കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ആദരാഞ്‌ജലികളുമായി മുകേഷും സുരേഷ് ഗോപിയും ഡബ്ബിഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയും. തന്‍റെ ആദ്യ സിനിമയില്‍ തന്നെ പൊന്നമ്മയുടെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്ന് നടനും എംഎല്‍എയുമായ മുകേഷ്. നിരവധി ചിത്രങ്ങളില്‍ അമ്മയും മകനുമായി അഭിനയിക്കാന്‍ അവസരം ഉണ്ടായെന്നും മുകേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.
'ആദരാഞ്ജലികൾ, കാളിദാസ കലാകേന്ദ്രത്തിന്‍റെ ആദ്യ നായിക... എന്‍റെ ആദ്യ സിനിമയിൽ തന്നെ ഈ അമ്മയുടെ മകനായി അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം.... പിന്നെയും എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ അമ്മയും മകനുമായി. പകരം വയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മക്ക് പ്രണാമം..' -മുകേഷ് കുറിച്ചു.
കവിയൂര്‍ പൊന്നമ്മയുടെ ചിത്രം പങ്കുവച്ച് കൊണ്ടാണ് നടിക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എത്തിയത്. 'മലയാളത്തിന്‍റെ അമ്മക്ക്, എന്‍റെ സ്വന്തം പൊന്നമ്മ ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ' -സുരേഷ് ഗോപി കുറിച്ചു.
നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റുമായ ഭാഗ്യലക്ഷ്‌മിയും കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി. അടുത്തിടെ പൊന്നമ്മയെ അവരുടെ വീട്ടിലെത്തി നേരിട്ട് കണ്ടിരുന്നെന്നും ഒന്നും മിണ്ടാതെ കൈ മുറുകെ പിടിച്ച് ചിരച്ച് കൊണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.
'കഴിഞ്ഞ മാസവും ഞാന്‍ പോയി കണ്ടിരുന്നു. ഒന്നും മിണ്ടാതെ കൈ മുറുകെ പിടിച്ച് ചിരിച്ച് കൊണ്ടിരുന്നു.. ലളിത ചേച്ചിയുടെ വീട്ടില്‍ വച്ചാണ് ഞങ്ങള്‍ കൂടാറുള്ളത്. സുകുമാരി അമ്മ, പൊന്നമ്മ അമ്മ, ലളിത ചേച്ചി... മൂന്ന് പേരും പ്രിയപ്പെട്ടവരായിരുന്നു. എല്ലാവരും പോയി.' -ഭാഗ്യലക്ഷ്‌മി പറഞ്ഞു.