എറണാകുളം : പത്മവിഭൂഷൺ റാമോജി റാവുവിന്‍റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകൻ റോഷൻ ആൻഡ്രൂസ്. ആദ്യമായി സംവിധാനം ചെയ്യുന്ന ഉദയനാണ് താരം റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുന്നത്. ഉദയഭാനുവിന്‍റെയും സിനിമയ്ക്കുള്ളിലെ സിനിമയുടെയും കഥ പറഞ്ഞ ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയായപ്പോൾ തന്നെ ഷൂട്ടിങ്ങിന് ഒരു ഫിലിം സിറ്റിയുടെ ആവശ്യകത വന്നു.
ഇന്ത്യയിലെ നിരവധി ഫിലിം സിറ്റികളിൽ ലൊക്കേഷനായി അന്വേഷണം നടത്തിയെങ്കിലും അവസാനം എത്തിയത് റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിക്കാം എന്ന തീരുമാനത്തിലായിരുന്നു. പക്ഷേ അക്കാലത്ത് റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിക്കുന്ന സിനിമകൾ തിയേറ്ററുകളിൽ വലിയ പരാജയം നേരിടും എന്നൊരു അന്ധവിശ്വാസം സൗത്ത് ഇന്ത്യയില്‍ പരക്കുന്നുണ്ടായിരുന്നു. വിവരം ഞങ്ങളുടെ ചെവിയിലും എത്തി.
അങ്ങോട്ട് ചിത്രീകരണത്തിനായി പോകുന്നതിന്‍റെ തലേദിവസം പോലും റാമോജി ഫിലിം സിറ്റി ഒരു വർക്കത്തില്ലാത്ത സ്ഥലം എന്ന് പലരും മുന്നറിയിപ്പും തന്നു. സത്യത്തിൽ ഫിലിം സിറ്റിയിലേക്ക് വരുന്നത് തന്നെ മനസ് മടിച്ചാണ്. പക്ഷേ റാമോജി ഫിലിം സിറ്റിയിൽ കാലെടുത്തു കുത്തിയപ്പോൾ ചിന്താഗതികളും കാഴ്‌ചപ്പാടുകളും ആകെ മാറി.
ഇത്രയും മനോഹരമായ ഒരു സ്ഥലം. ആളുകൾ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് തോന്നിപ്പോയി. അന്ധവിശ്വാസങ്ങളെ കാറ്റിൽ പറത്തി ഉദയനാണ് താരം മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്‌റ്റർ ഹിറ്റായി. റാമോജി ഫിലിം സിറ്റി എന്ന സ്ഥാപനത്തെ കുറിച്ചുള്ള എന്‍റെ ഓർമ്മകൾ അങ്ങനെയാണ്.
നിരവധി തവണ ഫിലിം സിറ്റിയിൽ സിനിമകൾ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും സന്ദർശിക്കാൻ പോയിട്ടുണ്ടെങ്കിലും റാമോജി റാവുവിനെ നേരിട്ട് പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. ഞാൻ കൃത്യമായി ഓർക്കുന്നു. മൂന്നുതവണ അദ്ദേഹത്തെ ഞങ്ങൾ ദൂരെ നിന്ന് കണ്ടിട്ടുണ്ട്. റാമോജി ഫിലിം സിറ്റി എന്ന സ്ഥാപനവും അനുബന്ധ സ്ഥാപനങ്ങളും വളർത്തിയെടുത്ത ആ മനുഷ്യന്‍റെ വിഷന്‍ ഓര്‍ത്ത് ഏറെ ബഹുമാനം തോന്നിപ്പോയി. അദ്ദേഹത്തിന്‍റെ വിയോഗം തീരാനഷ്‌ടമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
Also Read: ജനനം കര്‍ഷക കുടുംബത്തില്‍ ; ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിലായി പടുത്തുയര്‍ത്തിയത് വന്‍ വ്യവസായ ശൃംഖല