികച്ചതാണെന്ന് തോന്നിയാലും ചിലപ്പോൾ ചിത്രീകരണത്തിൽ പാകപ്പിഴകൾ സംഭവിക്കാം. അതല്ലെങ്കിൽ ഒരു ആവറേജ് സ്ക്രിപ്‌റ്റ്, ചിത്രീകരണ മികവോടെ മികച്ച ഒരു സിനിമയായി മാറാം. എല്ലാ സിനിമകളും വിജയിക്കണമെന്ന സദുദ്ദേശത്തോടു കൂടിയാണ് ചെയ്യുന്നത്."-സൈജു കുറുപ്പ് പ്രതികരിച്ചു.