മലയാള സിനിമയുടെ മുൻനിര പിആർഒകളിൽ ഒരാളാണ് പ്രതീഷ് ശേഖർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളം-തമിഴ് സിനിമകളുടെ പബ്ലിക് റിലേഷൻ വര്‍ക്കുകള്‍ പ്രതീഷ് ശേഖറുടെ കയ്യിൽ ഭദ്രമായിരുന്നു. 'പേട്ടറാപ്പ്', 'വിടുതലൈ', 'ലിയോ',
'മഹാരാജ', 'മലൈക്കോട്ടെ വാലിബൻ' തുടങ്ങി നിരവധി ചിത്രങ്ങൾ വാർത്താ പ്രചരണത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതില്‍ പ്രതീഷ് ശേഖർ വഹിച്ച പങ്ക് ചെറുതല്ല.
ഇപ്പോഴിതാ പവര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള പ്രതീഷിന്‍റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടെന്നും അത്തരമൊരു പവർ ഗ്രൂപ്പിന്‍റെ ബലിയാടാണ് താനെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് പ്രതീഷ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവച്ച് കൊണ്ടായിരുന്നു പ്രതീഷിന്‍റെ ഈ തുറന്നു പറച്ചിൽ.
'കഴിഞ്ഞ 20 വർഷമായി താൻ മാധ്യമ മേഖലയിലുണ്ട്. മലയാളത്തിലെ മുൻനിര മാധ്യമങ്ങളിൽ ജോലി ചെയ്‌ത ശേഷമാണ് സിനിമ പിആർഒ ആയി ഈ രംഗത്തേക്ക് കടന്നു വരുന്നത്. അത് സിനിമ എന്ന മാധ്യമത്തോടുള്ള അടങ്ങാത്ത പാഷന്‍റെ ബാക്കിപത്രമായിരുന്നു. മാധ്യമങ്ങളിലൂടെ സിനിമയിലെ പവർ ഗ്രൂപ്പുകളെ കുറിച്ചുള്ള ചർച്ച സാധാരണക്കാർക്കിടയിലേയ്‌ക്കും സംഭവിച്ച് തുടങ്ങിയിരിക്കുന്നു.
പലരും സംശയമായി ഇത്തരം പവർ ഗ്രൂപ്പുകൾ ഉണ്ടോ എന്ന് എന്നോട് ഉന്നയിക്കാറുണ്ട്. എന്‍റെ മറുപടി താൻ വർക്ക് ചെയ്യുന്ന മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ട് എന്ന് തന്നെയാണ്. അതിനൊരു ഉദാഹരണം പറയാം. കഴിഞ്ഞ ദിവസം ഞാനൊരു സിനിമ സംവിധായകനുമായി ജോലി സംബന്ധമായ ഒരു കൂടിക്കാഴ്‌ച നടത്തി. അദ്ദേഹം ഒരു നിർമ്മാതാവ് കൂടിയാണ്. അദ്ദേഹത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പിആർ വർക്കുകൾ താൻ ഏറ്റെടുക്കുന്നതുമായി സംബന്ധിച്ചായിരുന്നു കൂടിക്കാഴ്‌ച.
തുടർന്ന് ജോലി ഏറ്റെടുക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ഒരു അഡ്വാൻസ് തന്നു. ജോലി ആരംഭിച്ചു. പക്ഷേ സിനിമയുടെ ബ്രോഷർ തനിക്ക് അയച്ചു കിട്ടുമ്പോൾ എല്ലാം എന്‍റെ പേരില്ലാതെയാണ് അത് ലഭ്യമാവുക. നിരവധി തവണ തന്‍റെ പേരും കൂടി ബ്രോഷറിൽ ഉൾപ്പെടുത്തണമെന്ന് ജോലി ഏൽപ്പിച്ച സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പോസിറ്റീവായ ഒരു സമീപനം അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ ആ സിനിമയുമായി തുടർന്ന് സഹകരിക്കാൻ ഞാൻ താല്‍പ്പര്യപ്പെടുന്നില്ല. ഇതൊരു ഉദാഹരണം മാത്രമാണ്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കല്യാണത്തിന് വീഡിയോഗ്രാഫർക്കൊപ്പം ലൈറ്റ് സഹായിയായി തുടങ്ങിയ വ്യക്തിയാണ് താൻ. അത്രയും അനുഭവം എനിക്ക് ദൃശ്യ മാധ്യമ മേഖലയുമായി ഉണ്ട്. പിആർ ആയി ജോലി ചെയ്‌ത് തുടങ്ങിയിട്ട് നിരവധി തവണ ശ്രമിച്ച ശേഷമാണ് തനിക്ക് ഔദ്യോഗിക സംഘടനയിൽ അംഗത്വം ലഭിക്കുന്നത് പോലും. തന്‍റെ അവസരങ്ങൾ നഷ്‌ടപ്പെടുത്തുന്നതിന് പലപ്പോഴും സ്വാധീനം എന്ന ഘടകം പവർ ഗ്രൂപ്പിൽപ്പെട്ട വ്യക്തികൾ ഉപയോഗിച്ചു.
സ്ത്രീകളെ കൊണ്ട് തനിക്കെതിരെ വ്യാജ പരാതി നൽകിപ്പിച്ചിട്ടുണ്ട്. അതിന്‍റെ പേരിൽ നിരവധി തവണ പൊലീസ് സ്‌റ്റേഷനിലും കയറിയിറങ്ങി. എനിക്ക് ലഭിക്കുന്ന പല അവസരങ്ങളും തട്ടിയെടുക്കാനായി ഇവരൊക്കെ ശ്രമിക്കുന്നു. അതിൽ എനിക്ക് പരാതിയില്ല. പവർ ഗ്രൂപ്പും അവരിൽ ഉൾപ്പെടുന്ന ചില സ്ത്രീകളും ചേർന്ന് സിനിമയുടെ പ്രൊമോഷൻ ജോലികൾ തുടർന്ന് ചെയ്‌തുകൊള്ളട്ടെ. ഞാൻ അരങ്ങൊഴിയാം. കഞ്ഞികുടിച്ച് ജീവിക്കാനുള്ള വക എങ്ങനെയും ലഭിക്കും.
ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിന്‍റെ പരമാവധി ഞാൻ അനുഭവിച്ചു കഴിഞ്ഞു. സിനിമ മേഖലയിൽ സെലിബ്രിറ്റി മാനേജ്‌മെന്‍റ് അടക്കമുള്ള മേഖലകളിൽ ജോലി ചെയ്‌തിട്ടുണ്ട്. ടെലിവിഷൻ മേഖലയുമായി നല്ല സൗഹൃദമുണ്ട്. എത്രയൊക്കെ അനുഭവിച്ചിട്ടും നിങ്ങളുടെയൊക്കെ മുന്നിൽ ചിരിച്ചു കാണിക്കാനുള്ള ആത്‌മ നിയന്ത്രണം എനിക്കില്ല.
സിനിമയിൽ 15 പേർ അടങ്ങുന്ന പവർ ഗ്രൂപ്പ് ഉണ്ടെന്ന് പറയുമ്പോഴും അതിനോട് വിയോജിക്കാൻ ആകുന്നില്ല. എത്രയൊക്കെ ദ്രോഹം ചെയ്യാമോ അത്രയൊക്കെ ദ്രോഹം ഈ പറയുന്ന പവർ ഗ്രൂപ്പുകളിൽ നിന്നും ഉണ്ടായിട്ടുണ്ട്. പരമാവധി പിടിച്ചു നിന്നു. എങ്ങനെയൊക്കെയോ ജീവിച്ചു പോകുന്നു. താൻ ജോലി ചെയ്‌ത സിനിമകൾ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വസ്‌തുതകൾ കൊണ്ട് ശ്രദ്ധേയനാകണം എന്നൊന്നും ആഗ്രഹിച്ചിട്ടില്ല. ചെയ്‌ത ജോലിക്ക് ഗുണം ലഭിച്ചത് ദൈവത്തിന്‍റെ കാരുണ്യമാണ്. താന്‍ നേരിട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം ലഭിക്കാൻ നിയമപരമായി പോരാടും. ഒരുപക്ഷേ ഇപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്ന സിനിമ വാർത്ത പ്രചരണം എന്ന ജോലി അവസാനിപ്പിക്കുകയും ചെയ്യും.' -പ്രതീഷ് ശേഖർ പറഞ്ഞു.
Also Read: ഇതാണോ പവർ ഗ്രൂപ്പ്? പ്രതികരിച്ച് ആസിഫ് അലി - Asif Ali reacts on movie promotion