മുംബൈ : കങ്കണ റണാവത്ത് നായികയായിയെത്തുന്ന ചിത്രം 'എമര്‍ജന്‍സി'യുടെ റിലീസിനും സര്‍ട്ടിഫിക്കറ്റിനും വേണ്ടി സെര്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരുടെ വാദം കൂടി കേള്‍ക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്.
സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസുമാരായ ബി പി കൊളബാവല്ല, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ സിഖ് സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കങ്കണ റണാവത്തിന്‍റെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
'എമര്‍ജന്‍സി' നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡന്‍റ് ഹര്‍ജീനന്ദര്‍ സിങ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയത്. കങ്കണയ്ക്ക് നേരെ സിഖ് വിഘടനവാദ ഗ്രൂപ്പുകള്‍ വധഭീഷണി ഉയര്‍ത്തിയിരുന്നു. സെപ്റ്റംബര്‍ ആറിനായിരുന്നു ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്.
ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും വെട്ടിക്കുറയ്ക്കാന്‍ ഫിലിം ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചിത്രം വൈകാരിക ഉള്ളടക്കമുള്ളതാണെന്നും മതവികാരം വ്രണപ്പെടുത്താന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം എല്ലാ സമുദായങ്ങളുടെയും വികാരം കണക്കിലെടുക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.
Also Read: ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ അനുമതി ലഭിച്ചില്ല; 'എമര്‍ജന്‍സി' റിലീസ് മാറ്റിവച്ചു