കൊരട്ടല ശിവയുടെ സംവിധാനത്തിൽ ജൂനിയർ എൻടിആർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'ദേവര' (Jr NTR starrer Devara). ഓസ്‌കറിൽ തിളങ്ങിയ 'ആർആർആർ' സിനിമയ്‌ക്ക് ശേഷം ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'ദേവര'യുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ ഒന്നാം ഭാഗം ഈ വർഷം ഒക്‌ടോബര്‍ 10ന് തിയേറ്ററുകളിലെത്തും (Devara Part 1 to release on October 10, 2024). മാസ് ലുക്കില്‍ എന്‍ടിആര്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി പുറത്തുവിട്ടത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ പോസ്റ്ററും ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.
എന്‍ടിആര്‍ ആര്‍ട്‌സും യുവസുധ ആര്‍ട്‌സും ചേര്‍ന്നാണ് 'ദേവര'യുടെ നിർമാണം. കൊരട്ടല ശിവയും എൻടിആറും 'ജനതാഗാരേജി'ന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതുമുണ്ട് 'ദേവര'യ്‌ക്ക്. ബോളിവുഡ് താരമായ ജാൻവി കപൂറാണ് ഈ ചിത്രത്തിലെ നായിക. ജാൻവി കപൂറിന്‍റെ ആദ്യ തെലുഗു ചിത്രം കൂടിയാണിത്.
ബോളിവുഡിൽ നിന്നും സെയ്‌ഫ് അലി ഖാനും 'ദേവര'യിലുണ്ട്. പ്രതിനായകനായാണ് സെയ്‌ഫ് അലി ഖാൻ ഈ ചിത്രത്തിൽ വേഷമിടുക. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങിയവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. നന്ദമുരി കല്യാണ്‍ റാം ആണ് 'ദേവര' പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ഗ്ലിംപ്‌സ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ വൈറലായി മാറി. കടലും കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വീഡിയോ അത്യുഗ്രൻ ആക്ഷൻ സ്വീക്വൻസുകളാലും സമ്പന്നമാകും 'ദേവര' എന്ന സൂചനയും നൽകുന്നതായിരുന്നു. പ്രത്യേക ആകൃതിയിലുള്ള ആയുധവുമേന്തി, മാസ് ലുക്കിലാണ് ജൂനിയർ എൻടിആർ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
ALSO READ: ഇത് അവന്‍റെ ചെങ്കടൽ; തരംഗമായി 'ദേവര' ഗ്ലിംപ്‌സ്, യൂട്യൂബിൽ രണ്ടുകോടിയിലേറെ കാഴ്‌ചക്കാർ
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന 'ദേവര' തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാകും റിലീസ് ചെയ്യുകയെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് 'ദേവര'യ്‌ക്ക് സംഗീതം പകരുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ രത്നവേലു ഐഎസ്‌സി ആണ്. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും സാബു സിറിൾ പ്രൊഡക്ഷന്‍ ഡിസൈനും നിർവഹിക്കുന്നു. പിആര്‍ഒ : ആതിര ദില്‍ജിത്ത്.