മണികണ്‌ഠൻ ആചാരി, 'ഒതളങ്ങ തുരുത്ത്' എന്ന സീരീസിലൂടെ മലയാളികൾക്ക് സുപരിചിതനായ മൃദുൽ മുകേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജുബിൻ ജെയിംസ് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് 'മുക്കോൻ'. 2018 ൽ കേരളം നേരിട്ട വെള്ളപ്പൊക്കത്തെ ആസ്‌പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് ഈ ചിത്രം പകർത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
2018 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ റിയൽ ഹീറോകളായി മാറിയ മത്സ്യത്തൊഴിലാളികളുടെ യഥാർഥ പ്രശ്‌നങ്ങൾ തുറന്ന് കാണിക്കുന്നതാണ് 'മുക്കോൻ' എന്ന ഈ ഹ്രസ്വചിത്രം. പ്രളയകാലത്ത് കേരളത്തിന്‍റെ രക്ഷകരായവരുടെ പിന്നീടുള്ള ജീവിതസാഹചര്യം അന്വേഷിക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ലെന്നും അവരുടെ കണ്ണീരും പട്ടിണിയും കാണാൻ ഇതുവരെ ഒരു സർക്കാർ സംവിധാനങ്ങൾക്കും കഴിഞ്ഞിട്ടുമില്ലെന്നും ചിത്രത്തിൽ പറയുന്നു.
മത്സ്യ തൊഴിലാളികളുടെ ജീവിതം വ്യക്തമായി തുറന്നു കാണിക്കുന്ന 'മുക്കോൻ' സിനിമാ നിലവാരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ ഹ്രസ്വചിത്രം സൈനയുടെ യൂട്യൂബ് ചാനലിലൂടെ ഉടൻ പുറത്തു വരും. ചിത്രത്തിന്‍റെ ട്രെയിലർ ഇതിനോടകം റിലീസ് ആയി കഴിഞ്ഞു. അമ്പരപ്പിക്കുന്ന ദൃശ്യ വിസ്‌മയം തീർത്ത ട്രെയിലർ ശ്രദ്ധയാകർഷിക്കുകയാണ്.
തിരുവനന്തപുരം, പെരുമാതുറ ഭാഗങ്ങളിൽ ആയിരുന്നു 'മുക്കോന്‍റെ' ചിത്രീകരണം. കൃത്യമായി നീന്തൽ അറിയാഞ്ഞിട്ടും മൂന്ന് ദിവസത്തോളം ആണ് മണികണ്‌ഠൻ ആചാരി ഉൾക്കടലിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള സീനുകൾ ചിത്രീകരിക്കാൻ തയ്യാറായതെന്ന് അണിയറക്കാർ പറയുന്നു. ഉൾക്കടലിൽ ചിത്രീകരണത്തിനിടെ മണികണ്‌ഠൻ ആചാരി തുഴഞ്ഞ തോണി തിരയിലുലഞ്ഞ് അപകടമുണ്ടായിരുന്നു.
കാറ്റും കോളും നിറഞ്ഞ ഉൾക്കടലിന്‍റെ ഭംഗിയും രൗദ്ര മുഖവും ഷോർട്ട് ഫിലിമിൽ കൃത്യമായി വരച്ചു കാട്ടിയിട്ടുണ്ട്. കടലിൽ ഇതുവരെ ഇറങ്ങിയിട്ടില്ലാത്ത മണികണ്‌ഠൻ ആചാരിയെ കടലിനടിയിൽ വരെ കൊണ്ടുപോയി രംഗങ്ങൾ ചിത്രീകരിച്ചു. മികച്ച സഹകരണമാണ് മണികണ്‌ഠൻ ആചാരിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സംവിധായകൻ ജുബിൻ ജെയിംസ് ഇടിവി ഭാരതിനോട് പ്രതികരിച്ചു.
കടലിനടിയിൽ ചിത്രീകരിക്കുമ്പോൾ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളാണ് അണിയറ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജുബിൻ ജൂസ ആണ് വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ ഹ്രസ്വചിത്രത്തിന്‍റെ നിർമാണം. റോണി ചെറിയാൻ എബ്രഹാം ആണ് ദൃശ്യങ്ങൾ ഒപ്പിയെടുത്തത്. അരുൺ ദാസാണ് എഡിറ്റിങ്. സാംസൺ സിൽവയാണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്. ഇന്ദ്രൻ എം ആണ് കലാസംവിധാനം. വിഎഫ്‌എക്‌സ് - പ്ലേകാർട്ട് എന്‍റർടെയിന്‍മെന്‍റ്സ്.