പാലക്കാട്: എആർ റഹ്മാന്‍റെ ശബ്‌ദ സാമ്യത കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ച പ്രതിഭയാണ് നിഖിൽ പ്രഭ. സോഷ്യൽ മീഡിയ നിഖിൽ പ്രഭ എന്ന കലാകാരനെ ജനപ്രിയനാക്കിയെങ്കിലും അദ്ദേഹത്തിന്‍റെ കഴിഞ്ഞ കാലം അത്ര ശോഭനമായിരുന്നില്ല. റഹ്മാൻ സാറിന്‍റെ ശബ്‌ദം മിമിക്രി ചെയ്യുന്നു എന്ന തരത്തിൽ ഇപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. പുതിയ സിനിമ വിശേഷങ്ങളും സംഗീത യാത്രയും നിഖിൽ പ്രഭ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.
19ാം വയസ് മുതൽ മലയാള സംഗീത ലോകത്ത് താൻ പ്രവർത്തിച്ചുവരുന്നു. ഇതിനോടകം 23ലധികം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു കഴിഞ്ഞു. ഒരു ഗായകൻ ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല. പക്ഷേ യാദൃശ്ചികമായി ഒരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരികയും തന്‍റെ തൈറോയ്‌ഡ് ഗ്രന്ഥി നീക്കം ചെയ്യുകയും ചെയ്‌തു. ശേഷം ശബ്‌ദം തിരിച്ചു കിട്ടിയെങ്കിലും ഒരിക്കലും ഒരു ഗാനം ആലപിക്കാൻ സാധിക്കുമെന്ന് വിചാരിച്ചിരുന്നില്ല.
പക്ഷേ എന്തെങ്കിലും ചെയ്യാൻ പറ്റാതിരിക്കുമ്പോഴാണല്ലോ അത് ചെയ്യാൻ മനസ് വെമ്പൽ കൊള്ളുന്നത്. അങ്ങനെയാണ് പാടിത്തുടങ്ങുന്നത്. ലോക്ക്ഡൗൺ കാലത്ത് പാടുന്ന പാട്ടുകൾ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തു.
ഇത് എആർ റഹ്മാന്‍റെ ഒറിജിനൽ പാട്ടിന് ലിപ് സിങ്ക് ചെയ്‌ത് വീഡിയോ പോസ്റ്റ് ചെയ്‌തതാണെന്നുള്ള കമന്‍റുകൾ ആദ്യകാലങ്ങളിൽ വരാൻ തുടങ്ങി. ഈ ഗാനങ്ങൾ ഞാൻ പാടിയതാണെന്ന് കാഴ്‌ചക്കാർ വിശ്വസിക്കുന്നില്ല. ശബ്‌ദം എആര്‍ റഹ്മാന്‍റെ തന്നെയെന്ന് കാണികൾ ഉറപ്പിച്ചു. ആദ്യകാലങ്ങളിൽ ഇങ്ങനെയുള്ള കമന്‍റുകൾ കാണുമ്പോൾ സന്തോഷം തോന്നിയെങ്കിലും സ്വന്തം ശബ്‌ദം ജനങ്ങൾക്ക് തിരിച്ചറിയാനാകുന്നില്ലല്ലോ എന്നാലോചിച്ച് വിഷമം തോന്നി.
മാത്രമല്ല എആർ റഹ്മാനെ മനപൂർവം അനുകരിച്ച് പാട്ടുപാടി വൈറലാകാനാണ് ഉദ്ദേശം എന്ന് പറഞ്ഞ് സൈബർ ആക്രമണവും ഉണ്ടായി. പക്ഷേ വിട്ടുകൊടുക്കാൻ താൻ തയ്യാറായിരുന്നില്ല. നിരന്തരം ഗാനങ്ങൾ ആലപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത് കൊണ്ടിരുന്നു. എതിർപ്പുകൾ പിൽക്കാലത്ത് വലിയ സപ്പോർട്ടായി.
ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി കൃത്യം ഒമ്പത് മാസങ്ങൾ കഴിഞ്ഞപ്പോൾ സാക്ഷാൽ എആർ റഹ്മാൻ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ അദ്ദേഹത്തിന്‍റെ മുന്നിൽ വച്ച് അദ്ദേഹത്തിന്‍റെ ഒരു പാട്ട് ആലപിക്കാൻ സാധിച്ചു. ഗാനമാലപിച്ച ശേഷം വളരെ കുറച്ച് സമയം മാത്രമേ അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞുള്ളൂ. താങ്കളുടെ ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ കേൾക്കാറുണ്ടെന്നും മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പലര്‍ക്കുമുളള തെറ്റിദ്ധാരണയാണ് ഞാൻ എആർ റഹ്മാനെ അനുകരിച്ചു പാടുകയാണ് എന്നത്. ഒരിക്കലുമല്ല എന്‍റെ ശബ്‌ദം ഇങ്ങനെ തന്നെയാണ്. റഹ്മാൻ സാറിന്‍റെ ഗാനങ്ങൾ ആലപിക്കുമ്പോൾ സാമ്യത തോന്നാം. പക്ഷേ മറ്റു ഗാനങ്ങൾ ആലപിക്കുമ്പോൾ അത്തരമൊരു സാമ്യത തോന്നണമെന്നില്ല. എആർ റഹ്മാന്‍റെ ശബ്‌ദത്തിന്‍റെ ഒരു ടെക്‌സച്ര്‍ ആവശ്യപ്പെട്ടുകൊണ്ട് തന്നെയാണ് പലരും തന്നെ ഗാനമാലപിക്കാൻ ക്ഷണിക്കുന്നതും.
പ്രഗത്ഭരായ പല സംഗീത സംവിധായകർക്ക് ഒപ്പവും ഗാനം ആലപിച്ച് കഴിഞ്ഞു. മലയാളം, തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിൽ കൈവച്ചു. പ്രഭാസ് നായകനാകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രത്തിലും പാടിയിട്ടുണ്ട്.
കലാഭവൻ മണി നായകനായ 'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടാണ് താൻ സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. അന്ന് ഏകദേശം 19 വയസായിരുന്നു തനിക്ക്. 23ാം വയസിൽ തന്‍റെ മൂന്നാമത്തെ ചിത്രത്തിലാണ് മലയാളത്തിന്‍റെ ഗാനഗന്ധർവ്വൻ യേശുദാസിനെ തന്‍റെ സംഗീത സംവിധാനത്തിൽ പാടിപ്പിക്കാനുള്ള അവസരം ലഭ്യമാകുന്നത്.
ഗാനമാലപിച്ച ശേഷം യേശുദാസ് പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കില്ല. ഒരു സംഗീതസംവിധായകനായി ജീവിതത്തിൽ മുന്നേറ്റം ഉണ്ടാകുമോ എന്ന് സംശയിക്കുന്ന സമയത്താണ് ആ വാക്കുകൾ ജീവവായുവാകുന്നത്. 23 വയസുള്ള ഒരു പയ്യനാണ് ഈ ഗാനം ഒരുക്കിയതെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ദാസേട്ടന്‍ പറഞ്ഞത്.
കൂടാതെ പ്രതിഫലമായ ലഭിച്ച തുകയിൽ നിന്നും ഒരു 10,000 രൂപ ദാസേട്ടൻ തനിക്ക് നൽകുകയും അടുത്ത ഓണത്തിന് തരംഗിണിയുടെ ഓണപ്പാട്ടിന്‍റെ ആൽബം ഒരുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. ചില സാങ്കേതിക കാരണങ്ങളാൽ ആ പ്രോജക്‌ട് നടന്നില്ലെങ്കിലും തന്നെ സംഗീതത്തിന്‍റെ ലോകത്ത് ജീവിക്കുന്ന ഒരു കലാകാരനായിട്ട് ലോകം അംഗീകരിക്കാൻ ദാസേട്ടൻ മുതലുള്ള നിമിഷങ്ങൾ സഹായിച്ചുവെന്ന് വേണം പറയാൻ. നിഖിൽ പ്രഭ പറഞ്ഞുനിര്‍ത്തി.