'ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ?' 'മതിലുക'ളിലെ നാരായണിയായി കെപിഎസി ലളിത ചോദിച്ചതാണിത്. മലയാളത്തിന്‍റെ 'ലളിത'ഭാവം വിടവാങ്ങിയിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ മലയാളികൾ ഹൃദയംകൊണ്ട് ആ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ടേയിരിക്കുന്നു, 'എക്കാലവും ഓർക്കും' എന്ന്!. മലയാള സിനിമയുടെ ചരിത്രപുസ്‌തകത്തിൽ എന്നും കെപിഎസി ലളിതയെന്ന അതിശയിപ്പിക്കുന്ന അഭിനേത്രിയുടെ താളുകൾ ഉണ്ടായിരിക്കും.
കാഴ്‌ചക്കാരെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഒരായുസ് മുഴുവന്‍ അഭിനയത്തിനായി സമര്‍പ്പിച്ച നടി. തിരശീലയിലേക്ക് ആവാഹിച്ച ഓരോ കഥാപാത്രങ്ങളും തനിക്ക് മാത്രം സാധ്യമായ നിലയിൽ ചെയ്‌തുവച്ച കലാകാരി...വിശേഷണങ്ങൾക്ക് അതീതയാണ് കെപിഎസി ലളിത. ഓരോ കഥാപാത്രങ്ങളും എത്ര അനായാസതയോടെയാണ് അവർ അവതരിപ്പിച്ചത്. കെപിഎസി ലളിതയ്‌ക്ക് മാത്രം വശമുള്ള ഒരു മാജിക്കുണ്ട്, കാമറയ്‌ക്ക് മുന്നിൽ അവരത് പുറത്തെടുക്കും, കാഴ്‌ചക്കാരെല്ലാം ആ മായികവലയത്തിലേക്ക് കൂപ്പുകുത്തും.
വേറിട്ട അഭിനയവും അതിലെ നർമബോധവും ചുറുചുറുക്കും തന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തയാക്കുന്നത്. കേവലം മാതൃഭാവത്തിൽ മാത്രം അവരിലെ നടി തളച്ചിടപ്പെട്ടില്ല. കുസൃതിയും കുശുമ്പും അസൂയയും അൽപം വില്ലത്തരവും എല്ലാം നിറഞ്ഞതാണ് ലളിതയുടെ ഓരോ കഥാപാത്രങ്ങളും.
'അമരം', 'ആരവം', 'വെങ്കലം' തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സിനിമകളിലെ പ്രകടനങ്ങള്‍ മലയാളികൾ എങ്ങനെ മറക്കും. മണിചിത്രത്താഴിലെ ഭാസുര, തേന്മാവിൻ കൊമ്പത്തിലെ കാർത്തു, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവി, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്‌ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സിഐഡി ഉണ്ണികൃഷ്ണനിലെ അമ്മ, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക, സ്‌ഫടികത്തിലെ മേരി അങ്ങനെ അഞ്ച് പതിറ്റാണ്ടുകളിലേറെ 550 സിനിമകൾ, കഥാപാത്രങ്ങൾ. വേഷ പകര്‍ച്ചകള്‍ കൊണ്ട് കെപി എസി ലളിത മലയാള സിനിമയിൽ നിറഞ്ഞാടി.
രണ്ടു ദേശീയ അവാർഡ് അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ഇക്കാലയളവിൽ ലളിതയെ തേടിയെത്തി. പിൽക്കാലത്ത് ടിവി സീരിയലുകളിലും അവർ പ്രത്യക്ഷപ്പെട്ടു. കെപിഎസിയുടെ അരങ്ങുകളിൽ നിന്നാർജിച്ച പാഠങ്ങളുമായാണ് ലളിത സിനിമയിലേക്കെത്തിയത്. 'മഹേശ്വരിയമ്മ' എന്നായിരുന്നു യഥാർഥ പേര്. പിന്നീട് കായംകുളം കെപിഎസിയില്‍ ചേര്‍ന്നപ്പോഴാണ് ലളിത എന്ന പേര് സ്വീകരിച്ച്. തോപ്പില്‍ ഭാസിയുടെ 'കൂട്ടുകുടുംബം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്, ഒപ്പം ലളിതയ്‌ക്കൊപ്പം കെപിഎസി എന്നുകൂടി ചേര്‍ത്ത്, കെപിഎസി ലളിതയായി.
ഒടുക്കം ചമയങ്ങളഴിച്ചുവച്ച് കെപിഎസി ലളിത അരങ്ങൊഴിഞ്ഞപ്പോൾ ഓരോ മലയാളികളും കണ്ണീർപൂകി. 2022 ഫെബ്രുവരി 22ന് ആയിരുന്നു 'ലളിതയുഗ'ത്തിന് അന്ത്യമായത്. ഇന്നിതാ കെപിഎസി ലളിത ഇല്ലാത്ത മലയാള സിനിമയുടെ കാലചക്രം രണ്ടാണ്ട് പിന്നിട്ടിരിക്കുന്നു. അന്നും ഇന്നും മലയാളിക്ക് കെപിഎസി ലളിത പ്രിയങ്കരി തന്നെ.