എറണാകുളം : മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ. മുൻധാരണ പ്രകാരം പരാതിക്കാരനെ നിർമ്മാതാക്കൾ ചതിക്കുകയായിരുന്നുവെന്ന് പൊലീസ്. മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കളായ ഷോൺ ആന്‍റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർ കരുതിക്കൂട്ടി പരാതിക്കാരനായ അരൂർ സ്വദേശിയിൽ നിന്നും പണം വാങ്ങി വഞ്ചിക്കുകയായിരുന്നു എന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്.
മുൻധാരണ പ്രകാരമാണ് നിർമ്മാതാക്കൾ ചതിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് ചെലവെന്നും പൊലീസ് കോടതിയെ അറിയിച്ചു.
വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിംസ് കമ്പനി തിരികെ നൽകിയിട്ടില്ല. ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർഥം എന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് പൊലീസിന്‍റെ റിപ്പോർട്ട്.
കേസിലെ തുടർ നടപടികൾ പറവ ഫിലിംസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. നാൽപത് ശതമാനം ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു അരൂർ സ്വദേശി സിറാജിന്‍റെ പരാതി.
ALSO READ: ഒമർ ലുലുവിനെതിരെ ലൈംഗിക പീഡന കേസുമായി യുവനടി: പരാതി വ്യക്തിവൈരാഗ്യം മൂലമെന്ന് സംവിധായകൻ