ബലാത്സംഗക്കേസില്‍ കോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് കൊണ്ടാണ് നിവിന്‍ പോളി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടന്‍റെ പ്രതികരണം.
"എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി." -ഇപ്രകാരമാണ് നിവിന്‍ പോളി ഫേസ്‌ബുക്കില്‍ കുറിച്ചത്.
കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിവിന്‍ പോളിക്ക് കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്. യുവതിയുടെ പരാതിപ്രകാരം ലൈംഗികാതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് നിവിന്‍ പോളി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടതോടെ കേസില്‍ ആറാം പ്രതിയായ നിവിന്‍ പോളിക്ക് കോടതി ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. അതേസമയം കേസില്‍ പ്രതികളായ മറ്റ് അഞ്ച് പേര്‍ക്കെതിരെ അന്വേഷണം തുടരും. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്‌ദാനം നല്‍കി നിവിന്‍ പോളി അടക്കമുള്ള സംഘം ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി എന്നുമായിരുന്നു യുവതിയുടെ പരാതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടെ ഭാഗമായിരുന്നു യുവതിയുടെ ആരോപണം. 2023 ഡിസംബര്‍ 14, 15 തീയതികളില്‍ ദുബൈയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചിരുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് നിവിന്‍ പോളി അടക്കമുള്ളവര്‍ക്കെതിരെ കൂട്ടബലാത്സംഗം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
എന്നാല്‍ യുവതിയുടെ പരാതിക്ക് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച് നിവിന്‍ പോളി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ആരോപണം ഉന്നയിക്കുന്ന ദിവസങ്ങളിൽ താൻ വിദേശത്ത് ഉണ്ടായിരുന്നില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ നിയമനടപടി സ്വീകരിക്കുമെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.
പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ നിവിന്‍ പോളി താന്‍ സംവിധാനം ചെയ്‌ത 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ആയിരുന്നുവെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ തെളിവുസഹിതരം രംഗത്തെത്തിയിരുന്നു.
വിനീത് ശ്രീനിവാസൻ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം അന്വേഷണം നടത്തുകയും യുവതി പീഡനം ആരോപിച്ച ദിവസങ്ങളിൽ നിവിൻ പോളി വിദേശത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. യുവതിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതായും സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം കണ്ടെത്തിയിരുന്നു.
Also Read: ബലാത്സംഗക്കേസില്‍ നിവിൻ പോളിയെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കി