എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന് ആദ്യം തീരുമാനിച്ചിട്ടാണ് 'ഇന്ത്യൻ 2' ഷങ്കർ സ്‌ക്രിപ്‌റ്റ് എഴുതിയതെന്ന് നടൻ കമൽ ഹാസൻ. ഇന്ത്യൻ 2 സിനിമ ഒരു സംവിധായകൻ എന്ന നിലയിൽ തന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമാണെന്ന് സംവിധായകൻ ഷങ്കറും സാക്ഷ്യപ്പെടുത്തി. റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2വിന്‍റെ പ്രചരണാർഥം കേരളത്തിൽ എത്തിയതായിരുന്നു ഇരുവരും. സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സിദ്ധാർഥും ഇവർക്കൊപ്പം പ്രൊമോഷനായി എത്തി.
ഇന്ത്യന്‍റെ ആദ്യഭാഗം ഒരുക്കുമ്പോൾ തോന്നിയ, പറഞ്ഞറിയിക്കാനാകാത്ത സന്തോഷം രണ്ടാം ഭാഗം ഒരുക്കുമ്പോഴും ഉണ്ടായിരുന്നുവെന്ന് ഷങ്കർ പറഞ്ഞു. 'സേനാപതി എന്ന കഥാപാത്രം എന്നെ സംബന്ധിച്ചിടത്തോളം എക്കാലവും ഒരു രോമാഞ്ചം ആണ്. തീർച്ചയായും 28 വർഷത്തിനുശേഷം തിയേറ്ററിൽ ഉലകനായകന്‍റെ അവതാരമായ സേനാപതിയെ കണ്ട് പ്രേക്ഷകരായ നിങ്ങൾക്കും എന്നിലുണ്ടായ അതേ രോമാഞ്ചം ഉണ്ടാകും.
28 വർഷത്തിന് ശേഷം കൃഷ്‌ണസ്വാമി എന്ന കഥാപാത്രത്തെയും വീണ്ടും തിയേറ്ററിൽ കാണുമ്പോൾ പ്രേക്ഷകർക്കുണ്ടാകുന്ന സന്തോഷം എനിക്ക് ഊഹിക്കാം. അതേ, നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രം. 28 വർഷത്തിന് ശേഷം അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ വീണ്ടും തിരശീലയിൽ കണ്ടപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് ഒരിക്കലും പറഞ്ഞറിയിക്കാൻ ആകില്ല.
അദ്ദേഹത്തിന്‍റെ മരണം ഉൾക്കൊള്ളാൻ ആകുന്നതല്ല. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച അഭിനേതാവാണ് നെടിമുടി വേണു' സംവിധായകൻ ഷങ്കർ പറഞ്ഞു നിർത്തി.
'എന്‍റെ പ്രിയപ്പെട്ട അഭിനേതാവ് നെടുമുടി വേണു ആണെന്ന് കേരളത്തിൽ വരുമ്പോൾ അന്യഭാഷ നടൻമാർ പറയുന്നതുപോലെ അല്ല ഞാൻ സംസാരിക്കുന്നത്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് നെടുമുടി വേണു', ഉലകനായകൻ കമൽ ഹാസന്‍റെ വാക്കുകൾ ഇങ്ങനെ. 'കേരളവും എന്‍റെ നാടാണ്. എന്നെ ഡിസൈൻ ചെയ്‌ത് ഒരു നടനാക്കുന്നതിൽ മലയാള സിനിമ വഹിച്ച പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ ഒരു സിനിമയുടെ പ്രചരണാർഥം ഇവിടുത്തെ സിനിമയെയും വ്യക്തികളെയും ഉയർത്തി പറയേണ്ട കാര്യം എനിക്കില്ല.
കമൽ ഹാസൻ മെയ്‌ഡ് ഇൻ കേരള എന്ന് പറഞ്ഞാൽ തെറ്റില്ല. ഞാൻ ഇവിടത്തുകാരൻ തന്നെയാണ്. നെടുമുടി വേണുവിന്‍റെ വിയോഗം വലിയ നഷ്‌ടമാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിൽ ഞാൻ നെടുമുടി വേണുവുമായി സംസാരിച്ചിരുന്നു. സുഖമില്ലാതെ കിടക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
അന്ന് ഞാൻ പറഞ്ഞത് സാരമില്ല ഭേദമാകട്ടെ സിനിമയുടെ വിജയ ആഘോഷ വേളയിൽ നമുക്കൊന്നിക്കാം എന്നാണ്. ഇപ്പോഴും ഇവിടെ, എന്‍റെ മനസിൽ എനിക്ക് അദ്ദേഹത്തെ കാണാം. സിനിമയിൽ അദ്ദേഹത്തിന്‍റെ കഥാപാത്രം ഒരുപാട് ഒന്നുമില്ലെങ്കിലും ആദ്യാവസാനം അദ്ദേഹത്തിന്‍റെ പ്രസൻസ് നമുക്ക് ഫീൽ ചെയ്യും. ഡബ്ബ് ചെയ്യുമ്പോഴൊക്കെ എനിക്ക് അങ്ങനെ തോന്നി. തീർച്ചയായും നിങ്ങൾ പ്രേക്ഷകർക്കും തിയേറ്ററിൽ എനിക്കുണ്ടായ അതേ അനുഭവം ഉണ്ടാകും. കമൽഹാസൻ പറഞ്ഞു.
'ഇന്ത്യൻ 2' സിനിമയുടെ തിരക്കഥ എഴുതി തുടങ്ങുന്നതിന് മുമ്പ് ആദ്യം ചെയ്‌ത കാര്യം എന്തൊക്കെ സിനിമയിൽ ഉൾക്കൊള്ളിക്കാൻ പാടില്ല എന്നതിനെ കുറിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കുക എന്നുള്ളതായിരുന്നു. അതിനുശേഷമാണ് പേനയും പേപ്പറും തമ്മിൽ ഉരസുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നിങ്ങളുടെ പ്രതീക്ഷകളും തമ്മിൽ കണ്ടുമുട്ടുന്ന ഒരു സംഗമസ്ഥലമായിരിക്കും തിയേറ്റർ. 'ഇന്ത്യൻ 2'വിന് എത്ര രൂപ ശമ്പളം കിട്ടി എന്നുള്ള ചോദ്യത്തിന് നിങ്ങളുടെ കയ്യടിയാണ് ഏറ്റവും വലിയ ശമ്പളം എന്നായിരുന്നു കമൽ ഹാസന്‍റെ മാസ് മറുപടി.
ALSO READ: പഴയ 'ദേവദൂതൻ' അല്ല, റിലീസിന് എത്തുക റീ എഡിറ്റ് ചെയ്‌ത വേർഷൻ