മലയാള സംഗീതലോകത്ത് പുതിയൊരു ശൈലി തന്നെ സൃഷ്‌ടിച്ച, വേറിട്ട ശബ്‌ദംകൊണ്ട് ശ്രോതാക്കളെ ഹരംകൊള്ളിച്ച സംഗീത സംവിധായകനും ഗായകനുമാണ് ജാസി ഗിഫ്‌റ്റ്. ഈ കലാകാരൻ ആഘോഷിക്കപ്പെട്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. 'എന്താണ് ഇപ്പോൾ കാണാൻ ഇല്ലല്ലോ?' എന്ന ചോദ്യമാണ് ഇപ്പോൾ താൻ സ്ഥിരമായി കേൾക്കുന്നതെന്ന് ജാസി ഗിഫ്റ്റ് പറയുന്നു, ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ തുറന്നുപറച്ചൽ.
അത്തരം ചോദ്യം ഒരുപക്ഷെ ഒരു കലാകാരന്‍റെ വിജയമാകാം. ഒരു സംഗീത സംവിധായകന്‍റെ ഐഡന്‍റിറ്റി ഇല്ലാതെ ഗാനങ്ങൾ ജനപ്രിയമാകുക എന്നത് ചെറിയ കാര്യമല്ല. മലയാളത്തിൽ തുടർച്ചയായി ഞാൻ സിനിമകൾക്ക് സംഗീതം നൽകുകയും ആലപിക്കുകയും ചെയ്‌തിട്ടുണ്ട്. ഒരേ സ്വഭാവമുള്ള, ടൈപ്പ് ചെയ്യപ്പെടുന്ന കലാകാരൻ ആകാൻ ആഗ്രഹിക്കാത്തതുകൊണ്ടും വ്യത്യസ്‌ത സൃഷ്‌ടികൾക്ക് ജന്മം നൽകിയത് കൊണ്ടും പഴയ ജാസി ഗിഫ്റ്റിനെ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് എവിടെയോ ഒരു മിസിങ് തോന്നിക്കാണും.
മാത്രമല്ല, ഒരു സിനിമ സംഗീത സംവിധായകൻ എന്ന നിലയിൽ ഒരാൾ വെള്ളിവെളിച്ചത്തിൽ ശ്രദ്ധേയമായി തുടരണമെങ്കിൽ സിനിമകളുടെ വിജയം പ്രധാന ഘടകം തന്നെയാണ്. ഇടവേളകളില്ലാതെ ഇക്കാലമത്രയും പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപാട് ഗാനങ്ങൾ ചെയ്യാൻ സാധിച്ചു. ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുന്നുണ്ടെങ്കിലും സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. ജനങ്ങൾക്ക് ജാസി ഗിഫ്റ്റിനെ മിസ് ചെയ്‌തിട്ടുണ്ടെങ്കിൽ അതും ഒരു കാരണമാകാം.
സിനിമകൾ കൂടി വിജയിക്കാതെ സംഗീതത്തിൽ എന്ത് അത്ഭുതം സൃഷ്‌ടിച്ചാലും ഒരു പ്രയോജനവും ഇല്ല. സംഗീത സംവിധായകനാകാനുള്ള യാത്രയിൽ ധാരാളം റെഫെറൻസുകൾ എടുക്കാറുണ്ട്. എന്നാൽ ആ പ്രവർത്തി കലാകാരന് ഊർജം പകരാനുള്ള ഘടകം മാത്രമാണ്. റെഫറൻസ് എടുക്കുന്ന ഗാനങ്ങളെ അപ്പാടെ കോപ്പി ചെയ്യുന്നതിനോട് വിയോജിപ്പാണ്. സംഗീതജ്ഞൻ ഖാലിദിന്‍റെ ദീദി, ഹിഷാം അബ്ബാസിന്‍റെ നാരി നാരി തുടങ്ങിയ ഗാനങ്ങൾ കേൾക്കുമ്പോൾ അതുപോലെ ഒക്കെ ചെയ്യണമെന്ന് ഊർജം കൊണ്ടിട്ടുണ്ട്.
എന്‍റെ ഗാനങ്ങൾ അതുവരെ കേട്ട മലയാള ഗാനങ്ങളിൽ നിന്നും വ്യത്യസ്‌തമായതിനാലാണ് അക്കാലത്ത് പെട്ടന്ന് ഒരു സ്വീകാര്യത ലഭിച്ചത്. നമ്മുടെ മാത്രം ചിന്താഗതിയിൽ ഗാനങ്ങൾ ഒരുക്കാൻ ആരംഭിച്ചാൽ ഒരു വട്ടത്തിനുള്ളിൽ കിടന്ന് ചുറ്റേണ്ടതായി വരും. സംഗീതത്തിന്‍റെ കാര്യത്തിൽ വ്യത്യസ്‌തമായ കാഴ്‌ചപ്പാടിലേക്ക് നയിക്കാൻ ഞാൻ വർക്ക് ചെയ്‌ത സിനിമയുടെ സംവിധായകർ പലപ്പോഴും സഹായിച്ചിട്ടുണ്ട്.
ജയരാജ് അടക്കമുള്ള പല സംവിധായകരും മ്യൂസിക് കമ്പോസിഷൻ സമയത്ത് ഒപ്പമിരുന്ന് നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കും. നല്ല ഗാനങ്ങൾ പിറവി എടുക്കുന്നതിന് അത് സഹായിക്കും. ചിലരൊക്കെ റഫറൻസ് ഗാനങ്ങളുമായിട്ടാകും വരുക. ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണത്. റഫറൻസ് ഗാനത്തിന്‍റെ ഛായ തോന്നുവാനും പാടില്ല പുതിയതൊന്ന് സൃഷ്‌ടിക്കുകയും വേണം. സിനിമാഗാനങ്ങൾ ആയതുകൊണ്ട് തന്നെ ഒരുപാട് സമയം എടുക്കാനും പറ്റുകയില്ല.
സംഗീതം നൽകിയതും പാടിയതുമായ ഗാനങ്ങളൊക്കെയും പ്രിയപ്പെട്ടതാണ്. എങ്കിലും എപ്പോഴും മൂളി കൊണ്ട് നടക്കുന്നത് 'ബൽറാം വേഴ്‌സസ് താരാദാസ്' എന്ന ചിത്രത്തിലെ 'മത്താപ്പൂവേ' എന്ന ഗാനത്തിന്‍റെ ഒരു ഭാഗമാണ്. 'വാനിന്‍റെ പന്തൽ ഒരുങ്ങി, സദിരിന്‍റെ സദസൊരുങ്ങി' എന്ന വരികൾ എപ്പോഴും മൂളിക്കൊണ്ട് നടക്കും. പഴയ മലയാളം ഗാനങ്ങൾ ഇപ്പോൾ പുതിയ പല ചിത്രങ്ങളിലും റി-യൂസ് ചെയ്യുന്നുണ്ട്. അത്തരത്തിൽ എനിക്ക് റീമാസ്റ്റർ ചെയ്യാൻ താത്പര്യമുള്ള ചില ഗാനങ്ങൾ ഉണ്ട്.
ശ്രീകുമാരൻ തമ്പിയുടെ 'സിംഹാസനം' എന്ന ചിത്രത്തിലെ അദ്ദേഹം തന്നെ എഴുതിയ 'കാവാലം ചുണ്ടൻ വള്ളം അണിഞ്ഞൊരുങ്ങി' എന്ന് തുടങ്ങുന്ന ഗാനം റീവർക്ക് ചെയ്യണമെന്നുണ്ട്. അതുമാത്രമല്ല വേരെയും നിരവധി ഗാനങ്ങൾ എന്‍റെ ലിസ്റ്റിലുണ്ട്. ഗംഗയമരൻ ഒരുക്കിയ 'എൻ മാനസം എന്നും നിന്‍റെ ആലയം', 'താരാട്ട്' എന്ന ചിത്രത്തിലെ രവീന്ദ്രൻ മാഷ് ഒരുക്കിയ 'പൂവിനുള്ളിൽ പൂ വിരിയും' തുടങ്ങി ലിസ്റ്റ് ഒരുപാട് നീളും.
അഭിമുഖം അവസാനിച്ച് പുറത്തേക്കിറങ്ങുമ്പോൾ ജാസി ഗിഫ്റ്റ് സന്തോഷത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്- എന്‍റെ ഏറെ പ്രിയപ്പെട്ട കുറെ ഗാനങ്ങൾ, അതേക്കുറിച്ച് ഓർത്തിട്ട് തന്നെ ഒരുപാട് നാളുകളായി, വീണ്ടും ഓർമപ്പെടുത്തിയതിന് നന്ദി!