വിദേശ മലയാളിയായ ചാൾസ് ജി തോമസ് ഹേമന്ത് മേനോനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് 'ഒരു സ്‌മാർട്ട് ഫോൺ പ്രണയം'. അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം മെയ് രണ്ടാം വാരം തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് സംവിധായകൻ ചാൾസ് ജി തോമസ്, സംഗീത സംവിധായകൻ പ്രശാന്ത്, അഭിനേതാവ് ബാജിയോ ജോർജ് തുടങ്ങിയവർ.
സംവിധായകൻ ചാൾസ് ജി തോമസിന്‍റെ വാക്കുകൾ
ഒരു ഇടവേളക്കുശേഷം ഹേമന്ത് മേനോൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആണിത്. കൊച്ചി, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് ഈ സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനുകൾ. സസ്‌പെൻസ് ത്രില്ലർ ജോണറിൽ ആണ് 'ഒരു സ്‌മാർട്ട് ഫോൺ പ്രണയം' ഒരുക്കിയിരിക്കുന്നത്. രണ്ടുപേർ ഫോണിലൂടെ പ്രണയിച്ച് തുടങ്ങുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് പ്രധാന ഇതിവൃത്തം.
കേന്ദ്ര കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങൾ മറ്റൊരു കുടുംബത്തിന്‍റെ കൂടെ പ്രശ്‌നങ്ങളായി മാറുമ്പോൾ കഥ പറച്ചിൽ കൂടുതൽ ഉദ്വേഗജനകമാകുന്നു. ഹേമന്ത് മേനോൻ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചിരിക്കുന്നത്. ഒരു നടനെന്ന രീതിയിൽ അദ്ദേഹത്തിന് ഇനിയും മികച്ച വേഷങ്ങൾ ചെയ്യാൻ ആകുമെന്ന് തന്നെയാണ് വിശ്വാസം.
നാലു പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ചിത്രത്തിന്‍റെ കഥാഗതിയെ നിയന്ത്രിക്കുന്നത്. അതിൽ ഒരാൾ വില്ലനായി മാറുന്നതോടെ രണ്ടാം പകുതിയിൽ സിനിമയുടെ സ്വഭാവം മാറും. ചില പ്രത്യേക ജോണറുകൾ മാത്രം ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്ക് ഒഴികെ ബാക്കിയെല്ലാവർക്കും ഈ സിനിമ ഇഷ്‌ടമാകുമെന്നാണ് കരുതുന്നത്.
ഈ ചിത്രത്തിന്‍റെ പിന്നിൽ വലിയ കഠിനാധ്വാനം തന്നെയുണ്ട്. സമൂഹത്തിന് നൽകാവുന്ന നല്ല സന്ദേശങ്ങൾ തിരക്കഥയിൽ ധാരാളം ഉണ്ട്. വിദേശ മലയാളി ആയതുകൊണ്ട് തന്നെ കേരളത്തിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് ധാരണയില്ല എന്ന് തെറ്റിദ്ധരിക്കേണ്ട. ഇവിടെ ജീവിക്കുന്നവരെക്കാൾ കൂടുതൽ നാടിനെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് വിദേശ മലയാളികൾ തന്നെയാണ്.
അതുകൊണ്ടുതന്നെ കേരളത്തിൽ നടക്കുന്ന സാമൂഹ്യപ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന സിനിമയൊരുക്കുന്നതിൽ പരാജയപ്പെടാനുള്ള സാധ്യത കുറവാണ്. പെൺകുട്ടികളുള്ള മാതാപിതാക്കൾ ചിത്രം കാണണമെന്ന് തന്നെയാണ് എടുത്തു പറയാനുള്ളത്.
'സംവിധായകൻ പൂർണ സ്വാതന്ത്ര്യം തന്നു'- സംഗീത സംവിധായകൻ പ്രശാന്ത് പറയുന്നു...
ചെറുതും വലുതുമായ 6 സിനിമകൾക്ക് ശേഷമാണ് 'ഒരു സ്‌മാർട്ട് ഫോൺ പ്രണയം' എന്ന ചിത്രത്തിൽ സംഗീത സംവിധായകനായി പ്രവർത്തിക്കുന്നത്. ചിത്രത്തിൽ രണ്ടു ഗാനങ്ങൾക്കാണ് സംഗീതമൊരുക്കിയത്. ഒരു ഗാനം വിനീത് ശ്രീനിവാസനും മറ്റൊരു ഗാനം മൃദുല വാര്യരും ആണ് ആലപിച്ചിരിക്കുന്നത്.
വർഷങ്ങൾക്കുശേഷം എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് വിനീത് ഗാനമാലപിക്കാൻ എത്തിയത്. വിനീത് ശ്രീനിവാസനോടൊപ്പം ഇതിനുമുമ്പ് 15 ഗാനങ്ങളിൽ വർക്ക് ചെയ്‌തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഗാനം പഠിച്ച് വളരെ ആത്മാർഥതയോടെ കാര്യങ്ങളെ സമീപിക്കുന്നയാളാണ് വിനീത് ശ്രീനിവാസൻ.
ഗാനം ഒരുക്കുമ്പോൾ സംവിധായകൻ പൂർണ സ്വാതന്ത്ര്യം തന്നിരുന്നു. റഫറൻസ് സംഗീതത്തിന് അനുസരിച്ച് ഗാനങ്ങൾ ഒരുക്കേണ്ടതായി വന്നിട്ടില്ല. സിനിമയുടെ രംഗങ്ങൾക്ക് അധിഷ്‌ഠിതമായാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
'കരിയറിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിശ്വാസം'- ബാജിയോ ജോർജിന്‍റെ വാക്കുകൾ ഇങ്ങനെ...
നിരവധി ചിത്രങ്ങളിൽ ചെറുതും വലുതും വേഷങ്ങൾ ചെയ്‌തതിന് ശേഷമാണ് ഈ സിനിമയുടെ ഭാഗമാവുന്നത്. ഇന്ദ്രൻസ്, അലൻസിയർ തുടങ്ങി മലയാളത്തിലെ സീനിയർ താരങ്ങൾക്കൊപ്പം ഒക്കെ വർക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. അതുകൊണ്ടുതന്നെ അഭിനയത്തെക്കുറിച്ച് ധാരാളം മനസിലാക്കി തന്നെയാണ് ഈ ചിത്രത്തിന്‍റെ ഭാഗമായത്. നല്ല അവസരങ്ങൾക്ക് വേണ്ടിയുള്ള യാത്രയിലാണ് ഇപ്പോഴും. പലപ്പോഴും പറഞ്ഞുവച്ച അവസരങ്ങൾ നഷ്‌ടപ്പെട്ടതിൽ സങ്കടപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ ചിത്രത്തിലെ വേഷം കരിയറിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് വിശ്വസിക്കുന്നു.