എറണാകുളം: 'ജാൻ എ മൻ' എന്ന ചിത്രം പുറത്തിറങ്ങുമ്പോൾ ഒരിക്കലും പ്രേക്ഷകർ ചിദംബരം മലയാള സിനിമയുടെ വിലപിടിപ്പുള്ള ഒരു സംവിധായകനായി മാറുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ബാലതാരമായി മലയാള സിനിമയിലെത്തിയ ഗണപതി എന്ന സഹോദരന്‍റെ നിഴലിലും ഗണപതി മലയാള സിനിമയിൽ സൃഷ്‌ടിച്ചെടുത്ത സൗഹൃദ ബന്ധങ്ങളുടെ പിൻബലത്തിലും ഗണപതിയുടെ ചേട്ടനായ ചിദംബരം ഒരു സിനിമ സംവിധാനം ചെയ്‌തു. 'ജാൻ എ മൻ' എന്ന ചിത്രത്തെക്കുറിച്ചും സംവിധായകനെക്കുറിച്ചും ഒരു ശരാശരി പ്രേക്ഷകന്‍റെ കാഴ്‌ചപ്പാട് ഇപ്രകാരമായിരുന്നു.
മാത്രമല്ല ചിത്രത്തിന്‍റെ കോ റൈറ്റർ ഗണപതി കൂടിയായതോടെ കൂടുതലൊന്നും മലയാളിക്ക് ചിന്തിച്ചു കൂട്ടേണ്ടതായി വന്നില്ല. ഗണപതിയെയും ചിദംബരത്തെയും അറിയാവുന്നവർക്ക് അവരുടെ പിതാവായ സതീഷ് പൊതുവാളിനെ കുറിച്ചും ധാരണ ഉണ്ടാകും. മേഘസന്ദേശം, ദീപസ്‌തംഭം മഹാശ്ചര്യം തുടങ്ങി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ നടനും സംവിധായകനും കൂടിയായ സതീഷ് പൊതുവാൾ മൂത്ത മകനെ എന്തുവിലകൊടുത്തും സംവിധായകനാക്കാൻ പിന്നാമ്പുറ ചരട് വലി നടത്തിയെന്നും കരുതിയവർ ഉണ്ടാകാം.
ഒരു സംവിധായകനാകാൻ കച്ചയും മുറുക്കി ഇൻഡസ്ട്രിയിലേക്ക് കാലെടുത്തുവച്ച ചിദംബരം എന്ന പ്രതിഭയ്ക്ക് നൂറിൽ നൂറ് മാർക്ക് പ്രേക്ഷകർ ഇട്ടത് മഞ്ഞുമ്മൽ ബോയ്‌സിന്‍റെ വലിയ വിജയത്തിന് ശേഷമാണ്. മഞ്ഞുമ്മൽ ബോയ്‌സിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടയിൽ മറ്റൊരു ചിത്രത്തിന്‍റെ പ്രചാരണാർഥം ഒരു എഫ്‌എം റേഡിയോ സ്റ്റേഷനിൽ ഇന്‍റർവ്യൂ നൽകുകയായിരുന്ന സംഗീത സംവിധായകൻ മഞ്ഞുമ്മൽ ബോയ്‌സിനെ കുറിച്ച് ഒരു പരാമർശം നടത്തി.
മഞ്ഞുമ്മൽ ബോയ്‌സ് മലയാളത്തിന്‍റെ സീൻ മാറ്റും. തനി കൊച്ചി സ്ലാങ് പ്രയോഗത്തിന് കേട്ടവർ ആരും ചെവി കൊടുത്തതുമില്ല. 350 സ്ക്രീനുകൾ ഉള്ള കേരളത്തിൽ വർഷങ്ങൾക്കുശേഷം ഒരു സിനിമയുടെ ടിക്കറ്റിന് ലഭ്യത കുറവ് വരുന്നത് നാലാം ദിനം മുതൽ മലയാളം സിനിമ ഇൻഡസ്ട്രി സാക്ഷിയായി. മലയാള സിനിമയെ അമ്പരപ്പിച്ചത് തമിഴ്‌നാട്ടിൽ ചിത്രത്തിന് കിട്ടിയ വലിയ സ്വീകാര്യതയായിരുന്നു. പ്രേമത്തിനുശേഷം ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ ആഘോഷമാകുന്നു.
മെയിൻ സെന്‍ററുകളിൽ മാത്രം റിലീസ് എത്തിയിരുന്ന മലയാള സിനിമ തമിഴ്‌നാടിന്‍റെ ഉൾഗ്രാമങ്ങളിലേക്ക് ഓരോ ദിവസവും ഓരോ സ്ക്രീനുകൾ കയ്യടക്കി മുന്നേറി. ചിത്രത്തിൽ ഉപയോഗിച്ച 'കണ്മണി അൻപോട് കാതലൻ' എന്ന ഗുണയിലെ ഗാനം ഹിറ്റ് ചാർട്ടുകളിൽ വീണ്ടും ഇടംപിടിച്ചു. സാക്ഷാൽ കമൽ ഹാസൻ വരെ ചിദംബരം അടക്കമുള്ള ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരെ നേരിൽ വിളിച്ച് കണ്ട് അഭിനന്ദിച്ചു. ഉദയനിധി സ്റ്റാലിൻ, രജനീകാന്ത് തുടങ്ങി കശ്‌മീർ മുതൽ കന്യാകുമാരി വരെയുള്ള സിനിമാലജന്‍റുകൾ ചിദംബരത്തിന് അഭിനന്ദന പ്രവാഹവുമായി എത്തി.
ചിദംബരം സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം ഏതെന്ന ചോദ്യം മലയാളത്തിലും തമിഴിലും ഒരുപോലെ ഉയർന്നു കേട്ടു. തമിഴിൽ നിന്ന് നിരവധി പ്രോജക്‌ടുകൾ ചിദംബരത്തെ സംവിധായകനായി ലഭിക്കാൻ സമീപിക്കുകയുണ്ടായി. പറഞ്ഞുവന്നത് സിനിമ പിൻബലം ഉണ്ടെങ്കിലും ചിദംബരം മലയാള സിനിമ വെട്ടിപ്പിടിച്ചത് സ്വന്തം അധ്വാനത്തിലാണ്. കൈവഴക്കമുള്ള കലാകാരൻ തന്നെയാണ് ചുവരെഴുത്തിന് ചായവും ഏന്തി വന്നത് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു.
കുട്ടിക്കാലം മുതൽക്ക് തന്നെ അച്ഛൻ സിനിമ പാഠങ്ങൾ തന്‍റെ രണ്ടു മക്കൾക്കും ചൊല്ലി കൊടുക്കുമായിരുന്നു. അക്കാലത്ത് തിരക്കുള്ള സഹ സംവിധായകനായിരുന്നു സതീഷ് പൊതുവാൾ. തനിക്കൊപ്പം ജോലി ചെയ്‌തിട്ടുള്ള പല വലിയ സംവിധായകരും വീട്ടിലെ നിത്യ സന്ദർശകർ ആയിരുന്നു. അവരുമായി ഒക്കെ വളരെ ചെറിയ പ്രായത്തിലെ ഇടപെടാൻ ചിദംബരത്തിനും ഗണപതിക്കും അച്ഛൻ സതീഷ് പൊതുവാൾ അവസരം ഒരുക്കി.
തിരക്കഥകൾ വായിക്കാൻ നല്‍കി. സിനിമയെക്കുറിച്ച് ചർച്ചകൾ നടത്തി, ലൊക്കേഷനിൽ ഒപ്പം കൊണ്ടുപോയി. മുമ്പൊരിക്കല്‍ ചിദംബരത്തെക്കുറിച്ച് സതീഷ് പൊതുവാൾ മറ്റൊരു മാധ്യമത്തിന് നൽകിയ ഇന്‍റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ഓർത്തെടുക്കുന്നു. 'ഒരിക്കൽ ലൊക്കേഷനിൽ ചിദംബരത്തെ ഒപ്പം കൊണ്ടുപോയപ്പോൾ, ചിത്രീകരണ സമയത്ത് ആദ്യ ടേക്ക് ഒക്കെ ആകാതെ വന്നപ്പോൾ ടേക്ക് ടു പോകാമെന്ന് സംവിധായകൻ പറയുന്നത് കേട്ട് എന്താ അച്ഛാ ഈ ടേക് ടു?' എന്ന് ചോദിക്കുകയുണ്ടായി.
അത് അവന് പറഞ്ഞ് മനസിലാക്കി കൊടുത്ത് സംശയ ദൂരീകരണം നടത്തി. സതീഷ് പൊതുവാൾ വർക്ക് ചെയ്‌തിട്ടുള്ള എല്ലാ ലൊക്കേഷനിലും രണ്ടു മക്കളെയും ഒപ്പം കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. മാത്രമല്ല സിനിമകളിൽ ചിലപ്പോൾ ഡബ്ബ് ചെയ്യുന്ന സമയത്ത് കുട്ടികളുടെ ശബ്‌ദം പൂച്ചയുടെ ശബ്‌ദം ഒക്കെ ആവശ്യമായി വരുമ്പോൾ ചിദംബരത്തെയും ഗണപതിയും കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിട്ടുമുണ്ട്.
സിനിമയിൽ ജനിച്ചു വളർന്ന മക്കൾ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ എന്നാണ് സതീഷ് പൊതുവാൾ അഭിമാനത്തോടുകൂടി തന്‍റെ മക്കളെ കുറിച്ച് സംസാരിക്കുന്നത്. സിനിമയിൽ ആദ്യം അവസരം ലഭിക്കുന്നത് ഗണപതിക്കാണ്. കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ ഗണപതി മലയാളികൾക്ക് തിരിച്ചറിയപ്പെടാവുന്ന താരമായി. വിനോദയാത്ര എന്ന ചിത്രത്തിലെ ഗണപതിയുടെ ഡയലോഗുകൾ ഇപ്പോഴും ട്രെൻഡ് ആണ്.
ക്യാമറക്ക് മുന്നിൽ പ്രവർത്തിക്കാൻ ചിദംബരത്തിന് ഒട്ടും താത്പര്യമില്ലായിരുന്നു. ക്യാമറയ്ക്ക് പിന്നിലായിരുന്നു അയാൾക്ക് ഭ്രമം. മക്കളുടെ താത്‌പര്യപ്രകാരമാണ് അച്ഛൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിപ്പിക്കുന്നത്. ശേഷം അച്ഛന്‍റെ തന്നെ സഹായത്തോടെ ചിദംബരം മലയാളത്തിലെ വിഖ്യാത സംവിധായകൻ ജയരാജിന്‍റെ സംവിധാന സഹായിയായി. ജയരാജിന്‍റെ സഹ സംവിധായകനായിരുന്നു സതീഷ് പൊതുവാൾ.
പുതിയൊരു ചിത്രം തുടങ്ങുന്ന സമയത്ത് ജയരാജ് അദ്ദേഹത്തെ ചിത്രത്തിൽ സഹകരിക്കാനായി ക്ഷണിച്ചപ്പോൾ തനിക്ക് പകരം തന്‍റെ മകനെ കൂടെ നിർത്താമോ എന്ന ചോദ്യത്തിന് ജയരാജ് മുഖം ചുളിച്ചില്ല. ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രഹകരിൽ ഒരാളായ കെയു മോഹന്‍റെ കൂടെ നിരവധി ചിത്രങ്ങളിൽ ക്യാമറ സഹായിയായും ചിദംബരം പ്രവർത്തിച്ചിട്ടുണ്ട്.
വിഖ്യാത ടെക്‌നീഷ്യൻസിന്‍റെ കൂടെ ചിദംബരം വർക്ക് ചെയ്‌തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണവും വായനാശീലവുമാണ് അയാളെ മികച്ചൊരു സംവിധായകനാക്കി മാറ്റിയതെന്നാണ് സതീഷ് പൊതുവാൾ മകനെ കുറിച്ച് പറഞ്ഞുവച്ചത്. മക്കളിൽ മികച്ച വായനാശീലം വളർത്തുന്നതിന് ജോലി ചെയ്‌ത് ലഭിക്കുന്ന തുകയിൽ നിന്നും ഒരു ഭാഗം കാശ് മദ്യത്തിന് ചിലവാക്കിയിട്ടുണ്ടെങ്കിലും ഒരു ഭാഗം കാശ് പുസ്‌തകങ്ങൾ വാങ്ങി കൂട്ടുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ലോകോത്തരമായ പുസ്‌തകങ്ങൾ തന്‍റെ മക്കൾക്ക് വായിക്കാൻ സാധിച്ചു. ചെറുപ്രായത്തിൽ സാഹിത്യത്തിൽ ആഴത്തിലുള്ള അറിവ് നേടാൻ ചിദംബരത്തിനും ഗണപതിക്കും ആയിട്ടുണ്ട്. സതീഷ് പൊതുവാളിന്‍റെ അഭിപ്രായപ്രകാരം ഒരു ടെക്‌നീഷ്യനായി മകന്‍റെ ആദ്യ ചിത്രത്തെ വീക്ഷിക്കുമ്പോൾ അയാൾ ഒരു പുതിയ സംവിധായകനാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല മനുഷ്യന്‍റെ വികാരങ്ങളെ കൃത്യമായി അയാൾക്ക് ജഡ്‌ജ് ചെയ്യാൻ സാധിച്ചിട്ടുണ്ട്.
പൊതുവേ പറയുന്ന പ്രകാരം സിനിമ പാരമ്പര്യമുള്ള ഒരു വ്യക്തിക്ക് ഇൻഡസ്ട്രിയിൽ ആദ്യചിത്രം എത്തിപ്പിടിക്കാം. പക്ഷേ തുടർന്നുള്ള ചിത്രങ്ങളിലൂടെ അയാളിലെ കലാകാരനെ ജനങ്ങൾക്ക് തിരിച്ചറിയാനാകും. അയാളുടെ സൃഷ്‌ടികൾ കാണണോ വേണ്ടയോ എന്ന് തീരുമാനമെടുക്കും. ചിദംബരത്തിന്‍റെ കാര്യത്തിൽ മലയാളിക്കിനി യാതൊരു സംശയവുമില്ല. ഇന്ത്യൻ സിനിമയ്ക്ക് ധാരാളം സംഭാവനകൾ ചെയ്യാൻ അയാൾക്കാകും.
ബോളിവുഡ് നിർമാണ കമ്പനിയായ ഫാന്‍റം സ്റ്റുഡിയോസ് തങ്ങളുടെ ഒരു പ്രോജക്‌ട് ചിദംബരം സംവിധാനം ചെയ്യാൻ പോകുന്നതായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ താൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് പ്രസ്‌തുത നിർമ്മാണ കമ്പനിയുടെ ഹിന്ദി ചിത്രമല്ല എന്നാണ് ചിദംബരം ഇടിവി ഭാരതിനോട് പ്രതികരിച്ചത്.
ഹിന്ദി ചിത്രത്തിന്‍റെ ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ. കാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മൈത്രി പ്രോഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് തന്‍റെ അടുത്ത സംവിധാന സംരംഭം. അപ്ഡേറ്റുകൾ വഴിയെ അറിയിക്കാം. ചിദംബരത്തിന്‍റെ മറുപടി.