ആസിഫ് അലിയുടെ ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്‌ത ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലര്‍ ആണെന്നാണ് പ്രേക്ഷകാഭിപ്രായം. ഇതിനോടകം തന്നെ ചിത്രം കണ്ട സിനിമ- സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തി.
ഇപ്പോഴിതാ മന്ത്രി മുഹമ്മദ് റിയാസും 'കിഷ്‌കിന്ധാ കാണ്ഡ'ത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു വെറൈറ്റി ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം' എന്നാണ് മന്ത്രിയുടെ അഭിപ്രായം. തിരുവനന്തപുരം ലുലു മാളിലെ പിവിആറില്‍ ചിത്രം കണ്ട ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
'തുടക്കം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. നല്ല അഭിനയം, നല്ല സംവിധാനം, കഥ, തിരക്കഥ ഒക്കെ നന്നായിട്ടുണ്ട്. ഒരു വെറൈറ്റി ചിത്രം. ആസിഫ് അലിയും വിജയരാഘവനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാവരും നന്നായിട്ടുണ്ട്. ഒന്നിനൊന്ന് മെച്ചം.' -മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ ചിത്രം അയാളുടെ കരിയറിലെ ഏറ്റവും നിർണായകമായ ഘട്ടമെന്ന് സംവിധായകൻ ദിൻജിത്ത് അയ്യത്താന്‍ നേരത്തെ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു.
'തന്‍റെ ആദ്യ ചിത്രമായ 'കക്ഷി അമ്മിണിപിള്ള' ആസിഫ് അലിയുടെ കരിയറിൽ നിർണായകമായ ഒരു ചിത്രമായിരുന്നു. അതുവരെ കോളേജ് കുമാരനായും കാമുകനായും പയ്യൻ കഥാപാത്രവുമായി നിറഞ്ഞു നിന്ന ആസിഫ് അലിയുടെ മികച്ച ഒരു ട്രാൻസ്‌ഫോമേഷൻ ആയിരുന്നു 'കക്ഷി അമ്മിണിപ്പിള്ള'. പക്വതയുള്ള കഥാപാത്രങ്ങൾ തനിക്ക് വഴങ്ങുമെന്ന് ആസിഫ് അലി മലയാളി പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചു. ആ സിനിമയിലൂടെ ആസിഫ് അലി എന്ന നടനെ ഞാൻ തിരിച്ചറിയുകയായിരുന്നു.' -ദിൻജിത്ത് അയ്യത്താന്‍ പറഞ്ഞു.
എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ വളരെ കോംപ്ലിക്കേറ്റഡ് ആയുള്ള തിരക്കഥയാണ് ഈ ചിത്രമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ആസിഫ് അലിയോട് കഥ പറഞ്ഞ് ഇഷ്‌ടപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ പ്രൊഡക്ഷന്‍റെ കാര്യങ്ങളെല്ലാം സംഭവിച്ചെന്നും ഗുഡ് വിൽ എന്‍റർടെയിന്‍മെന്‍റ്‌സ് ചിത്രം ഏറ്റെടുത്തതോടെ പിന്നീട് പ്രോജക്‌ടിന്‍റെ കാര്യങ്ങളെല്ലാം സുഗമമായി നടന്നുവെന്നും സംവിധായകന്‍ ദിൻജിത്ത് അയ്യത്താന്‍ പറഞ്ഞു.
അപർണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ ആസിഫിന്‍റെ നായികയായി എത്തിയത്. വിജയരാഘവൻ, ജഗദീഷ്, മേജർ രവി, അശോകൻ, നിഷാൻ, വൈഷ്‌ണവി രാജ്, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, നിഴൽകൾ രവി, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.